Mon. Dec 23rd, 2024

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹര്‍ജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും തെളിവുകളില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

സിഎംആർഎല്ലിന് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നൽകിയതിന്റെ പ്രത്യുപകാരമായിട്ടാണ് എക്സാലോജിക്കിന് പണം നൽകിയെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം. കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നയായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം.

തെളിവുകൾ ഹാജരാക്കാൻ മാത്യുകുഴൽനാടനോട് കോടതി ആവശ്യപ്പെട്ടിരിന്നു. എന്നാൽ കുഴൽനാടൻെറ അഭിഭാഷകൻ ഹാജരാക്കിയ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ വാദിച്ചു.

നേരത്തെ കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം. പിന്നീടത് കോടതി നേരിട്ട് അന്വേഷിക്കണമെന്നും താന്‍ തെളിവ് ഹാജരാക്കാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. എന്നാല്‍ ഏതെങ്കിലും ഒന്നില്‍ ഉറച്ച് നില്‍ക്കാന്‍ കോടതി മാത്യുവിനോട് ആവശ്യപ്പെട്ടു.

കോടതി വേണോ, വിജിലന്‍സ് വേണോ എന്ന് ഹരജിക്കാരന്‍ ആദ്യം തീരുമാനിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതി മതിയെന്നായിരുന്നു മാത്യുവിന്റെ നിലപാട്. തുടര്‍ന്നാണ് കേസില്‍ ഇന്ന് വിധി വന്നിരിക്കുന്നത്.