സനാ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കപ്പലുകളെ ആക്രമിച്ച് യെമനയിലെ ഹൂത്തി വിമത സംഘം. സൈക്ലേഡ്സ്, എം എസ് സി ഓറിയോണ്‍ എന്നീ കപ്പലുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.
ചെങ്കടലില്‍ രണ്ട് യുഎസ് ഡിസ്‌ട്രോയറുകളെയും ലക്ഷ്യം വെച്ചിരുന്നതായി യെമനില്‍ നടത്തിയ ഒരു പ്രസംഗത്തിനിടയിൽ ഹൂത്തികള്‍ വെളിപ്പെടുത്തി.
പോര്‍ച്ചുഗല്‍ ഉടമസ്ഥതയിലുള്ള കപ്പലാണ് എം എസ് സി ഓറിയോണ്‍. ജിബൂട്ടിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രയിൽ മൂന്ന് മിസൈലുകളാണ് കപ്പലിനെ ലക്ഷ്യമിട്ടതെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, ആക്രമണം നടക്കുന്ന സമയം ഇതേ പാതയിലൂടെ സൈക്ലേഡ്‌സ് കടന്നുപോയിരുന്നുവെന്ന് ഹൂത്തികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പലിന് നേരെ ഹൂത്തികള്‍ ചെങ്കടലില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ആന്‍ഡ്രോമിഡ സ്റ്റാര്‍ എണ്ണക്കപ്പലിന് നേരെയും ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
അതേസമയം, ഹൂത്തികളുടെ ആക്രമണം കാരണം ഇസ്രായേലിൽ നിന്നുള്ള കയറ്റുമതിയിലും ഇറക്കുമതിയിലും കുറവുണ്ടായിട്ടുണ്ട്.
ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഇസ്രായേൽ അവസാനിപ്പിക്കുന്നതുവരെ ഇസ്രായേൽ കപ്പലുകളെ ലക്ഷ്യമിടുന്നത് തുടരുമെന്നാണ് ഹൂത്തികൾ വ്യക്തമാക്കുന്നത്.