Sun. May 19th, 2024

ന്യൂയോര്‍ക്ക്: മെറ്റ് ഗാല വേദിക്ക് പുറത്ത് ഫലസ്തീന്‍ അനുകൂല പ്രതിഷേധം. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഭാഗമായി നടത്തിയ വാർഷിക ധനസമാഹരണ പരിപാടിക്കിടെയാണ് പ്രതിഷേധ പ്രകടനം.

‘ഗാസയിൽ ബോംബുകള്‍ വീണുകൊണ്ടിരിക്കുമ്പോള്‍‌‌ മെറ്റ് ഗാല വേണ്ട’ എന്ന മുദ്രാവാക്യങ്ങളുള്ള ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

ഏറ്റവും വലിയ ഫാഷൻ ഇവന്റുകളിലൊന്നാണ് മെറ്റ് ഗാല. പ്രതിഷേധക്കാർ പരിപാടി തടസ്സപ്പെടുത്തതിരിക്കാൻ വേദിക്ക് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിൽ ന്യൂയോര്‍ക്ക് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. സെലിബ്രിറ്റികൾ എത്തിത്തുടങ്ങിയതോടെയാണ് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയത്.

‘വിമോചനമില്ലാതെ ആഘോഷമില്ല’ എന്ന ബാനറുകളുമായി കഴിഞ്ഞ ദിവസം ഒരു കൂട്ടം പ്രതിഷേധക്കാർ സെൻട്രൽ പാർക്കിൽ ഒത്തുകൂടിയിരുന്നു. മറ്റൊരു കൂട്ടം പ്രതിഷേധക്കാർ സെൻട്രൽ പാർക്കിലെ ഒന്നാം ലോക മഹായുദ്ധത്തിൻ്റെ സ്മാരകം നശിപ്പിക്കുകയും അമേരിക്കൻ പതാക കത്തിക്കുകയും ചെയ്തു.