Mon. May 20th, 2024

കൊച്ചി: ‘മലയാളി ഫ്രം ഇന്ത്യ’ ചിത്രത്തിന്റെ തിരക്കഥ മോഷണമാണെന്ന് പറഞ്ഞ് തിരക്കഥാകൃത്ത് നിഷാദ് കോയ ഉയര്‍ത്തിയ വിവാദങ്ങളോട് പ്രതികരിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഷാരിസ് മുഹമ്മദാണെങ്കിലും ചിത്രം ആദ്യമായി സംവിധാനം ചെയ്യാനിരുന്നത് ഡിജോയല്ല എന്നാണ് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ പ്രതികരിച്ചത്. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബി ഉണ്ണിക്കൃഷ്ണന്‍.

എല്ലാം ശരിയാകും എന്ന സിനിമയുടെ ഛായാഗ്രാഹകനായ ശ്രീജിത്താണ് 2021 ൽ കോവിഡ് കാലത്ത് ഈ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നതെന്നും നിഷാദ് കോയ അയച്ച പിഡിഎഫ് ഡിജോ ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

‘ഇന്ത്യക്കാരനും പാകിസ്താനിയും ക്വാറന്റൈയിനിലായിപ്പോകുന്ന കഥയാണ് ഷാരിസ് ശ്രീജിത്തിനോട് പറഞ്ഞത്. ഈ കഥ സിനിമയാക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെ ഇവർ ഇരുവരും ഹാരിസ് ദേശം എന്ന പ്രൊഡക്ഷൻ കൺട്രോളറെ കണ്ടിരുന്നു.

അത് 2021 ആഗസ്റ്റിലാണ്. റോഷൻ മാത്യുവിനോട് കഥ പറയാനാണ് അദ്ദേഹം ഇവരോട് ആവശ്യപ്പെട്ടത്. ഈ ചർച്ചകൾ കുറച്ച് മുന്നോട്ട് പോയെങ്കിലും പിന്നീട് എങ്ങുമെത്താതിരുന്നപ്പോഴാണ് ഷാരിസും ഡിജോയും ചേർന്ന് ജനഗണമന ചെയ്യുന്നത്.

ശ്രീജിത്തിനു വേണ്ടിയാണ് ഷാരിസ് സിനിമയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിയത്. അതും ജനഗണമനയുടെ മുമ്പാണ്.

അതുകൊണ്ടുതന്നെ മലയാളി ഫ്രം ഇന്ത്യയിൽ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ എന്ന് ശ്രീജിത്തിന് ക്രെഡിറ്റ് കൊടുത്തിട്ടുണ്ട്. ജയസൂര്യയുമായും ഞങ്ങൾ സംസാരിച്ചിരുന്നു. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ ഡിജോയോട് ഒരു കഥയുടെ ഒരു വരിമാത്രം പറഞ്ഞിരുന്നെന്നും വിശദമായി പറഞ്ഞില്ലെന്നും അത് പറയേണ്ടത് തിരക്കഥാകൃത്താണെന്നുമാണ് ജയസൂര്യ പറഞ്ഞത്.

പിന്നീട് നിഷാദ് കോയയും ഡിജോയുമായി കമ്മ്യൂണിക്കേഷന്‍ ഒന്നും നടക്കുന്നില്ല. രഹസ്യമായിട്ടല്ല ഡിജോ ഈ സിനിമ ചെയ്യുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.’, ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ഇതിനിടെ കഥയിലെ സാമ്യത പൃഥ്വിരാജ് പറഞ്ഞതില്‍ നിന്ന് മനസിലാക്കി നിഷാദ് കോയ ഡിജോയെ ബന്ധപ്പെടുകയും നിഷാദ് കോയ ഒരു പിഡിഎഫ് ഷെയര്‍ ചെയ്യുകയും ചെയ്തു. അത് ഡിജോ ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെന്നും ബി ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി.

ഈ സാഹചര്യം വിലയിരുത്തിയപ്പോൾ മനസിലായത് ഒരേ കഥയും ആശയവും ഒന്നിലധികം എഴുത്തുകാർക്ക് ഉണ്ടാവാം എന്നാണ് എന്നും ബി ഉണ്ണിക്കൃഷ്ണന്‍ കൂട്ടിച്ചേർത്തു.