Mon. Dec 23rd, 2024

കോഴിക്കോട് : ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന നവകേരള ബസിൻ്റെ ടിക്കറ്റിന് വൻ ഡിമാൻ്റ്. ബുധനാഴ്ച ബുക്കിങ്ങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ആദ്യ സർവീസിൻ്റെ ടിക്കറ്റ് മുഴുവനും വിറ്റ് തീർന്നത്. 

കോഴിക്കോട് – ബംഗളുരു റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തർ സംസ്ഥാനങ്ങളിൽ ബസ് സർവീസ് നടത്തുന്നത്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്ബെയ്സിൻ തുടങ്ങിയ സംവിധാനങ്ങളും ബസിനുള്ളിലുണ്ട്. 

എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാനാണ് ഹൈഡ്രോളിക് ലിഫ്റ്റ്. ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ എന്നീ സൗകര്യങ്ങളും ബസിലുണ്ട്. 

മുഖ്യമന്ത്രിക്ക് ഇരിക്കാനൊരുക്കിയ സീറ്റ് ഡബിൾ സീറ്റാക്കി മാറ്റിയിട്ടുണ്ട്. ബസിൻ്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങൾ വരുത്തിയിട്ടില്ല. യാത്രക്കാർക്ക് ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യവും ബസിൽ ഒരുക്കിയിട്ടുണ്ട്.

പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് യാത്രതിരിക്കുന്ന ബസ് 11.35 ന് ബംഗളൂരുവിലെത്തും. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നൽകണം.