Mon. Dec 23rd, 2024

ഹൈദരാബാദ് : ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് തെലങ്കാന പോലീസ്. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്നും ശരിയായ ജാതി പുറത്തറിയുമെന്ന ഭയത്തിലാണ് ആതമഹത്യ ചെയ്തതെന്നുമാണ് തെലങ്കാന പോലീസിൻ്റെ അന്തിമ റിപ്പോർട്ടിൽ പറയുന്നത്.

രോഹിതിൻ്റെ മരണത്തിൽ കാരണക്കാരായി ആരോപിക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദ് മുന്‍ ബിജെപി എംപി ബന്ദാരു ദത്താത്രേയ, എംഎല്‍സി ആയിരുന്ന എന്‍ രാമചന്ദ്ര റാവു, കാമ്പസിലെ എബിവിപി നേതാക്കള്‍ എന്നിവരെ കുറ്റവിമുക്തരാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

രോഹിത് ദളിത് വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയായിരുന്നില്ല. വ്യാജ ജാതിസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് സർവകലാശാലയിൽ പ്രവേശനം നേടിതയതെന്നും എസ് സി വിഭാഗമാണെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും തന്നെ കൈവശമുണ്ടായിരുന്നില്ലയെന്നുമാണ് പോലീസ് പറയുന്നത്. 

സർവകലാശാലയിൽ നേരിട്ട ജാതി വിവേചനത്തിൽ പ്രതിഷേധിച്ച് 2016 ജനുവരി 17 നാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്. രോഹിത് അടക്കമുള്ള അഞ്ച് വിദ്യാർത്ഥികളുടെ സസ്പെൻഷനെതിരെയുള്ള സമരത്തിനൊടുവിലായിരുന്നു രോഹിത്തിൻ്റെ ആത്മഹത്യ. രോഹിത്തിൻ്റെ അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. തൻ്റെ ജന്മം തന്നെയാണ് ഏറ്റവും വലിയ തെറ്റെന്നായിരുന്നു രോഹിത് തൻ്റെ ആത്മഹത്യക്കുറിപ്പിൽ കുറിച്ചിരുന്നത്.

സെക്ഷന്‍ 306(ആത്മഹത്യ പ്രേരണ), എസ്സി എസ്ടി പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റി(പിഒഎ) നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ക്ലോഷർ റിപ്പോർട്ടിൽ രോഹിതിൻ്റെ മരണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചോ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചോ പ്രതിപാദിക്കുന്നില്ലെന്ന് ദ വയറിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

ന്യൂനപക്ഷ വിഭാഗത്തിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രോഹിത് വെമുല ആക്ട് കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റ് നാല് മാസം കഴിയുമ്പോഴാണ് പോലീസ് ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തെലങ്കാനയിൽ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാൻ പത്തു ദിവസം മാത്രം ബാക്കി നിൽക്കെയാണ് റിപ്പോർട്ട് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.