Fri. Nov 22nd, 2024

മുംബൈ: ശക്തമായ മഴയിലും പൊടിക്കാറ്റിലും പരസ്യ ബോർഡ് തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മരണം 14 ആയി. സംഭവത്തിൽ 74 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ഘാട്കൂപ്പറിലെ പാന്ത്നഗറിലുള്ള പെട്രോൾ പമ്പിലാണ് അപകടമുണ്ടായത്.

നഗരത്തിലെ പെട്രോള്‍ പമ്പിന് സമീപത്തായി സ്ഥാപിച്ച 100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് തകര്‍ന്ന് വീണത്. പെട്രോള്‍ പമ്പിലുണ്ടായിരുന്ന കാറുകളുടെ മുകളിലേക്ക് ബോര്‍ഡിന്റെ ഇരുമ്പ് ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ ബോ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച​താ​ണെ​ന്നാ​ണ് റിപ്പോർട്ട് ചെയ്യുന്നത്.

കോര്‍പ്പറേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ അനധികൃതമായാണ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചതെന്ന് ബിഎംസി (ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) വ്യക്തമാക്കി. ഉടമ ഭവേഷ് ഭിഡെയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ മുംബൈ പോലീസ് കേസെടുത്തു. ഐപിസി 304, 338, 337, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ചികിത്സാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. മുംബൈയിലെ എല്ലാ പരസ്യ ബോർഡുകളും പരിശോധിക്കാൻ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിങ്കളാഴ്ച മും​ബൈയിൽ അ​പ്ര​തീ​ക്ഷി​ത​മാ​യി പൊ​ടി​ക്കാ​റ്റും മ​ഴ​യും ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. തുടർന്ന് നഗരത്തിൽ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ സര്‍വീസും വിമാനത്താവളത്തിലെ സേവനവും താൽക്കാലികമായി നിർത്തിവെച്ചിരുന്നു.