മീററ്റ്: പ്രതീക്ഷിച്ചതിലും കൂടുതൽ മാർക്ക് കിട്ടിയത് കണ്ട് പത്താം ക്ലാസുകാരൻ ബോധനരഹിതനായി. തുടർന്ന് വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശ് മീററ്റിലെ മോദിപുരം മഹർഷി ദയാനന്ദ് ഇന്റർ കോളേജിലെ വിദ്യാർത്ഥി അൻഷുൽ കുമാറാണ് ബോധനരഹിതനായത്.
കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ പത്താം ക്ലാസ് പരീക്ഷാഫലം വന്നത്. പരീക്ഷയിൽ 93.5 % മാർക്ക് നേടിയ അൻഷുൽ സന്തോഷം കൊണ്ട് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ബോധരഹിതനായ അൻഷുലിന് വീട്ടിൽ വെച്ചുതന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയിരുന്നു. എന്നാൽ ഫലമുണ്ടാകാതിരുന്നതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ബന്ധുക്കൾ അറിയിച്ചത്.
ഉത്തർപ്രദേശിൽ ഇത്തവണ പത്താം ക്ലാസ് പരീക്ഷയിൽ 89.55 ശതമാനവും 12 ക്ലാസ് പരീക്ഷയിൽ 82.60 ശതമാനവുമാണ് വിജയം.