Wed. Jan 22nd, 2025

ബിഗ്ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയെ പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ബിഗ്ബോസ് വിജയി അഖിൽ മാരാർ. 

ബിഗ്ബോസ് ഷോയിലെ അധികൃതർ മത്സരാർത്ഥികളോട് കാണിക്കുന്നത് അനീതിയാണെന്ന് അഖിൽ മാരാർ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. പല മത്സരാർത്ഥികളിൽ നിന്നും പണം വാങ്ങിയാണ് ബിഗ്ബോസിൽ കയറ്റുന്നതെന്നും റേറ്റിങ്ങിനായി സ്ത്രീകളെ ഉപയോഗിക്കുകയാണെന്നും അഖിൽ മാരാർ ആരോപിച്ചു. 

വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ്ബോസിലെത്തിയ സിബിൻ എന്ന മത്സരാർത്ഥിയാണ് ഇക്കഴിഞ്ഞ ആഴ്ച റിയാലിറ്റി ഷോയിൽ നിന്നും പുറത്തായത്. മാനസിക പിരിമുറുക്കമാണ്  സിബിൻ ഷോയിൽ നിന്നും പുറത്താകാൻ കാരണം. എന്നാൽ തൻ്റെ ഇഷ്ടപ്രകാരമല്ല ഷോയിൽ നിന്നും താൻ പുറത്തായതെന്ന് സിബിൻ പറഞ്ഞിരുന്നു. 

ഈ സംഭവത്തെ തുടർന്നാണ് ബിഗ്ബോസ് ഹൗസിൽ നടക്കുന്നത് തെറ്റായ കാര്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടി അഖിൽ മാരാർ രംഗത്തെത്തിയിരിക്കുന്നത്. റിയാലിറ്റി ഷോ നടത്തുന്നവരുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് അതിലെ മത്സരാർത്ഥികൾ നിലനിൽക്കുന്നതെന്നും അവർക്ക് താൽപര്യമില്ലാത്തവരെ പുറത്താക്കാൻ വേണ്ടി വൃത്തികെട്ട മാർഗങ്ങൾ സ്വീകരിക്കുമെന്നും അഖിൽ മാരാർ പറഞ്ഞു. 

ഷോയിൽ നിന്ന് തന്നെ പുറത്താക്കാനും അവർ ശ്രമിച്ചിരുന്നു എന്നാൽ അതിന് കഴിഞ്ഞില്ലെന്നും അഖിൽ മാരാർ പറഞ്ഞു. സാബു മോൻ ജയിക്കുമെന്ന് ബിഗ്ബോസ് അധികൃതർ ഒരിക്കലും കരുതിയിരുന്നില്ലെന്നും അവസാന നിമിഷത്തിൽ പേളിയുടേയും സാബുവിൻ്റേയും വോട്ടിങ്ങിലുണ്ടായ നേരിയ വ്യത്യാസം കാരണമാണ് സാബു ജയിച്ചതെന്നും അഖിൽ മാരാർ ചൂണ്ടിക്കാണിക്കുന്നു. 

ലോകം മുഴുവൻ ആരാധകരുള്ള ഒരു നടനാണ് മോഹൻലാൽ. ബിഗ്ബോസ് അധികൃതരുടെ സ്വാർത്ഥതാൽപര്യങ്ങൾക്കായി മോഹൻലാലിനെ കോമളിയാക്കുകയാണ്. പലർക്കും നിങ്ങൾക്കെതിരെ പറയാൻ പേടിയാണെന്നും എന്നാൽ എനിക്ക് പേടിയില്ലെന്നും അഖിൽ മാരാർ പറഞ്ഞു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.