Wed. Nov 6th, 2024

 

വില്ലുപുരം: തമിഴ്‌നാട് വില്ലുപുരത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ചത് കസ്റ്റഡി പീഡനം മൂലമാണെന്ന് ബന്ധുക്കള്‍. അനധികൃതമായി മദ്യം വിറ്റെന്ന് ആരോപിച്ചാണ് കെ രാജ(44)യെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആഴ്ചയാണ് യുവാവ് മരിക്കുന്നത്.

അടക്കം ചെയ്ത മൃതദേഹം പുറത്തെടുക്കണമെന്നും കസ്റ്റഡി പീഡനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ വില്ലുപുരം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. വില്ലുപുരം ജിഎച്ച് നല്‍കിയ പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് രാജയുടെ മരണം അസ്വാഭാവിക മരണമാണെന്നാണ്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്.

ജിആര്‍പി സ്ട്രീറ്റില്‍ താമസിക്കുന്ന രാജയെ ഏപ്രില്‍ ഒമ്പതാം തീയതി രാത്രി മുതല്‍ കാണാതായതായി കുടുംബം പറയുന്നു. അടുത്ത ദിവസമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തതായി അറിയുന്നത്.

”ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിലാണെന്ന് അറിഞ്ഞതിന് ശേഷം ഞാനും മകനും അദ്ദേഹത്തെ കാണാന്‍ പോയെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ കാണാന്‍ അനുവദിച്ചില്ല. പ്രശ്നമുണ്ടാക്കിയാല്‍ ഞങ്ങളെയും അറസ്റ്റ് ചെയ്യുമെന്നും കുറച്ചുസമയത്തിനുള്ളില്‍ ഭര്‍ത്താവിനെ വീട്ടിലേക്ക് അയക്കാമെന്നും പറഞ്ഞ് അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി,” രാജയുടെ ഭാര്യ അഞ്ജു പറഞ്ഞു.

‘രാവിലെ 11.30 ഓടെ ഭര്‍ത്താവ് വീട്ടിലെത്തി. വീട്ടില്‍ കയറിയ ഉടന്‍ തന്നെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെക്കുറിച്ച് പറഞ്ഞ് അദ്ദേഹം കരയാന്‍ തുടങ്ങി. ശ്വാസം മുട്ടുന്നുണ്ടായിരുന്നു, വെള്ളം ചോദിച്ചു. കുറച്ച് വെള്ളം കുടിച്ചതിന് ശേഷം അദ്ദേഹം തളര്‍ന്ന് വീണു. ഞങ്ങള്‍ അദ്ദേഹത്തെ അടുത്തുള്ള വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അദ്ദേഹം മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. എന്റെ ഭര്‍ത്താവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മുണ്ടിയമ്പാക്കം ജിഎച്ച്യിലേക്ക് കൊണ്ടുപോയി.’, അഞ്ജു പറഞ്ഞു.

”ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ അച്ഛന്റെ പോസ്റ്റ്മോര്‍ട്ടം തീര്‍ത്തു. ചില പേപ്പറുകളില്‍ ഞങ്ങളെ കൊണ്ട് ഒപ്പിടുവിച്ച് മൃതദേഹം ഞങ്ങള്‍ക്ക് നല്‍കി. മൃതദേഹം ദഹിപ്പിക്കാനാണ് പോലീസുകാര്‍ പറഞ്ഞത്. അച്ഛന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ ഏപ്രില്‍ 11 ന് സംസ്‌കരിക്കുകയാണ് ചെയ്തത്.’, രാജയുടെ മൂത്തമകന്‍ കുബേരന്‍ പറഞ്ഞു.

‘കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് എന്റെ ഭര്‍ത്താവ് മരിച്ചതില്‍ നീതി തേടി ഏപ്രില്‍ 13ന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ ഞങ്ങള്‍ വില്ലുപുരം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി. എന്നാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചൂണ്ടിക്കാട്ടി പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല.’ അഞ്ജു പറഞ്ഞു.

വില്ലുപുരം ടൗണില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള തിരുപ്പുച്ചാവടി മേടിലെ ടാസ്മാക് ഔട്ട്ലെറ്റിനോട് ചേര്‍ന്നുള്ള ഹോട്ടലില്‍ പാചകക്കാരനായി രാജ അടുത്തിടെ ജോലിയില്‍ പ്രവേശിച്ചിരുന്നു. ടാസ്മാക് ഔട്ട്ലെറ്റിന് സമീപം കരിഞ്ചന്തയില്‍ മദ്യം വിറ്റതിനാണ് രാജയെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.