Sun. Dec 22nd, 2024

അഹമ്മദാബാദ്: സന്യാസം സ്വീകരിക്കാൻ 200 കോടി രൂപയുടെ മുഴുവൻ സ്വത്തും ദാനം ചെയ്ത് ഗുജറാത്തിലെ കെട്ടിട നിർമാണ ബിസിനസുകാരനും ഭാര്യയും. ഹിമ്മത്ത് നഗറിലെ ജൈനമത വിശ്വാസികളായ ബവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് സന്യാസം സ്വീകരിക്കാൻ സ്വത്ത് ദാനം ചെയ്തത്.

നാല് കിലോമീറ്റർ ഘോഷയാത്ര നടത്തിയാണ് ഭണ്ഡാരി ദമ്പതികളും മറ്റ് 35 പേരും ചേർന്ന് മൊബൈൽ ഫോണുകൾ ഉൾപ്പെടെ ദാനം ചെയ്തത്. രാജകീയ വസ്ത്രം ധരിച്ച് രഥത്തിലായിരുന്നു ദമ്പതികളുടെ ഘോഷയാത്ര.

2022 ൽ ഈ ദമ്പതികളുടെ മക്കൾ സന്യാസം സ്വീകരിച്ചിരുന്നു. 19 കാരിയായ മകളുടെയും 16 കാരനായ മകന്റെയും പാത പിന്തുടർന്നാണ് ബവേഷ് ഭണ്ഡാരിയും ഭാര്യയും ആത്മീയ പാത തിരഞ്ഞെടുത്തത്.

ഈ മാസം അവസാനം നടക്കുന്ന പ്രത്യേക ചടങ്ങിലൂടെ ഇവർ സന്യാസ ജീവിതം ഔദ്യോഗികമായി സ്വീകരിക്കും. സന്യാസ ജീവിതം സ്വീകരിച്ച ശേഷം ദമ്പതികൾ കുടുംബവുമായുള്ള ബന്ധങ്ങൾ ഇല്ലാതാക്കുകയും ഭൗതിക വസ്തുക്കൾ ഉപേക്ഷിക്കുകയും ചെയ്യും. ജൈന സന്യാസിമാർ ഉപയോഗിക്കുന്ന രണ്ട് വെള്ള വസ്ത്രങ്ങൾ, ദാനം സ്വീകരിക്കാനുള്ള പാത്രം, വെള്ള ചൂൽ എന്നിവ മാത്രമാകും പിന്നീട് ഇവർ കൊണ്ട് നടക്കുക.

ജൈനമതത്തിൽ, ദിക്ഷ സ്വീകരിക്കുന്നത് പ്രധാന സമർപ്പണ മാർഗമാണ്. സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച്, ഭിക്ഷകളിൽ അഭയം തേടി രാജ്യത്തുടനീളം നഗ്നപാദനായി അലഞ്ഞ് നടക്കുകയാണ് ഇവർ ചെയ്യുക.

നേരത്തെയും അതിസമ്പന്നർ ഇതേ രീതിയിൽ സന്യാസ ജീവിതം സ്വീകരിച്ചിട്ടുണ്ട്.