Wed. Dec 18th, 2024

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ അപരന്മാരെ വിലക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. അപര സ്ഥാനാർത്ഥികളെ വിലക്കാനാകില്ലെന്നും ഒരേ പേരുള്ളവരോട് മത്സരിക്കരുതെന്ന് പറയുന്നതെങ്ങനെയെന്നും സുപ്രീം കോടതി ചോദിച്ചു.

രക്ഷിതാക്കൾ കുട്ടികൾക്ക് രാഹുൽ ​ഗാന്ധിയെന്നും ലാലുപ്രസാദ് യാദവെന്നും പേരിട്ടെന്നുവെച്ച് അവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാനാകില്ലെന്ന് കോടതി അറിയിച്ചു.

ഒരേ പേരുള്ളവർ മത്സരിക്കുന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സാബു സ്റ്റീഫന്‍ എന്നയാളാണ് പൊതുതാത്പര്യ ഹർജി സമര്‍പ്പിച്ചത്. പലപ്പോഴും ഉന്നതരായ സ്ഥാനാർത്ഥികൾ ചെറിയ ശതമാനം വോട്ടിന് തോൽക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.

സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിന് ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു

ഹർജി പരി​ഗണിക്കാതിരുന്ന ജസ്റ്റിസ് ബി ആർ ​ഗവായ് ഹർജി പിൻവലിക്കാൻ ഹർജിക്കാരന് അനുവാദവും നൽകി.