Sat. Sep 14th, 2024

ഹൈദരബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തിൽ മുസ്ലീം വോട്ടർമാരുടെ ബുർഖ അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ പോലീസ് കേസെടുത്തതിന് പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി മാധവി ലത. എഫ്ഐആറുകള്‍ തനിക്ക് മെഡലുകൾ പോലെയാണെന്നാണ് മാധവി ലത പറഞ്ഞത്.

“വോട്ട് ചെയ്യാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രിസൈഡിങ് ഓഫീസര്‍ പിടികൂടിയെന്ന വിവരം കിട്ടിയിരുന്നു. അവർ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല. എനിക്കെതിരെ അവര്‍ കേസെടുത്തു. എന്നാല്‍ അവർ മറ്റുള്ളവരോട് അങ്ങനെയല്ല. എഫ്ഐആറുകള്‍ മെഡലുകൾ പോലെയാണ് എനിക്ക് ലഭിക്കുന്നത്.”, മാധവി ലത പറഞ്ഞു.

അതേസമയം, പോളിങ് പുരോഗമിക്കവെ ബൂത്തിലെത്തിയ മാധവി ലത മുസ്ലീം വോട്ടർമാരുടെ മുഖാവരണം ഉയർത്തി പരിശോധന നടത്തിയതാണ് വിമർശനത്തിന് കാരണമായത്. ബൂത്ത് സന്ദർശിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസുകാരുടെയും സാന്നിധ്യത്തിലുള്ള മാധവി ലതയുടെ ചട്ടലംഘനം.

ബൂത്തിലെ വോട്ടർമാരുടെ തിരിച്ചറിയൽ രേഖ മാധവി ലത ചോദിച്ച് വാങ്ങുന്നതും മുഖാവരണം മാറ്റാൻ ആവശ്യപ്പെടുന്നതും ഫോട്ടോയും മുഖവും ഒന്നാണോയെന്ന് സംശയം പ്രകടിപ്പിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മുഖാവരണമില്ലാതെ വോട്ടർമാരുടെ തിരിച്ചറിയിൽ രേഖ പരിശോധിക്കാൻ സ്ഥാനാർത്ഥിയായ തനിക്ക് അവകാശമുണ്ടെന്നും വോട്ടർമാരോട് വളരെ വിനയത്തോടെ അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്നും മാധവി ലത നേരത്തെ പ്രതികരിച്ചിരുന്നു.

അതേസമയം, ഹൈദരബാദില്‍ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചതിന് മാധവി ലതക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിട്ടുണ്ട്.