Sun. May 19th, 2024

ന്യൂഡൽഹി: ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയുമായുള്ള അക്കാദമിക്, ഗവേഷണ സഹകരണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഹരിയാന അശോക സർവകലാശാല വൈസ് ചാന്‍സലർക്ക് കത്തയച്ച് വിദ്യാർത്ഥികൾ.

സോനിപത്തിലെ സ്വകാര്യ സര്‍വകലാശാലയിലെ തിരഞ്ഞെടുക്കപ്പെട്ട സംഘടനയായ അശോക സ്റ്റുഡന്‍റ് ഗവണ്‍മെന്റാണ് ശനിയാഴ്ച വിസിക്ക് കത്തെഴുതിയത്. ഗാസക്കെതിരായ അക്രമണത്തിൽ ഇസ്രായേലിനെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ കത്ത്.

നിലവിൽ അശോക സർവകലാശാലയ്ക്ക് ടെൽ അവീവ് സർവകലാശാലയുമായി ഗവേഷണ പങ്കാളിത്തമുണ്ടെന്നും ഇതിനൊപ്പം അധ്യാപനം, ഗവേഷണ സഹകരണം, ഹ്രസ്വകാല പഠന അവസരങ്ങൾ, അതുപോലെ സംയുക്ത പ്രോഗ്രാമുകൾ എന്നിവയ്ക്കായി ഫാക്കൽറ്റി സന്ദർശനങ്ങൾ നടക്കുന്നുണ്ടെന്നും വിസിക്ക് അയച്ച കത്തില്‍ പറയുന്നു.

‘മനുഷ്യാവകാശ ലംഘനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുമായി സർവകലാശാലയുടെ സഹകരണം നീതിയോടും മനുഷ്യാവകാശങ്ങളോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ദുർബലപ്പെടുത്തുന്നു. എൽബിറ്റ് സിസ്റ്റംസ് പോലുള്ള ഇസ്രായേലി ആയുധ നിർമ്മാതാക്കളുമായുള്ള ടെൽ അവീവിൻ്റെ ബന്ധവും ഇതിൽ ഉൾപ്പെടുന്നു. ഇസ്രായേലി അധിനിവേശ സേനയുടെ ധാർമ്മിക കോഡ് തയ്യാറാക്കുന്നതിലും ഇസ്രായേലി അധിനിവേശ സേന അംഗങ്ങൾക്ക് യുദ്ധക്കുറ്റങ്ങൾക്ക് നിയമപരമായ പ്രതിരോധം നൽകുന്നതിലും സൈനിക പ്രവർത്തനങ്ങൾ നിർദേശിക്കുന്ന സിദ്ധാന്തങ്ങൾ തയ്യാറാക്കുന്നതിലും ടെൽ അവീവ് സർവകലാശാലയിലെ പ്രൊഫസർമാർ ഏർപ്പെട്ടിട്ടുണ്ട്.’, കത്തിൽ പറയുന്നു.

ഗാസക്കെതിരായ യുദ്ധത്തിൽ പങ്കാളികളാണെന്ന് ആരോപിക്കപ്പെടുന്ന കമ്പനികളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ബിഡിഎസ് (ബോയ്‌കോട്ട്, ഡിവെസ്റ്മെന്റ് ആൻഡ് സാംക്ഷൻസ്) പ്രസ്ഥാനത്തെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്.

ഇസ്രായേൽ സൈന്യം ഫലസ്തീനിലെ എല്ലാ സർവകലാശാലകളും തകർത്തു. ആയുധ നിര്‍മാതാക്കളുമായും ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസികളുമായി ടെൽ അവീവ് സര്‍വകലാശാലക്ക് സഹകരണമുണ്ടെന്നും അവരില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നും ആരോപിക്കുന്നു.

അശോക സർവകലാശാല ധാർമികതയോടും മനുഷ്യാവകാശങ്ങളോടും ഉള്ള പ്രതിബദ്ധത പ്രകടിപ്പിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.