Wed. Jan 22nd, 2025

ചെന്നൈ:’മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന് കാരണമായ യഥാർത്ഥ സംഭവത്തിൽ യുവാക്കൾ തമിഴ്നാട് പോലീസിൽ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണം.

യഥാർത്ഥ സംഭവത്തിൽ യുവാക്കളോട് മോശമായി പെരുമാറിയ പോലീസുകാരെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദയാണ് ഉത്തരവ് നൽകിയത്. സംഭവം നടന്ന് 18 വർഷത്തിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

2006 ൽ നടന്ന സംഭവത്തിൽ നിലമ്പൂർ സ്വദേശിയും റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി മുൻ അംഗവുമായ വി ഷിജു എബ്രഹാം നൽകിയ പരാതിയിലാണ് നടപടി. വൻ ഹിറ്റായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രത്തിൽ യുവാക്കളെ പോലീസ് പീഡിപ്പിക്കുന്നത് അവതരിപ്പിച്ചിരുന്നു.

2006 ലാണ് മഞ്ഞുമ്മലിൽ നിന്നും ഒരു സംഘം യുവാക്കൾ കൊടൈക്കനാൽ സന്ദർശിക്കാൻ പോയത്. അതിൽ ഒരാൾ ഗുണ കേവ് എന്ന ഗുഹയിൽ വീണുപോയപ്പോൾ കൂടെയുണ്ടായിരുന്നവർ കൊടൈക്കനാൽ പോലീസ് സ്റ്റേഷനിൽ സഹായം തേടുകയായിരുന്നു.

എന്നാൽ, ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഇവരെ ക്രൂരമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുയർന്നിരുന്നു. ഒരു പോലീസുകാരനെ മാത്രമാണ് ഇവർക്ക് സഹായത്തിനായി വിട്ടുനൽകിയത്.

പിന്നീട് ഗുഹയിൽ വീണ സുഹൃത്തിനെ മറ്റൊരു സുഹൃത്ത് സാഹസികമായി രക്ഷിക്കുകയാണ്. ഈ സംഭവത്തെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയത്.

‘‘അന്ന് ഞങ്ങളുടെ ഒപ്പമുള്ളവരെ പോലീസ് ഉപദ്രവിച്ചുവെന്നത് സത്യമാണ്. സ്റ്റേഷനിൽ പോയവരെ തല്ലി. സിനിമയിറങ്ങി കഴിഞ്ഞ് ഗുണ കേവ്സിൽ പോയപ്പോൾ പോലീസും ഫോറസ്റ്റ് ഗാർഡും മറ്റും വന്ന് അന്നത്തെ സംഭവത്തിന് മാപ്പ് പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞില്ലേ? ഇനി കേസൊന്നും കൊടുത്ത് ആരെയും ബുദ്ധിമുട്ടിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല.’’, യുവാക്കളിൽ ഒരാളായ സിജു ഡേവിഡ് പറഞ്ഞു.