ബെംഗളുരു: കര്‍ണാടകയിലെ ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ കണക്കുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കൊപ്പം നല്‍കിയ ചിത്രങ്ങള്‍ക്കെതിരെ വിമർശനം.
ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ കണക്കുകള്‍ കാണിക്കുമ്പോള്‍ ഇന്ത്യൻ പതാകയും മുസ്ലിം ജനസംഖ്യ കണക്കുകള്‍ കാണിക്കുമ്പോള്‍ പാകിസ്താൻ പതാകയും കാണിച്ചതാണ് വിവാദത്തിന് കാരണം.
കോൺഗ്രസ് പാർട്ടി പ്രവർത്തകനായ വിജയ് തോട്ടത്തിലാണ് ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിന്റെ വർഗീയ വാർത്ത എക്‌സിൽ പങ്കുവെച്ചത്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ഇന്ത്യൻ മുസ്ലിങ്ങളെ പാകിസ്താൻ പതാകയുമായി കാണിക്കുന്നുവെന്ന് വിജയ് തോട്ടത്തിൽ എക്സിൽ കുറിച്ചു.
ഇന്ത്യൻ മുസ്ലിങ്ങളെ പാകിസ്താനികളായി ചിത്രീകരിക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നുവെന്നും ഇത് അതീവ ഗൗരവത്തോടെ കാണുകയും ചാനലിനെതിരെ കൃത്യമായ നടപടി സ്വീകരിക്കുകയും വേണമെന്ന് വിജയ് തോട്ടത്തിൽ കുറിച്ചു.
ചാനലിന്റെ സംഘപരിവാര്‍ വിധേയത്വമാണ് ഇതിലൂടെ തുറന്നുകാണിച്ചിരിക്കുന്നതെന്നും വിമര്‍ശനങ്ങൾ ഉയർന്നുവന്നു. ചാനലിന്റെ മുഖ്യ ഷെയറുകളും 2008 മുതൽ ബിജെപി രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലാണ്.
‘ഷെയർ ഓഫ് റിലീജിയസ് മൈനോറിറ്റീസ്: എ ക്രോസ് കൺട്രി അനാലിസിസ് (1950 – 2015)’ എന്ന തലക്കെട്ടോടുകൂടിയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതി പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്തെ മുസ്ലിം ജനസംഖ്യ കൂടിയെന്നും എന്നാൽ ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ റിപ്പോർട്ട് വിവാദത്തിനിടയാക്കി.