Sat. Oct 12th, 2024

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെയുടെ മരണത്തിൽ കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാര്‍ ഉന്നയിച്ച പ്രസ്താവനയെ പിന്തുണച്ച് ശശി തരൂര്‍.

കര്‍ക്കറെയുടെ മരണത്തിന് പിന്നില്‍ ആര്‍എസ്എസ് ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്ന ആരോപണത്തെയാണ് ശശി തരൂർ പിന്തുണച്ചത്. വിജയ് വഡേത്തിവാര്‍ ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണം വേണമെന്നും സത്യാവസ്ഥ അറിയാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും ശശി തരൂർ പറഞ്ഞു.

അജ്മല്‍ കസബിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകളല്ല കര്‍ക്കറെയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തതെന്നും അത് ഒരു പോലീസ് റിവോള്‍വറില്‍ നിന്നുള്ളതാണെന്നും മുന്‍ ഐജി എസ് എം മുഷ്‌രിഫ് തന്റെ പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് വിജയ് വഡേത്തിവാര്‍ ഈ പ്രസ്താവന പറഞ്ഞത്. എന്നാൽ പ്രസ്താവന വിവാദത്തിലാവുകയും തുടർന്ന് എസ് എം മുഷ്‌രിഫ് എഴുതിയ പുസ്തകത്തില്‍ നിന്നാണ് തനിക്ക് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും വിജയ് വഡേത്തിവാര്‍ പറഞ്ഞിരുന്നു.