Sat. Oct 12th, 2024

ജയ്പൂർ: രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഖനിയിൽ ജീവനക്കാർ കുടുങ്ങി. സ്ഥാപനത്തിലെ വിജിലൻസ് സംഘത്തിലെ 14 ജീവനക്കാരാണ് കുടുങ്ങിയത്. ലിഫ്റ്റ് തകർന്ന് ജീവനക്കാർ ഖനിയിൽ കുടുങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാത്രി നീം കാ താനെ ജില്ലയിലെ കോലിഹാൻ ഖനിയിലാണ് സംഭവം നടന്നത്.

ഖനിയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ചില ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 100 മീറ്ററോളം താഴ്ചയിലാണ് ആളുകൾ ഖനിയിൽ കുടുങ്ങി കിടക്കുന്നത്.

“അപകടം നടന്നയുടൻ രക്ഷാപ്രവർത്തകരുടെ സംഘം സംഭവസ്ഥലത്തെത്തി. ഇതുവരെ അപകടത്തിൽ ആരും മരിച്ചിട്ടില്ല.”, ജില്ലാ പോലീസ് സൂപ്രണ്ട് പ്രവീൺ നായിക് പറഞ്ഞു.

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഖനിയിൽ പരിശോധനക്കായാണ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയർ പൊട്ടി ഇവർ അപകടത്തിൽപ്പെടുകയായിരുന്നു.