Wed. Dec 18th, 2024

രാത്രിയൊക്കെ ആ ബള്‍ബിന്റെ പ്രകാശം പോകുന്ന സ്ഥലങ്ങള്‍ ഉണ്ടല്ലോ ആ സ്ഥലങ്ങളിലൂടെ നടന്ന് പുലര്‍ച്ചയും രാത്രിയൊക്കെ പഠിക്കും. പിന്നെ അടുത്ത വീട്ടിലെ ടെറസിന്റെ മുകളില്‍ കയറി നിന്നും പഠിക്കും. ആ വീടിന്റെ മുമ്പില്‍ ഒരു സ്ട്രീറ്റ് ലൈറ്റുണ്ട്. അതിന്റെ വെളിച്ചത്തില്‍ പഠിക്കും

 

ജൂണിലേയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാകും പലരും. ഒരു മഴയെങ്കിലും പെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്ന വേനലാണ് കടന്നുപോകുന്നത്. വര്‍ഷ കാലത്തെ ആദ്യ മഴ, മണ്ണിന്റെ മണം, തണുപ്പില്‍ പുതച്ചുമൂടിയുള്ള ഉറക്കം… അങ്ങനെ ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ അനുസരിച്ച് മഴക്കാലത്തെ പലവിധത്തില്‍ കാല്‍പനികവല്‍ക്കരിച്ച് വെച്ചിട്ടുണ്ട് നമ്മള്‍. എന്നാല്‍ ഒരു മഴത്തുള്ളിയെ, കാറ്റിനെ, എന്തിനേറെ മഴക്കാറിനെ വരെ ഭയപ്പെട്ട് ജീവിക്കുന്ന ജീവിതങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്.

തരുണ്‍ ദുഡേജ സംവിധാനം ചെയ്ത ‘ധക് ധക്ക്’ സിനിമയില്‍ ഒരു രംഗമുണ്ട്. ലൊക്കേഷന്‍ ഹിമാലയമാണ്. മഞ്ഞും പര്‍വതങ്ങളും തണുപ്പും എല്ലാംകൊണ്ടും മനോഹരമായ കാഴ്ച. ഫാത്തിമ സന ഷെയ്ഖ് ചെയ്ത സ്‌കൈ എന്ന കഥാപാത്രം റോഡ് തൊഴിലാളികളുടെ വാഹനത്തില്‍ കയറി യാത്ര ചെയ്യുന്നു. തൊഴിലാളി പറയുകയാണ് ”ആറു മാസമായി ഞാനിവിടെ. വീട് മിസ്സ് ചെയ്യുമ്പോള്‍ ഞാന്‍ കിഴക്കോട്ട് നോക്കും”, സ്‌കൈ ചോദിക്കുന്നുണ്ട് പര്‍വതങ്ങളുടെ ഇടയില്‍ താമസിച്ചിട്ടും നിങ്ങള്‍ വീട് മിസ് ചെയ്യുന്നുണ്ടോ എന്ന്. അപ്പോള്‍ തൊഴിലാളി പറയുന്നത് ”റോഡ് പണി ചെയ്ത് ചെയ്ത് ഇപ്പോള്‍ എന്റെ കണ്ണുകളില്‍ നിറയെ പൊടിയാണ്. എനിക്കിപ്പോള്‍ പര്‍വതങ്ങള്‍ ഭംഗിയുള്ളതായി തോന്നുന്നില്ല” എന്ന്.

നിധിന്‍ ദാസ് screengrab, copyright: Facebook

ഇതുപോലെയാണ് തൃശൂര്‍ മണലൂര്‍ സ്വദേശിയായ നിധിന്‍ ദാസിന് മഴയും. മഴയെ പേടിയോടുകൂടി കാണുന്ന ജീവിതമാണ് 22 വര്‍ഷമായി നിധിന്റേത്. ടാര്‍പായ വലിച്ചുകെട്ടിയ വീടിനുള്ളിലാണ് മഴ പെയ്യുക. പാത്രങ്ങളില്‍ പിടിച്ചുവെച്ചാലും വെള്ളം നിറഞ്ഞൊഴുകും. ഏറെ പ്രിയപ്പെട്ട, ജീവിതമായ പുസ്തകങ്ങളും ഇങ്ങനെ മഴ കൊണ്ടുപോയി.

നാട്ടിക ശ്രീനാരായണ കോളേജിലെ മലയാളം പിജി വിദ്യാര്‍ത്ഥിയായ നിധിന്‍ ദാസ് വിദ്യാഭ്യാസ രംഗത്തെ മികവിന് ഇതുവരെ നേടിയത് 21 പുരസ്‌ക്കാരങ്ങളാണ്. മണലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബയോ സയന്‍സ് പഠിച്ച നിധിന്‍ ബിരുദത്തിന് തിരഞ്ഞെടുത്തത് മലയാളമാണ്. മലയാളം പഠിച്ചാല്‍ എന്ത് ജോലി കിട്ടാനാ എന്ന ചോദ്യങ്ങള്‍ നിധിനും നേരിടേണ്ടി വന്നു. അതിനുള്ള മറുപടി നല്‍കിയത് മികച്ച വിദ്യാര്‍ത്ഥിക്കുള്ള സംസ്ഥാന പുരസ്‌ക്കാരത്തിലൂടെയും 90.75 ശതമാനം മാര്‍ക്ക് നേട്ടത്തിലൂടെയുമാണ്.

”പ്ലസ്ടുവിന് പഠിക്കുമ്പോള്‍ എഴുതുമെങ്കിലും പിന്തുണക്കാന്‍ ആരും ഉണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ അഗ്രികള്‍ച്ചര്‍ ഫെസ്റ്റിന്റെ ഭാഗമായി 2020 ലാണ് ആദ്യമായി ഒരു മത്സരത്തില്‍ പങ്കെടുക്കുന്നത്. അന്ന് ആദ്യമായി കവിത എഴുതി സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി. അതിനുശേഷം 21 സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ ഞാന്‍ എന്റെ കോളേജിന് നേടിക്കൊടുത്തു. മികച്ച വിദ്യാര്‍ത്ഥിക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും കിട്ടി. സാമൂഹികമായും സാമ്പത്തികമായും ഒന്നും ഇല്ലായ്മയില്‍ നിന്നാണ് ഞാന്‍ വരുന്നത്. അതുകൊണ്ട് എന്നെ സംബന്ധിച്ച് ഈ പുരസ്‌ക്കാരങ്ങള്‍ എല്ലാം എനിക്ക് വളരെ വിലപ്പെട്ടതാണ്.

കോളേജ് ടോപ്പാര്‍ ആയിരുന്നു ഞാന്‍. 90.75 ശതമാനം മാര്‍ക്ക് ഉണ്ടായിരുന്നു. ട്യൂഷന്‍ എടുത്തും പ്രൈവറ്റ് കോളേജില്‍ പഠിപ്പിക്കാന്‍ പോയും ഒരു ലോക്കല്‍ ന്യൂസ് ചാനലില്‍ അവതാരകനായും പഠനത്തോടൊപ്പം പല പണികളും ചെയ്യുന്നുണ്ട്. വല്യ മെച്ചമൊന്നും ഇല്ല. 150 രൂപയും 200 രൂപയുമൊക്കെയാണ് കിട്ടുക. പക്ഷേ, എന്നെ സംബന്ധിച്ച് അത് വലിയൊരു തുകയാണ്. പല ആള്‍ക്കാര്‍ക്ക് മുന്നിലും തെളിയിച്ചു കൊടുക്കണം എന്ന വാശി ഉണ്ടായിരുന്നു. പൈസ ഇല്ലാത്തത് കൊണ്ട് അടുത്തുള്ള ആളുകളൊക്കെ പുച്ഛത്തോടെയാണ് കണ്ടിരുന്നത്. വാശിയോടെയാണ് അതിനെയൊക്കെ നേരിട്ടത്. ഇപ്പോള്‍ എന്റെ ഫോട്ടോ പത്രത്തിലൊക്കെ വരുമ്പോള്‍ അച്ഛനും അമ്മയ്ക്കും സന്തോഷമാണ്. പൈസ കൊണ്ടല്ലാതെ നേട്ടം കൊണ്ട് നമ്മുക്ക് ഉയര്‍ന്നു നില്‍ക്കാന്‍ പറ്റുമല്ലോ. മത്സരങ്ങള്‍ക്കൊക്കെ ഞാന്‍ തേടിപ്പിടിച്ച് പോകും. ആദ്യം പിന്തുണ കുറവായിരുന്നു. ഇപ്പോള്‍ ആളുകള്‍ എനിക്ക് മത്സരങ്ങള്‍ ഉണ്ടെങ്കില്‍ അയച്ചുതരും. കോളേജിലെ ടീച്ചര്‍മാര്‍ നല്ല പിന്തുണ തരുന്നുണ്ട്.”, നിധിന്‍ ദാസ് വോക്ക് മലയാളത്തോട് പറഞ്ഞു.

നിധിന്‍ ദാസ് screengrab, copyright: Facebook

അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് നിധിന്റെ കുടുംബം. ഈ നാലു മനുഷ്യര്‍ കാലുനീട്ടി കിടന്നുറങ്ങിയിട്ട് വര്‍ഷങ്ങളായി. താനും സഹോദരനും കുട്ടികള്‍ ആയിരുന്നപ്പോള്‍ ആണ് നീണ്ടുനിവര്‍ന്ന് കിടന്നുറങ്ങിയത് എന്ന് നിധിന്‍ പറയുന്നു.

”അച്ഛന് തയ്യല്‍ പണിയാണ്. കാലിലും കയ്യിലും നീര് വന്ന് എപ്പോഴും ജോലി ചെയ്യാന്‍ പറ്റില്ല. ചൂട് വന്നാലും തണുപ്പ് വന്നാലും ശരീരം മുഴുവന്‍ വേദനയും ചൊറിച്ചിലും ആണ്. എന്നാലും ഇടയ്ക്കിടെ പണിക്കു പോകും. അമ്മ ഒരു ക്ലിനിക്കില്‍ സ്വീപ്പര്‍ തൊഴിലാളിയാണ്. ചേട്ടന് ഇലക്ട്രിക്കല്‍ ജോലി ആണ്. എനിക്കിപ്പോ 22 വയസ്സായി. ഞാന്‍ ജനിച്ചത് മുതല്‍ എന്റെ വീട് ഇങ്ങനെയാണ്. ചെറുപ്പത്തില്‍ നല്ല വിഷമം ഉണ്ടായിരുന്നു. കൂട്ടുകാരെയൊക്കെ എങ്ങനെയാണ് ഈ വീട്ടിലേയ്ക്ക് കൊണ്ട്‌വരിക എന്ന് വിചാരിച്ചിട്ടുണ്ട്. പിന്നെ വീടില്ലാത്ത ആളുകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വിഷമമൊക്കെ മാറും. ഇതിന്റെ ഉള്ളില്‍ കിടന്നിട്ടാണ് എന്നെക്കൊണ്ട് പറ്റുന്ന രീതിയില്‍ പഠിച്ചത്. അതൊക്കെ ഓര്‍ക്കുമ്പോള്‍ വിഷമമൊക്കെ മാറും. ചെറുപ്പത്തില്‍ ഈ വീടിനകത്ത് കിടക്കാന്‍ ബുദ്ധിമുട്ടില്ല. വലുതായി വരുന്നത് അനുസരിച്ച് ചുരുണ്ട് കിടക്കേണ്ട അവസ്ഥയാണ്.

മഴ പെയ്ത് കഴിഞ്ഞാല്‍ ചോരും. അപ്പോള്‍ ആ ചോര്‍ച്ചയില്‍ വെള്ളം നനഞ്ഞ് കിടക്കും. ചിലപ്പോള്‍ പത്രങ്ങള്‍ വെച്ച് വെള്ളം പിടിക്കും. ഇതൊക്കെ ഇപ്പോള്‍ ശീലമായി. ഒരിക്കല്‍ മഴയത്ത് എന്റെ കുറച്ച് പുസ്തകങ്ങള്‍ നനഞ്ഞു പോയി. ഏത് സമയത്താണ് കാറ്റ് വരിക എന്ന് പറയാന്‍ പറ്റില്ലല്ലോ. വീട് ചോര്‍ന്ന് പുസ്തകങ്ങള്‍ നനഞ്ഞു. ചിതലരിച്ചും കുറേ പുസ്തകങ്ങള്‍ പോയി. ഒരു ദിവസം പുസ്തകങ്ങള്‍ എടുത്ത് നോക്കിയപ്പോള്‍ പുറംചട്ടയെല്ലാം സുന്ദരമായി ഇരിക്കുന്നുണ്ട്. അകത്ത് എല്ലാം ചിതല് തിന്ന് പേജുകളിലെല്ലാം ഓട്ടവീണിട്ടുണ്ട്. അത് കണ്ടപ്പോള്‍ തകര്‍ന്നു പോയി.’, നിധിന്‍ ദാസ് പറയുന്നു.

”പഠിക്കാനായി ഒരു മുറി ഇല്ല. എനിക്ക് ഇരുന്ന് പഠിക്കാന്‍ കുറച്ച് സ്ഥലം വേണം. എന്നാലെ എനിക്ക് പഠിക്കാന്‍ പറ്റൂ. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ ട്യൂഷന്‍ എടുക്കാന്‍ പോകുമായിരുന്നു. അതിനുള്ള പ്രധാന കാരണം അവിടെ ഇരുന്ന് എനിക്കും പഠിക്കാം. കണക്കൊക്കെ ചെയ്ത് പഠിക്കണമെങ്കില്‍ ഇരിക്കാന്‍ ഒരു സൗകര്യം വേണമല്ലോ. കൂടുതലും നടന്നാണ് പഠിക്കുക. അടുക്കളുടെ സൈഡില്‍ ഒരു ചെറിയ ബള്‍ബുണ്ട്. കൂടുതലും രാത്രിയൊക്കെ ആ ബള്‍ബിന്റെ പ്രകാശം പോകുന്ന സ്ഥലങ്ങള്‍ ഉണ്ടല്ലോ ആ സ്ഥലങ്ങളിലൂടെ നടന്ന് പുലര്‍ച്ചയും രാത്രിയൊക്കെ പഠിക്കും. പിന്നെ അടുത്ത വീട്ടിലെ ടെറസിന്റെ മുകളില്‍ കയറി നിന്നും പഠിക്കും. ആ വീടിന്റെ മുമ്പില്‍ ഒരു സ്ട്രീറ്റ് ലൈറ്റുണ്ട്. അതിന്റെ വെളിച്ചത്തില്‍ പഠിക്കും. പിന്നെ അടുത്തുള്ള മറ്റൊരു വീട്ടിലേയ്ക്കും പഠിക്കാന്‍ പോകുമായിരുന്നു. അടുത്ത് ഒഴിഞ്ഞു കിടക്കുമ്മ ഒരു പറമ്പുണ്ട്. അവിടെ നടന്നും പഠിക്കും.

നിധിന്‍ ദാസിന്റെ വീട് screengrab, copyright: Nidhin Das

അച്ഛനും അമ്മയ്ക്കും വയസ്സായി വരികയാണ്. അവര്‍ക്ക് സുരക്ഷിതമായി കിടക്കാന്‍ ഒരു സ്ഥലം വേണമല്ലോ. ഇപ്പോള്‍ അതാണ് ചിന്ത. അമ്മയ്ക്ക് ഏഴ് മണി ആവുമ്പോള്‍ ജോലിക്ക് പോകണം. അമ്മ പുലര്‍ച്ചെ നാലു മണിക്കൊക്കെ എഴുന്നേല്‍ക്കും. അടുക്കള ഭാഗത്ത് പുറത്തുനിന്നാണ് അമ്മ പണിയൊക്കെ ചെയ്യുന്നത്. മഴയാണെങ്കിലും ഇടിയാണെങ്കിലും പുറത്താണ്. പിന്നെ ബാത്ത്‌റൂമും പുറത്താണ്.

ലൈഫ് പദ്ധതിയിലൊക്കെ വീടിനുവേണ്ടി അപേക്ഷിച്ചിരുന്നു. പക്ഷേ, കിട്ടിയില്ല. ഞങ്ങളുടെ വീടിന് കുഴപ്പമൊന്നും ഇല്ലാ എന്നാണ് പഞ്ചായത്തില്‍ നിന്നും പറഞ്ഞത്. വീടിന് വിള്ളലൊക്കെയുണ്ട്. ഓടെല്ലാം പൊട്ടി ടാര്‍പായ വലിച്ചു കെട്ടിയിരിക്കുകയാണ്. മഴ എപ്പോഴാണ് പെയ്യുക എന്ന് പറയാന്‍ പറ്റില്ല. ഒരുപാട് പേരെ വീടിനായി വിളിച്ചു. സിനിമയില്‍ പറയുന്നത് പോലെ നടത്തിത്തരാം നടത്തിത്തരാം ആ ലിസ്റ്റിലുണ്ട്, ഈ ലിസ്റ്റിലുണ്ട്, ഫണ്ടില്ലാ എന്നൊക്കെയാണ് പറയുന്നത്. അടുത്ത മഴ വരുമ്പോള്‍ വീടിന്റെ കാര്യം പരിതാപകരമാകും. ഒരു കാറ്റ് വന്ന് ഈ ടാര്‍പായ പാറിപ്പോയാല്‍ മഴ നനഞ്ഞ് കിടക്കേണ്ടി വരും.

ഒരു ടെറസ് വീട്ടില്‍ കയറി ഇരുന്ന് കസേരയില്‍ കാലും കയറ്റിവെച്ചിരുന്ന് ചായയും കുടിച്ച് മഴയെ ആസ്വദിക്കുന്നവരുണ്ട്. മുകളില്‍ കിടക്കുന്ന ടാര്‍പ്പായ എപ്പഴാ പറന്നുപോകുക എന്ന് പേടിച്ച് ജീവിക്കുന്ന ആള്‍ക്കാരും ഉണ്ട്. ഞങ്ങള്‍ക്ക് അങ്ങനെയുള്ള ജീവിതമാണ്.”, നിധിന്‍ ദാസ് പറഞ്ഞു.

സാമൂഹിക സാഹചര്യങ്ങളും സാമ്പത്തിക സാഹചര്യങ്ങളും നല്‍കുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടാന്‍ മനസ്സില്ലാതെ വാശിയോടെ പഠിക്കുന്നത് എന്തിനാണ് എന്നതിന് നിധിന്‍ ദാസിന് വ്യക്തമായ മറുപടിയുണ്ട്. ദരിദ്രര്‍ ആയതിന്റെ പേരില്‍ പണമില്ലാത്തതിന്റെ പേരില്‍ പുച്ഛിക്കുന്നവര്‍ക്ക് വിദ്യാഭ്യാസമാണ് ഏറ്റവും വലിയ മറുപടി എന്നാണ് നിധിന്‍ ദാസ് പറയുന്നത്.

”ഞങ്ങളുടെ സാമൂഹിക സാഹചര്യം കൊണ്ട് പഠനം ഉപേക്ഷിക്കേണ്ടി വന്നയാളാണ് എന്റെ ചേട്ടന്‍. ചേട്ടന്‍ പ്ലസ് ടു കഴിഞ്ഞപ്പോള്‍ അച്ഛന് വയ്യാതായി. അപ്പോള്‍ സ്വാഭാവികമായും അവന് ഇലക്ട്രിക് പണിക്ക് പോകേണ്ടി വന്നു. എന്റെ അച്ഛനും അമ്മയും അവര്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന ആളുകളാണ്. അമ്മ ആണെങ്കിലും ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും എന്തുതന്നെ കിട്ടിയാലും ഇഷ്ടമില്ലാ, കഴിക്കില്ലാ എന്ന് പറഞ്ഞ് പാത്രത്തിലാക്കി വീട്ടില്‍ ഞങ്ങള്‍ക്ക് കൊണ്ടുതരും. അപ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന ഇവര്‍ക്ക് എന്തെങ്കിലുമൊക്കെ തിരിച്ചുകൊടുക്കണ്ടേ.

നിധിന്‍ ദാസിന് ലഭിച്ച പുരസ്ക്കാരങ്ങള്‍ screengrab, copyright: Nidhin Das

ബിഎ മലയാളം പഠിക്കാന്‍ പോയപ്പോള്‍ ആളുകള്‍ പറഞ്ഞു. മലയാളം പഠിച്ചാല്‍ ജോലി കിട്ടില്ലാ എന്ന്. ഈ മലയാളം പഠിച്ചിട്ടാണ് നിധിന്‍ ദാസ് എന്ന ഐഡന്റിറ്റി ഉണ്ടാക്കിയത്. മലയാളം പഠിച്ചത് കൊണ്ടാണ് എഴുത്തിലേയ്ക്ക് തിരിയാന്‍ സാധിച്ചത്.

പൈസ ഉണ്ടെങ്കിലേ ആളുകള്‍ നമ്മളെയൊക്കെ അംഗീകരിക്കൂ. എനിക്ക് ബിഎഡും എംഎഡും പഠിച്ച് പിഎച്ച്ഡി ചെയ്യാനാണ് ആഗ്രഹം. ഇത്ര നാളും തിരിഞ്ഞുനോക്കാത്ത ആളുകള്‍ വരെ അവാര്‍ഡൊക്കെ കിട്ടുമ്പോള്‍ നമ്മളെ കുറിച്ച് സംസാരിക്കുന്നുണ്ട്. അത് വിദ്യാഭ്യാസത്തിലൂടെ ഉണ്ടായതാണ്. പല സ്ഥലങ്ങളിലും പൈസ ഉണ്ടെങ്കില്‍ ജോലി കിട്ടും എന്ന സ്ഥിതിയാണ്. പക്ഷേ, നമ്മുക്ക് യോഗ്യത ഉണ്ടെങ്കില്‍ തള്ളിക്കളയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് പബ്ലിക്കേഷന്‍സും പുസ്തകങ്ങളും മറ്റ് എഴുത്തുകളുമൊക്കെ നമ്മുടെ പേരില്‍ വന്നുകഴിഞ്ഞാല്‍ നമ്മളെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. അങ്ങനെ തള്ളിക്കളയാന്‍ പറ്റാത്ത ഒരാളാവണം. അതിന് വേണ്ടിയാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നമ്മുടെ ജീവിതം നമ്മളായിട്ട് നിര്‍മ്മിച്ചെടുക്കേണ്ട അവസ്ഥയാണ്. പലരും തഴയുന്നുണ്ട്. നമ്മുടെ സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് ചിന്തിച്ച് ടെന്‍ഷന്‍ അടിച്ചുനടന്നാല്‍ വേറെ അസുഖം വരും. അത് വേണ്ടാ എന്ന് വെച്ച് ഞങ്ങളേക്കാളും കഷ്ട്‌പ്പെടുന്ന മനുഷ്യരെ കുറിച്ച് ആലോചിക്കും. അപ്പോള്‍ എന്റെ ജീവിതമൊക്കെ മെച്ചമാണ് എന്ന് തോന്നും. ജീവിതത്തില്‍ എവിടെങ്കിലും എത്തണമെങ്കില്‍ അതിന് വിദ്യാഭ്യാസം വേണം. പ്രയത്‌നിച്ചില്ലാ എന്ന കുറ്റബോധം ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് കഷ്ട്‌പ്പെട്ട് പഠിക്കുന്നത്. ഒരു മരം വേരൂന്നുന്ന ഘട്ടത്തിലാണ് ഞാനിപ്പോള്‍ ഉള്ളത്. വേര് ആഴങ്ങളിലേയ്ക്ക് പടരുന്ന പോലെ പടര്‍ന്ന് പോകണം എന്നാണ് ആഗ്രഹം. അതിനുള്ള ശ്രമത്തിലാണ്.’, നിധിന്‍ ദാസ് പറഞ്ഞവസനിപ്പിച്ചു.

FAQs

എന്താണ് വിദ്യാഭ്യാസം?

അധ്യാപനവും അദ്ധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.

എന്താണ് ദാരിദ്ര്യം?

ജീവിതത്തിനാവശ്യമായ സൗകര്യങ്ങളുടെ (വേണ്ടത്ര ആഹാരം, വസ്ത്രം, പാർപ്പിട സൗകര്യം, ശുദ്ധജലം, ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസം, തൊഴില്‍, സ്വാതന്ത്ര്യം) ഇല്ലായ്മയും അത്യാവശ്യ സാധനങ്ങളുടെ ദൗർലഭ്യതയും ഉളവാക്കുന്ന അവസ്ഥ. അത്യാവശ്യച്ചെലവുകൾ പോലും നേരിടാനുള്ള വരുമാനമില്ലാത്ത സാഹചര്യം മനുഷ്യനെ അഭിമുഖീകരിക്കുന്ന ഏറ്റവും രൂക്ഷമായ സാമൂഹ്യപ്രശ്‌നമാണ്.

എന്താണ് പണം?

സാധനങ്ങളുടെയോ സേവനങ്ങളുടെയോ കൈമാറ്റത്തിനുള്ള മാധ്യമമാണ് പണം. പണം കൂടാതെ ഒരു സമ്പദ് വ്യവസ്ഥക്കും വളർച്ച നേടാൻ സാധിക്കില്ല. പണം ചരിത്രപരമായി ഉല്പന്നങ്ങളിലല്ലാതെ ആധാരങ്ങളെ ആശ്രയിച്ചു ഉയർന്നുവരന്നൊരു വ്യവസായ പ്രതിഭാസമാണ്.

Quotes

“ലോകത്തെ മാറ്റാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം- നെൽസൺ മണ്ടേല.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.