Fri. Jan 3rd, 2025

കൊച്ചി: നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാവിലെ എട്ട് മണിയോടെ പനമ്പള്ളി വിദ്യാനഗറിലാണ് സംഭവം.

ആൺ കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ ഒരു ഫ്‌ളാറ്റില്‍ നിന്ന് കുട്ടിയെ താഴേക്ക് എറിഞ്ഞതായാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. മൃതദേഹം കൊറിയര്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

ഫ്‌ളാറ്റിലും ജോലി ചെയ്യുന്ന സ്ത്രീകളിലും ഗര്‍ഭിണികള്‍ ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അസ്വാഭാവികമായി ആരെയും ഫ്‌ളാറ്റിൽ കണ്ടിട്ടില്ലെന്നാണ് സുരക്ഷാ ജീവനക്കാരൻ മൊഴി നല്‍കിയത്. പോലീസ് അന്വേഷണം തുടരുകയാണ്.

കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് വ്യക്തമായിട്ടില്ല.