Mon. Dec 23rd, 2024

ന്യൂഡല്‍ഹി: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വിട്ട രാധിക ഖേര ബിജെപിയില്‍ ചേര്‍ന്നു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്നും ആക്ഷേപങ്ങൾ നേരിട്ടെന്ന ആരോപണമടക്കം ഉന്നയിച്ചാണ് രാധിക കോൺഗ്രസ് വിട്ടത്.

കോണ്‍ഗ്രസിന്റെ ദേശീയ മീഡിയ കോ – ഓര്‍ഡിനേറ്ററായിരുന്ന രാധിക ഖേര കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് വിട്ടത്. ഇന്നത്തെ കോണ്‍ഗ്രസ് മഹാത്മാ ഗാന്ധിയുടെ കോണ്‍ഗ്രസല്ലെന്ന് ബിജെപിയില്‍ ചേര്‍ന്നശേഷം രാധിക ഖേര ആരോപിച്ചു.

കോൺഗ്രസ് ഹിന്ദു വിരുദ്ധമാണെന്നും ബിജെപി സര്‍ക്കാരിന്റെ സംരക്ഷണം ലഭിച്ചിരുന്നില്ലെങ്കില്‍ തനിക്ക് ഇവിടെയെത്താന്‍ കഴിയുമായിരുന്നില്ലെന്നും രാധിക ഖേര മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, നടൻ ശേഖർ സുമനും ബിജെപി അം​ഗത്വം സ്വീകരിച്ചു. പാർട്ടി ആസ്ഥാനത്ത് മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും പാർട്ടി അം​ഗത്വം സ്വീകരിച്ചത്.