Mon. Dec 23rd, 2024

മലപ്പുറം: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതിന് വയോധികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. 64 കാരനായ അബ്ദു സമദിനെതിരെയാണ് മലപ്പുറം വളാഞ്ചേരി പോലീസ് സ്വമേധയാ കേസെടുത്തത്.

വോട്ടിങ് മെഷീൻ ഹാക്ക് ചെയ്യാൻ കഴിയുമെന്നും ഇലക്ഷൻ കമ്മീഷൻ കേന്ദ്ര സർക്കാരിനായി പ്രവർത്തിക്കുകയുമാണെന്ന വിമർശനമാണ് അബ്ദു സമദ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നിരവധി പേർ പങ്കുവെച്ച പോസ്റ്റാണ് അബ്ദു സമദും ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കേരള പോലീസ് ആക്റ്റിലെ 120 (ഒ) വകുപ്പും ഐപിസിയിലെ 153ഉം ജനപ്രാതിനിധ്യ നിയമത്തിലെ 125ഉം ചുമത്തി. ജാമ്യമില്ലാ വകുപ്പായതിനാൽ പോലീസ് അബ്ദു സമദിനെ അറസ്റ്റ് ചെയ്യാനും ശ്രമിച്ചിരുന്നു.

അതേസമയം, 40 വർഷം പ്രവാസിയായ അബ്ദു സമദിന്റെ കന്നി വോട്ടായിരുന്നു. മുൻകൂർ ജാമ്യത്തിനായി അബ്ദു സമദ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.