Sun. Dec 22nd, 2024

ബെംഗളുരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത് വിട്ട സംഭവത്തിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ചേതൻ, ലിഖിത് ഗൗഡ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രജ്വൽ രേവണ്ണയ്ക്കെതിരായ പരാതികൾ അന്വേഷിക്കുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രജ്വൽ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചത്. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26 നായിരുന്നു ഹാസനിലും തിരഞ്ഞെടുപ്പ് നടന്നത്. അശ്ലീല വീഡിയോകൾ പ്രചരിച്ചതോടെ വൻ വിവാദമുയർന്നു.

അതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസുമായി ബന്ധപ്പെട്ട് പ്രജ്വലിന്റെ പിതാവ് എച്ച് ഡി രേവണ്ണയെ എസ് ഐ ടി കസ്റ്റഡിൽ എടുത്തു.

അതേസമയം, പ്രജ്വലും പിതാവ് രേവണ്ണയും പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കൂടുതൽ സ്ത്രീകൾ രംഗത്തുവന്നു. തുടർന്ന് പ്രജ്വലിനെ പാർട്ടിയിൽ നിന്നും ജെഡിഎസ് സസ്‌പെൻഡ് ചെയ്തിരുന്നു.