Fri. Nov 22nd, 2024

തിരുവനന്തപുരം: കോഴിക്കോട് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ടെക്നോളജി (എന്‍ഐടി) യുടെ വിവാദ നടപടിക്കെതിരെ റിപ്പോർട്ട് തേടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. എന്‍ഐടി ഡയറക്ടര്‍, രജിസ്ട്രാര്‍, മാനവ വിഭവ ശേഷി മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ എന്നിവരോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

ഖുര്‍ആന്‍ മലയാളപരിഭാഷ, ഇസ്‌ലാമിക സാഹിത്യങ്ങള്‍, ബൈബിള്‍, മലയാള സാഹിത്യം തുടങ്ങിയവ കോഴിക്കോട് എന്‍ഐടി ലൈബ്രറിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ലൈബ്രേറിയന്‍ ഖുര്‍ആന്‍ എടുത്ത് മാറ്റാന്‍ പറഞ്ഞതായും ഖുര്‍ആന്‍ ഇവിടെ വെക്കേണ്ട സാധനമല്ലെന്ന് പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാമായണവും മഹാഭാരതവും ഭഗവത് ഗീതയും മാത്രം ക്യാമ്പസ് ലൈബ്രറിയില്‍ സൂക്ഷിച്ചാല്‍ മതിയെന്ന് എന്‍ഐടി രജിസ്ട്രാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ, ഡിസി ബുക്‌സിന് നല്‍കിയ പര്‍ച്ചേയ്സ് ഓര്‍ഡറും എന്‍ഐടി പിൻവലിക്കുകയും പകരം സംഘപരിവാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പുസ്തകം വാങ്ങാൻ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ക്യാമ്പസിലെ പര്‍ച്ചേയ്സ് കമ്മിറ്റിയെ പിരിച്ചുവിടുകയും ചെയ്തു.

ലൈബ്രറിയിലെ താത്കാലിക ജീവനക്കാരുടെ കരാര്‍ കാലാവധി അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശമ്പളം നല്‍കാതെ പിരിച്ചുവിട്ടതായും പരാതിയുണ്ട്. ആദ്യ ഘട്ടത്തില്‍ അധികൃതര്‍ പിരിച്ചുവിട്ട ജീവനക്കാര്‍ മുസ്ലീം വിഭാഗക്കാരായിരുന്നു.