Mon. Dec 23rd, 2024

ഗാന്ധിനഗർ: ബിജെപിയുടെ പോളിങ് ഏജന്റുമാരും പോളിങ് ഓഫീസർമാരും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഗുജറാത്ത് കോൺഗ്രസിന്റെ പരാതി. ബിജെപി ചിത്രവും ചിഹ്നവുമുള്ള പേനകൾ ബിജെപി പോളിങ് ഏജന്റുമാരും പോളിങ് ഉദ്യോഗസ്ഥരും പോളിങ് കേന്ദ്രങ്ങളിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ചൊവ്വാഴ്ച ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

വോട്ടർമാരെ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതായി കോൺഗ്രസ് പാർട്ടിയും നേതാക്കളും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ബിജെപിയുടെ ചിഹ്നമുള്ള കൊടികളും തോരണങ്ങളും കൊണ്ട് എല്ലാ പോളിങ് ബൂത്തും അലങ്കരിച്ചിരിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ ബിജെപി സ്വീകരിക്കുന്ന അഴിമതിയാണിതെന്നും പരാതിയിൽ പറയുന്നു.

കോൺഗ്രസ് പാർട്ടി രംഗത്തെത്തിയതിനെ തുടർന്ന് ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റ് ശക്തിസിങ് ഗോഹിൽ താൻ വോട്ട് രേഖപ്പെടുത്താൻ പോയ ഗാന്ധിനഗറിലെ സെക്ടർ-19 പോളിങ് സ്റ്റേഷന്റെ വീഡിയോകൾ എക്‌സിലും ഇൻസ്റ്റാഗ്രാമിലും പങ്കുവെച്ചു.