Mon. Dec 23rd, 2024

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ താനെ മണ്ഡലത്തിൽ ശിവസേനയ്ക്ക് നൽകിയ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കൂട്ടരാജി. താനെ ജില്ലാ ബിജെപി ഭാരവാഹികളും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയ്ക്ക് രാജിക്കത്ത് അയച്ചു.

ബിജെപി നേതൃത്വം നല്‍കുന്ന മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധവും രാജിയും.

താനെ മണ്ഡലത്തില്‍ ബിജെപി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ അവസാനഘട്ട ചര്‍ച്ചയില്‍ ഈ സീറ്റ് ശിവസേനയ്ക്ക് നൽകുകയായിരുന്നു. മുന്‍ താനെ മേയര്‍ നരേഷ് മഹസ്‌കെയാണ് ഇവിടെ ശിവസേന സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്.

നരേഷിന് പകരം മുതിര്‍ന്ന നേതാവ് ഗണേഷ് നായിക്കിന്റെ മകന്‍ സഞ്ജീവ് നായിക്കിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.

മുംബൈയിലെ ബിജെപി ആസ്ഥാനത്തെത്തി നായിക്കിന്റെ അനുയായികൾ പ്രതിഷേധം നടത്തി. മുംബൈ സൗത്തിലും മുംബൈ നോര്‍ത്ത് വെസ്റ്റിലുമുള്ള ശിവസേന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ട്.

മഹാരാഷ്ട്രയിലെ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ ബിജെപി 28 സീറ്റുകളിലും ശിവസേന 15 സീറ്റുകളിലും ഉപമുഖ്യമന്ത്രി അജിത്പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി നാല് സീറ്റുകളിലുമാണ് മത്സരിക്കുക.