Fri. May 17th, 2024

ബൊഗോട്ട: ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് കൊളംബിയ. ഗാസയിൽ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ചാണ്‌ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ പ്രഖ്യാപനം.

അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ സംസാരിക്കുന്നതിനിടയിലാണ് ഗുസ്താവോ പെട്രോ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്രായേൽ അതിക്രമണത്തിന് മുന്നിൽ ലോകരാഷ്ട്രങ്ങള്‍ മൗനം പാലിക്കുകയാണെന്നും ഗുസ്താവോ പെട്രോ കൂട്ടിച്ചേർത്തു.

വംശഹത്യക്ക് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രിയാണ് ഇസ്രായേലിന്റെതെന്നും ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നും ഗുസ്താവോ പെട്രോ പറഞ്ഞു.

ലാറ്റിനമേരിക്കയില്‍ നിന്നുള്ള ഇടതുപക്ഷ നേതാവ് ഗുസ്താവോ പെട്രോ ഇസ്രായേലിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളാണ്.

ഗാസ യുദ്ധത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഗുസ്താവോ പെട്രോ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ വിമർശിച്ചിരുന്നു. യോവ് ഗാലന്റ് ജൂതന്മാരിലെ നാസിയെ പോലെയാണ് സംസാരിക്കുന്നതെന്നായിരുന്നു ഗുസ്താവോ പെട്രോ വിമർശിച്ചത്.

അതേസമയം, ഇസ്രായേലുമായി നയതന്ത്രബന്ധം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട കൊളംബിയയുടെ തീരുമാനത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.