Mon. Dec 23rd, 2024

ഇന്ത്യയിലെ ജനങ്ങൾക്ക് പല വാഗ്ദാനങ്ങളും നൽകിയാണ് 2014ൽ നരേന്ദ്ര മോദി രാജ്യത്തിൻ്റെ  പ്രധാനമന്ത്രിയായത്. മോദിയുടെ വാഗ്ദാനങ്ങളിൽ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെട്ടത് രാജ്യത്തെ കർഷകരായിരുന്നു. ഇതുവരെയും പൂർത്തീകരിക്കാത്ത നിരവധി ഉറപ്പുകൾ മോദി കർഷകർക്ക് നൽകിയിരുന്നു. 

ഉൽപാദന ചിലവിൻ്റെ പകുതിയിലധികം തുക കർഷകർക്ക് ലാഭമായി നൽകുമെന്നായിരുന്നു അതിലൊന്ന്. 2016ൽ ആറ് വർഷം കൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞത് മറ്റൊരു പാഴ് വാഗ്ദാനം. കർഷകരുടെ വരുമാനത്തിൽ വർദ്ധനവ് വരുത്തുമെന്ന് പറഞ്ഞ് നിരവധി തവണയാണ് പിന്നീട് ബിജെപി രംഗത്തെത്തിയത്. 

കർഷകരുടെ ക്ഷേമത്തിന് വേണ്ടിയെന്ന വാദവുമായി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരുന്നു. അതിലൊന്നായിരുന്നു പ്രധാൻ മന്ത്രി അന്നദാത ആയ് സൻരക്ഷൻ അഭിയാൻ (പിഎം ആശ). പയറുവർഗങ്ങളുടെയും ഓയിൽ സീഡ്സ് കർഷകരുടേയും വരുമാന വർദ്ധനവ് ലക്ഷ്യം വെച്ച് 2018 സെപ്റ്റംബറിലാണ് പദ്ധതി ആവിഷ്കരിച്ചത്. 15,053 കോടി രൂപ അതിനായി വകയിരുത്തിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. 

പതിറ്റാണ്ടുകളായി താങ്ങുവില ആവശ്യപ്പെട്ടിരുന്ന കർഷകർക്ക് തങ്ങളുടെ സർക്കാർ അത് സാധ്യമാക്കിക്കൊടുത്തുവെന്ന് ഹരിയാനയിൽ നടത്തിയ ഒരു പ്രസംഗത്തിൽ പദ്ധതിയെക്കുറിച്ച് മോദി പറഞ്ഞിരുന്നു. 

എന്നാൽ യുപിഎ സർക്കാരിൻ്റെ കാലത്ത് ഉണ്ടായിരുന്ന ഈ പദ്ധതിയിൽ രണ്ട് പുതിയ ഘടകങ്ങൾ കൂടി കൂട്ടിച്ചേർക്കുക മാത്രമാണ് എൻഡിഎ സർക്കാർ ചെയ്തത്. താങ്ങുവിലയേക്കാൾ കുറഞ്ഞ വിലയിൽ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വിൽക്കേണ്ടി വന്നാൽ നഷ്ടപരിഹാരമായി കർഷകർക്ക് പണം നല്‍കണം, സ്വകാര്യ കമ്പനികള്‍ക്ക് കര്‍ഷകരില്‍ നിന്ന് താങ്ങുവിലയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ലഘുപദ്ധതികള്‍ നടപ്പാക്കുക എന്ന  ഘടകങ്ങങ്ങളാണ് കൂട്ടിച്ചേർത്തത്. 

2019 ലെ കുറച്ച് മാസങ്ങളിലും 2024 ലെ തിരഞ്ഞെടുപ്പിനേടനുബന്ധിച്ചും മാത്രമാണ് പദ്ധതിക്കായി തുക ചിലവഴിച്ചതെന്ന് വിവരങ്ങളിൽ വ്യക്തമാക്കുന്നതായി ദ റിപ്പോർട്ടേഴ്സ് കളക്ടീവ് റിപ്പോർട്ട് ചെയ്യുന്നു.കർഷകരുടെ ക്ഷേമത്തിന് വേണ്ടിയല്ല, പകരം ഒരു തിരഞ്ഞെടുപ്പ് ഉപകരണം മാത്രമായാണ് പിഎം ആശ പദ്ധതിയെ കേന്ദ്ര സർക്കാർ ഉപയോഗിച്ചത്. 

15000 കോടി അനുവദിച്ച പദ്ധതിക്കായി ആദ്യ ആറ് മാസങ്ങളിൽ 4721 കോടിയാണ് സർക്കാർ ചിലവഴിച്ചിട്ടുള്ളത്. അതില്‍ 70 ശതമാനവും ചിലവഴിച്ചത് 2019 ഏപ്രിലിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള രണ്ട് മാസങ്ങളിലാണ്. അടുത്ത സാമ്പത്തിക വർഷം പദ്ധതിക്കായി 1500 കോടി ചിലവഴിക്കുമെന്ന് എൻഡിഎ സർക്കാർ വാഗ്ദാനം നൽകുകയും 2019ൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറുകയും ചെയ്തു. വാഗ്ദാനം ചെയ്ത 1500 കോടിയിൽ 20.8 ശതമാനം അതായത് 313 കോടി മാത്രമാണ് പദ്ധതിക്കായി സർക്കാർ ചിലവഴിച്ചത്. 

2020 നും 2023 നുമിടയിൽ ഒരു രൂപ പോലും കേന്ദ്ര സർക്കാർ പദ്ധതിക്കു വേണ്ടി ചിലവഴിച്ചിട്ടില്ല. 2023-24 സാമ്പത്തിക വര്‍ഷത്തിൻ്റെ  തുടക്കത്തില്‍ പിഎം ആശ പദ്ധതിക്കായി ഒരു ലക്ഷം രൂപ മാത്രമാണ് സർക്കാർ അനുവദിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിന് മുൻപ് 2200 കോടി പദ്ധതിക്കായി ചിലവഴിച്ചുവെന്നാണ് സർക്കാർ രേഖകളിൽ പറയുന്നത്. 

എംപി പി സി ഗദ്ദിഗൗറിൻ്റെ  നേതൃത്വത്തിലുള്ള പാര്‍ലമെൻ്ററി കാര്‍ഷിക സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അന്വേഷണത്തിലാണ് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി പരാജയമാണെന്ന് തെളിഞ്ഞത്. പാർലമെൻ്റിൽ പിഎം ആശ പദ്ധതിയെക്കുറിച്ച് ചോദ്യങ്ങളുയർന്നപ്പോൾ അവയെയെല്ലാം അവഗണിക്കുകയാണ് സർക്കാർ ചെയ്തത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.