Tue. Jan 28th, 2025

 

തട്ടിപ്പു കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്താനും ആവശ്യമെങ്കില്‍ രേഖകള്‍ പിടിച്ചെടുക്കാനും പൊലീസിനു ബില്ലില്‍ അധികാരം നല്‍കുന്നു. മതസ്ഥാപനങ്ങളില്‍ നടക്കുന്ന, ജീവനു ഹാനിയാകാത്ത എല്ലാ ആചാരങ്ങളെയും ആഘോഷങ്ങളെയും നടപടികളില്‍നിന്ന് ഒഴിവാക്കി

 

വീന്‍, ജീവിതപങ്കാളിയായ ദേവി, സുഹൃത്ത് ആര്യ എന്നിവരുടെ മരണം ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ ആന്ധവിശ്വാസവുമായിന്‍ ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അരുണാചല്‍പ്രദേശിലെ സിറോമില്‍ ഹോട്ടല്‍ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. നവീന്‍ മറ്റുള്ളവരെ ദേഹത്ത് മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തിയ ശേഷം അതുപോലെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

നവീന്‍ തോമസും ദേവിയും മരണാനന്തര ജീവിതത്തെപ്പറ്റി പഠിക്കുന്നുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതിലേയ്ക്ക് ദേവിയുടെ സുഹൃത്തായ ആര്യ കൂടി എത്തുകയായിരുന്നു. കൂടാതെ അന്യഗ്രഹ ജീവിതത്തെ കുറിച്ചും ഇവര്‍ പഠനം നടത്തിയിരുന്നു. ഇത്തരം ആശങ്ങള്‍ ആദ്യം പഠിച്ചത് നവീന്‍ തോമസായിരുന്നു. പിന്നീട് മറ്റു രണ്ടുപേരെയും ഇതിലേക്ക് കൂട്ടികൊണ്ടുവന്നു. ആര്യയുടെ കഴുത്തിനും ദേവിയുടെയും നവീന്റെയും കൈയിലുമാണ് മുറിവുകള്‍. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികകള്‍ ഇവര്‍ കഴിച്ചിരുന്നു.

പെസഹ വ്യാഴം, ദുഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവര്‍ അരുണാചലിലെ ഉള്‍ഗ്രാമമായ സിറോയില്‍ എത്തുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ഇവര്‍ സാത്താന്‍സേവ നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. നവീനും ദേവിയും ആയുര്‍വേദ ഡോക്ടര്‍മാരാണ്. ഇതുതന്നെയാണ് ഈ മരണത്തിലെ ഞെട്ടിക്കുന്ന വസ്തുതയും. ശാസ്ത്രത്തില്‍ വിദ്യാസമ്പന്നരായ ഇത്തരം ആളുകള്‍ മന്ത്രവാദത്തിനെയും സാത്താന്‍സേവയേയും അന്യഗ്രഹജീവികളെയുമടക്കം വിശ്വാസമര്‍പ്പിക്കുന്നത് ശാസ്ത്രയുക്തിയ്ക്ക് നിരക്കാത്തതാണ്.

അക്ഷയ തൃതീയയില്‍ ആഭരണങ്ങള്‍ വാങ്ങല്‍, ഐശ്വര്യം കൊണ്ടുവരുന്ന വലംപിരിശംഖ്, ജിന്നിനെ ഓടിക്കല്‍, നിധികിട്ടാന്‍ കൊലപാതകം, മാന്ത്രിക ഏലസുകള്‍, ദിവ്യശക്തി, രോഗശാന്തി ചികിത്സ, കുട്ടിച്ചാത്തന്‍ അനുഗ്രഹം, ഭാഗ്യനക്ഷത്ര കല്ലുകള്‍ തുടങ്ങി നിരവധി അന്ധവിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. മിക്ക അന്ധവിശ്വാസ സമ്പ്രദായങ്ങളിലും അത് പരിശീലിപ്പിക്കുന്ന ആള്‍ക്കും പ്രചരിപ്പിക്കുന്ന ആള്‍ക്കും നല്ല പ്രതിഫലം ലഭിക്കുന്നുണ്ട്. മാത്രമല്ല ആയിരക്കണക്കിനും ലക്ഷക്കണക്കിനും രൂപയാണ് ആളുകള്‍ ഈ അന്ധവിശ്വാസങ്ങള്‍ക്ക് വേണ്ടി ചിലവാക്കുന്നതും.

അന്ധവിശ്വാസം, പ്രതീകാത്മക ചിത്രം

അന്ധവിശ്വാസങ്ങള്‍ പലപ്പോഴും ജീവഹാനി ഉണ്ടാക്കുന്ന ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. കേരളത്തില്‍ തന്നെ ഞെട്ടിക്കുന്ന നിരവധി സംഭവങ്ങളും നടന്നിട്ടുണ്ട്. സംസ്ഥാനത്ത് അന്ധവിശ്വസങ്ങളും ക്രൂരതകളും കൂടിവന്ന സാഹചര്യത്തില്‍ അന്ധവിശ്വസത്തെയും അനാചാരത്തെയും നിരോധിക്കാന്‍ ഒരു നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാന്‍ കരടു ബില്ലും പൊലീസ് ശുപാര്‍ശകളും പലതുണ്ടായെങ്കിലും മാറിമാറി വന്ന സര്‍ക്കാരുകള്‍ നിയമം നടപ്പാക്കാന്‍ ഒരു താല്‍പ്പര്യവുമെടുത്തില്ല എന്നതാണ് വാസ്തവം.

2014 ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണവും മന്ത്രവാദവും തടയാന്‍ ബില്ല് കൊണ്ടുവരുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. അന്ന് എഡിജിപിയായിരുന്ന എ. ഹേമചന്ദ്രന്‍ ബില്ലിന്റെ കരടുരൂപം തയ്യാറാക്കുകയും ചെയ്തു. അന്ധവിശ്വാധിഷ്ഠിതമായ കുറ്റങ്ങള്‍ക്ക് ഏഴ് വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, പ്രഖ്യാപനം മുന്നോട്ടു പോയില്ല.

2019 ല്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ ഭരണക്കാലത്ത് ജസ്റ്റിസ് കെ ടി തോമസ് അദ്ധ്യക്ഷനായ കമ്മീഷന്‍ സമഗ്രമായ മറ്റൊരു ബില്ലിന് രൂപം നല്‍കി. ‘ദ് കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍ഡ് ബ്ലാക് മാജിക് ബില്‍’ എന്നായിരുന്നു പേര് നല്‍കിയിരുന്നത്.

അന്ധവിശ്വാസവും മന്ത്രവാദവും നിരോധിക്കുന്ന തരത്തിലുള്ള ബില്ലില്‍ കുറ്റക്കാര്‍ക്കെതിരെ ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷയായി ശുപാര്‍ശ ചെയ്തിരുന്നത്. പ്രേതബാധ ഒഴിപ്പിക്കാനെന്ന് പറഞ്ഞ് മനുഷ്യശരീരത്തെ ഉപദ്രവിക്കുന്നതും പരിക്കേല്‍പ്പിക്കുന്നതും അനാചാരത്തിന്റെയും മന്ത്രവാദത്തിന്റെയും പരിധിയില്‍ ഉള്‍പ്പെടുമെന്നും വ്യക്തമാക്കിയിരുന്നു. അദ്ഭുത സിദ്ധിയിലൂടെ സാമ്പത്തികനേട്ടം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചുള്ള പൂജകളും ഇതിന്റെ പരിധിയില്‍ വരുമായിരുന്നു. എന്നാല്‍, ഈ ബില്ലും വെളിച്ചം കണ്ടില്ല.

2021 ഓഗസ്റ്റില്‍ നിയമസഭയില്‍ കെ ഡി പ്രസേനന്‍ എംഎല്‍എ അന്ധവിശ്വാസം തടയാനായി സ്വകാര്യ ബില്‍ (2021ലെ കേരള അന്ധവിശ്വാസ അനാചാര നിര്‍മാര്‍ജന ബില്‍) അവതരിപ്പിച്ചിരുന്നു. മന്ത്രസിദ്ധി തിരിച്ചുപിടിക്കാനായി കമ്പകക്കാനത്ത് നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി ശാസ്ത്രീയവും മാനുഷികവുമായ സാമൂഹ്യ വ്യവസ്ഥ ഉറപ്പാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്നായിരുന്നു അവകാശവാദം.

കെ ഡി പ്രസേനന്‍ എംഎല്‍എ, മുഖ്യമന്ത്രി പിണറായി വിജയന്‍

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷയും 5000 മുതല്‍ 50,000 രൂപവരെ പിഴയുമാണ് കരട് ബില്ലില്‍ വ്യവസ്ഥ ചെയ്തത്. ഒരാളുടെ അനുമതിയോടെ അനാചാരങ്ങള്‍ നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാല്‍ ഐപിസിയില്‍ കൊലപാതകത്തിനു പറയുന്ന ശിക്ഷ (ഐപിസി 300) നല്‍കണം. ഗുരുതരമായ പരുക്കാണെങ്കില്‍ ഐപിസി 326 അനുസരിച്ചാണ് ശിക്ഷ.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയാല്‍ ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവും 5,000 മുതല്‍ 50,000 രൂപ വരെ പിഴയും ശിക്ഷ. തട്ടിപ്പിനെ സഹായിക്കുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും. കമ്പനിയാണ് തട്ടിപ്പിന് ഉത്തരവാദിയെങ്കില്‍ തട്ടിപ്പു നടന്ന സമയത്ത് കമ്പനിയുടെ ഉത്തരവാദിത്തം ഉണ്ടായിരുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

തട്ടിപ്പു കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്താനും ആവശ്യമെങ്കില്‍ രേഖകള്‍ പിടിച്ചെടുക്കാനും പൊലീസിനു ബില്ലില്‍ അധികാരം നല്‍കുന്നു. മതസ്ഥാപനങ്ങളില്‍ നടക്കുന്ന, ജീവനു ഹാനിയാകാത്ത എല്ലാ ആചാരങ്ങളെയും ആഘോഷങ്ങളെയും നടപടികളില്‍നിന്ന് ഒഴിവാക്കി. സര്‍ക്കാര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഇരയായവര്‍ക്കു മതിയായ ചികില്‍സയും കൗണ്‍സിലിങും നല്‍കണമെന്നും ബില്ലില്‍ നിര്‍ദേശിച്ചിരുന്നു.

ബില്ലില്‍ അന്ധവിശ്വാസത്തെ നിര്‍വചിച്ചിരിക്കുന്നത് കാര്യകാരണ ചിന്തക്ക് ഉചിതമല്ലാത്തതും ശാസ്ത്രീയമായ അടിത്തറ ഇല്ലാത്തതും സാമൂഹ്യ പുരോഗതിക്ക് വിഘാതമായിരിക്കുന്നതുമായ വിശ്വാസങ്ങള്‍ എന്നാണ്. വ്യക്തിക്കും സമൂഹത്തിനും ദോഷകരവും മാരകവുമായി ഫലങ്ങള്‍ ഉളവാക്കുന്നതാണ് ആചാരങ്ങളും കര്‍മങ്ങളുമെന്നും മന്ത്രവാദമെന്നാല്‍ പ്രകൃത്യാതീത ശക്തികളും പ്രേതഭൂതങ്ങളും ഉണ്ടെന്നും അവയെ നിയന്ത്രിക്കാമെന്നും വിശ്വസിപ്പിച്ച് ചെയ്യുന്ന പൂജാദി കര്‍മങ്ങളാണെന്നും അത്ഭുത രോഗശാന്തി എന്നാല്‍ അംഗീകൃത ശാസ്ത്രീയ പരിശോധനകള്‍ വഴി രോഗനിര്‍ണയം നടത്താതെ ചെയ്യുന്ന ദിവ്യശക്തികളുടെ പേരിലുള്ള ചികിത്സയാണെന്നും അനാചാരത്തെ നിര്‍വചിച്ചിരിക്കുന്നു.

പ്രേതബാധ തടയാനെന്ന പേരില്‍ ഒരാളെ ബന്ധിക്കുന്നത്, മര്‍ദ്ദിക്കുന്നത്, കെട്ടിത്തൂക്കുന്നത്, തലമുടി പിഴുതെടുക്കുന്നത്, ചൂട് വെക്കുന്നത്, ലൈംഗികവേഴ്ചക്ക് നിര്‍ബന്ധിക്കുന്നത്, പ്രകൃത്യാതീത ശക്തികളുടെ അനുഗ്രഹത്തിനെന്ന പേരില്‍ പലവിധ ദ്രോഹങ്ങള്‍ ചെയ്യുന്നത്, നരബലികള്‍, മൃഗബലികള്‍, ദിവ്യശക്തിയുണ്ടെന്നും അവതാരമെന്നും അവകാശപ്പെടല്‍, മതത്തിന്റെ പേരില്‍ വിദേശ പണം വാങ്ങല്‍, മരിച്ചുപോയവരുടെ കുഴിമാടങ്ങളും ഖബറുകളും വിശ്വാസത്തിന്റെ പേരില്‍ സാമ്പത്തിക ചൂഷണത്തിന് ഉപയോഗിക്കല്‍ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളെ കുറിച്ചും ബില്ലിന്റെ കരടില്‍ പറയുന്നുണ്ട്.

അന്ധവിശ്വാസം, പ്രതീകാത്മക ചിത്രം

അന്ധവിശ്വാസം തടയാനുള്ള ബില്ലിന്റെ കരട് സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ടെന്നും നിയമപരിഷ്‌കരണ കമ്മിഷന്റെ അഭിപ്രായം അറിഞ്ഞശേഷം നിയമനിര്‍മാണം നടത്തുമെന്നുമാണ് അന്ന് മുഖ്യമന്ത്രിക്കുവേണ്ടി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ മറുപടി പറഞ്ഞത്. എന്നാല്‍ ഒന്നും ഇതുവരെ നടപ്പായില്ല.

ഇലന്തൂര്‍ നരബലിയ്ക്ക് ശേഷമാണ് വീണ്ടും നിയമം സജീവമായി ചര്‍ച്ചയില്‍ വരുന്നത്. കേരള മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂര്‍ നരബലി കേസില്‍ ലോട്ടറി വില്‍പ്പനക്കാരിയായ റോസ്ലി, തമിഴ്‌നാട് സ്വദേശിനി പത്മ എന്നിവരാണ് നരബലിക്കിരയായത്. നരബലിക്ക് ശേഷം നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും കടലാസില്‍ ഒതുങ്ങി.

നരബലിക്ക് ശേഷവും അന്ധവിശ്വാസവുമായി ബന്ധപ്പെട്ട എത്രയെത്ര കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിട്ടും നിയമം പെട്ടിയില്‍ തന്നെയാണ്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും നിലനില്‍ക്കുന്ന മാതൃകയില്‍ നിയമം കൊണ്ടുവരണം എന്നാണ് പലരും ചൂണ്ടിക്കാണിച്ചിരുന്നത്.

അന്ധവിശ്വാസത്തിനെതിരെ ഒരു നിയമം മഹാരാഷ്ട്രയില്‍ പാസായതിനു പിറകില്‍ വര്‍ഷങ്ങളുടെ പോരാട്ട ചരിത്രമുണ്ട്. 1995 മുതലേ ബില്ലിനെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാനാരംഭിച്ചിരുന്നു. ബില്ലിനു രൂപം കൊടുത്ത ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകനും അന്ധവിശ്വാസ ഉന്മൂലന സമിതിയുടെ സ്ഥാപകനുമായ നരേന്ദ്ര ദബോല്‍കര്‍ രക്തസാക്ഷിയായതിനു ശേഷമാണ് ബില്‍ പാസാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായത്.

2003 ജൂലൈയിലാണ് ദബോല്‍കര്‍ ബില്ലിന്റെ കരട് തയാറാക്കിയത്. അപ്പോള്‍ തന്നെ അന്ധവിശ്വാസത്തിന്റെയും മന്ത്രവാദത്തിന്റെയും നിര്‍വചനങ്ങളെ ചൊല്ലി പല അഭിപ്രായ ഭിന്നതകളും ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്ന് യുക്തിവാദി നേതാവ് ശ്യാം മാനവ് ബില്ലിനെ പുതുക്കിയെഴുതുകയും 2005 ല്‍ സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പല മതാധിഷ്ഠിത സംഘടനകളും ബില്ലിനെതിരെ രംഗത്തിറങ്ങി.

ആത്മീയതയെ അംഗീകരിക്കാത്ത ബില്‍ ആരാധനാ സ്വാതന്ത്ര്യത്തെ തടയും എന്നായിരുന്നു പ്രധാന ആരോപണം. ഭൗതികവും ആത്മീയവുമായ പീഡനം എന്താണെന്ന് ബില്‍ കൃത്യമായി നിര്‍വചിക്കുന്നില്ല എന്നും ആരോപണമുയര്‍ന്നു. ഏതു ഹിന്ദു ആചാരത്തെയും അന്ധവിശ്വാസമായി വ്യാഖ്യാനിക്കാന്‍ ബില്‍ ഇടയാക്കും എന്നാരോപിച്ച് ഹിന്ദു ജനജാഗ്രതി സമിതിയും ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനും രംഗത്തു വന്നിരുന്നു.

ഡോ. നരേന്ദ്ര ദബോൽക്കർ Screengrab, Copyright@Midday

ബില്ലിനായി ദബോല്‍കര്‍ വന്‍ റാലികള്‍ നടത്തി. ആയിടക്ക് മഹാരാഷ്ട്രയില്‍ സമ്പത്തിനായി ഒരു കുഞ്ഞിനെ ബലി കൊടുത്ത സംഭവമുണ്ടായി. അതുണ്ടാക്കിയ പ്രതിഷേധത്തെ തുടര്‍ന്ന് ബില്‍ പാസാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ആ പ്രഖ്യാപനവും കടലാസിലൊതുങ്ങി. തുടര്‍ന്ന് ദബോല്‍കറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു.

അതിനിടയിലാണ് 2013 ഓഗസ്റ്റ് 21 ന് രാവിലെ നടക്കാനിറങ്ങിയ ദബോല്‍കര്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. തുടര്‍ന്നുണ്ടായ ജനവികാരത്തെ തണുപ്പിക്കാന്‍ ബില്‍ ഓര്‍ഡിനന്‍സാക്കി പുറത്തിറക്കി. പിന്നീട് നിയമമായി. പ്രസ്തുത നിയമമനുസരിച്ച് മഹാരാഷ്ട്രയില്‍ നടന്ന ആദ്യ നടപടി എയ്ഡ്സ്, കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് അത്ഭുത ചികിത്സ എന്ന പരസ്യം കൊടുത്ത പത്രങ്ങള്‍ക്കെതിരെയായിരുന്നു.

ദബോല്‍കര്‍ കൊല്ലപ്പെട്ട സമാനമായ സാഹചര്യങ്ങളില്‍ എംഎം കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടശേഷം കര്‍ണാടക സര്‍ക്കാറും അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ ദുരാചാരങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമം പാസാക്കി. നിലവില്‍ അന്ധവിശ്വാസവും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര നിയമമില്ല. 2016-ല്‍ ദുര്‍മന്ത്രവാദത്തിനെതിരായ നിയമം ലോക്സഭയില്‍ അവതരിപ്പിച്ചെങ്കിലും പാസായില്ല. അതേസമയം, ബിഹാര്‍ 1999ല്‍ത്തന്നെ നിയമം പാസാക്കിയിരുന്നു. പിന്നാലെ ഝാര്‍ഖണ്ഡ് (2001), ഛത്തീസ്ഗഢ് (2005), ഒഡിഷ (2013), മഹാരാഷ്ട്ര (2013), രാജസ്ഥാന്‍ (2015), അസം (2015), കര്‍ണാടകം (2017) എന്നീ സംസ്ഥാനങ്ങളും നിയമം അംഗീകരിച്ചു.

കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ ചുവടുപിടിച്ച നടന്ന കൊലപാതകങ്ങള്‍

1981 ഡിസംബറില്‍ ഇടുക്കി പനംകുട്ടിയിലാണ് ഭര്‍ത്താവ് മോഹനനും ബന്ധുക്കളും ചേര്‍ന്ന് സോഫിയ എന്ന വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടു. നരബലി നടത്തിയാല്‍ കോടിക്കണക്കിന് രൂപയുടെ നിധി കിട്ടുമെന്ന് മോഹനനെ തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രിവാദി വിശ്വസിപ്പിച്ചു. തുടര്‍ന്ന് മോഹനന്‍, പിതാവ് കറുപ്പന്‍, അമ്മ രാധ, മോഹനന്റെ സഹോദരന്മാരായ ഉണ്ണി, ബാബു, മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് സോഫിയയെ ബലികൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഫിയയെ അര്‍ദ്ധനഗ്‌നയായി ബെഞ്ചില്‍ കെട്ടിയിട്ടു. മോഹനന്റെ അനുജന്‍ മൂര്‍ച്ചയുള്ള ശൂലം കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് അടുക്കളയില്‍ കുഴിച്ചിട്ട് മുകളില്‍ ചാണകം മെഴുകുകയായിരുന്നു. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. കേരളത്തിലെ തന്നെ ആദ്യ നരബലിയായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.

1983 ജൂലൈയില്‍ നിധിക്കുവേണ്ടി ഒന്‍പതാം ക്ലാസുകാരനെ പിതാവും സഹോദരിയും അയല്‍ക്കാരും ചേര്‍ന്ന് ബലി നല്‍കി. മുണ്ടിയെരുമയിലാണ് നരബലി നടന്നത്. കണ്ണുകളും മൂക്കും കുത്തിക്കീറിയ നിലയില്‍ ആയിരുന്നു മൃതദേഹം.

1995 ജൂണില്‍ രാമക്കല്‍മേട്ടില്‍ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മന്ത്രവാദികളുടെ ക്രൂരതയ്ക്ക് വിട്ടുകൊടുത്തു എന്നായിരുന്നു കേസ്. തമിഴ്നാട്ടിലെ ഉമ്മമപാളയത്തില്‍ നിന്നെത്തിയ ആറ് മന്ത്രവാദികള്‍ പിടിയിലായി. കുട്ടിക്ക് ശരീരമാസകലം ചൂരലുകൊണ്ടും കല്ലുകൊണ്ടും മര്‍ദ്ദനമേറ്റിരുന്നു.

2012 ഒക്ടോബറില്‍ തിരുവനന്തപുരം പൂവാറിനടുത്ത് രണ്ടു പേര്‍ കൊല്ലപ്പെട്ടത് മന്ത്രവാദം ചോദ്യം ചെയ്തതിന് ആണെന്നാണ് കണ്ടെത്തിയത്. ക്രിസ്തുദാസ്, ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രിസ്തുദാസിന്റെ ബന്ധുവായ സ്ത്രീ നേരത്തെ ജീവനൊടുക്കിയിരുന്നു. ഇത് ദുര്‍മന്ത്രവാദത്തില്‍ സഹികെട്ടാണെന്ന് കണ്ടെത്തിയപ്പോള്‍ ചോദ്യം ചെയ്യാന്‍ എത്തിയതാണ് ക്രിസ്തുദാസും ആന്റണിയും. മന്ത്രവാദം നടത്തിയിരുന്ന മേരി ഉള്‍പ്പെടെ പ്രതികളായിരുന്നു. പ്രതികള്‍ക്ക് പിന്നീട് ജീവപര്യന്തം തടവും ലഭിച്ചു.

2014 ഓഗസ്റ്റ് 9ന് പൊന്നാനിയില്‍ കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഹര്‍സാന മരിച്ചത് മന്ത്രവാദത്തിനിടെ എന്നായിരുന്നു കണ്ടെത്തല്‍. അഞ്ചുമാസം ഗര്‍ഭിണി ആയിരുന്നു ഹസാന.

2014 ജൂലൈയില്‍ കരുനാഗപ്പള്ളിയില്‍ തഴവ സ്വദേശി ഹസീന കൊല്ലപ്പെട്ടു. മന്ത്രിവാദത്തിനിടെ ചവിട്ടേറ്റു മരിച്ചു എന്നായിരുന്നു കണ്ടെത്തല്‍. മന്ത്രവാദി സിറാജുദ്ദീന്‍ അന്ന് അറസ്റ്റിലായി.

കമ്പകക്കാനത്ത് കൊല്ലപ്പെട്ട കുടുംബം

2018 ഓഗസ്റ്റ് 4നാണ് തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്ത് കാനാട്ടു വീട്ടില്‍ കൃഷ്ണനേയും ഭാര്യ സൂശീലയേയും മക്കളേയും കൊന്ന് കുഴിച്ചുമൂടിയത്. ദുര്‍മന്ത്രിവാദം നടത്തിയിരുന്നയാളാണ് കൃഷ്ണന്‍. പിടിയിലായത് കൃഷ്ണന്റെ സഹായി ആയിരുന്ന അനീഷ്. കൃഷ്ണന് 300 മൂര്‍ത്തികളുടെ ശക്തി ഉണ്ടെന്നും അത് അപഹരിക്കണം എന്ന ഉദ്ദേശത്തോടെ അനീഷ് കൊല നടത്തി എന്നാണ് പൊലീസ് കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടയിലുള്ള കൊലപാതകമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ആഭിചാരക്രിയകളുടെ ഭാഗമായിട്ടാണ് കൊലപാതകങ്ങളെന്ന് കണ്ടെത്തിയത്.

2019 മാര്‍ച്ചില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ തുഷാരയുടെ മരണം. ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മന്ത്രവാദി പറഞ്ഞത് അനുസരിച്ച് പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയും മാത്രമാണ് നല്‍കിയിരുന്നത്. വിവാഹം കഴിക്കുമ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്ന തുഷാരയ്ക്ക് മരിക്കുമ്പോള്‍ വെരും 20 കിലോ മാത്രമായിരുന്നു തൂക്കം. ബാധ ഒഴിപ്പിക്കാന്‍ നടത്തിയ ദുര്‍മന്ത്രവാദ ചികില്‍സയുടെ ഭാഗമായിരുന്നു പഞ്ചസാര വെള്ളം.

2021 ഫെബ്രുവരിയില്‍ പാലക്കാട് പുതുപ്പള്ളി തെരുവില്‍ ആറുവയസ്സുകാരനെ മാതാവ് കൊലപ്പെടുത്തി. അല്ലാഹുവിന്റെ പ്രീതിക്കായി ബലി കഴിച്ചു എന്നാണ് പൊലീസ് കണ്ടെത്തിയത്. മുന്‍ മദ്രസ അധ്യാപിക കൂടിയായിരുന്നു ഷാഹിദ. കഴുത്തറുത്തായിരുന്നു കൊലപാതകം.

2021 നവംബറില്‍ കണ്ണൂര്‍ സിറ്റിയില്‍ പനി ബാധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ഫാത്തിമ എന്ന കുട്ടിക്ക് ചികിത്സ നല്‍കാതെ മതപരമായ പ്രാര്‍ത്ഥനയിലൂടെ സൗഖ്യപ്പെടുത്താന്‍ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമായത്.

2022 ഒക്ടോബറിലാണ് ഇലന്തൂര്‍ നരബാരി നടക്കുന്നത്. എറണാകുളം കടവന്ത്ര സ്വദേശിയ പത്മം എന്ന ലോട്ടറി വില്‍പ്പനക്കാരിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ ദുര്‍മന്ത്രവാദക്കൊല പുറത്തുവരുന്നത്. പത്തനംതിട്ട ഇലന്തൂരില്‍ തിരുമ്മല്‍ ചികില്‍സാ കേന്ദ്രം നടത്തുന്ന ഭഗവല്‍ സിംഗും ഭാര്യ ലൈലയും ചേര്‍ന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കുള്ള നരബലി എന്ന രീതിയില്‍ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് ശരീരഭാഗങ്ങള്‍ കഷ്ണങ്ങളായാണ് വീട്ടുപറമ്പില്‍ കുഴിച്ചിട്ടത്. കാലടി സ്വദേശിയായ റോസ്ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മം എന്നിവരാണ് കൊല്ലപ്പെട്ടത്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി കൊല ചെയ്യാന്‍ സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയില്‍ എത്തിച്ച് നല്‍കിയത് പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് ആണ്.

ഇലന്തൂരില്‍ കൊല്ലപ്പെട്ട റോസ്ലിയും പത്മയും

പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതക കേസും ഈ കൂട്ടത്തില്‍പ്പെടുന്നത് തന്നെയാണ്. 2022 ഒക്ടോബര്‍ 17ന് രാവിലെ കഷായം കഴിച്ച് ഗുരുതരാവസ്ഥയിലയിലായ ഷാരോണ്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജാതകത്തിലെ ആദ്യ ഭര്‍ത്താവിന്റെ മരണം സംഭവിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ ഈ കുറ്റകൃത്യം നടത്തിയത്.

2024 മാര്‍ച്ചിലാണ് കട്ടപ്പനയില്‍ ഇരട്ടക്കൊലപാതകം നടക്കുന്നത്. ഇത് നരബലിയാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും അന്ധവിശ്വാസം മുതലെടുത്താണ് ഇരകളുടെ കുടുംബവുമായി പ്രതി നിതീഷ് സൗഹൃദത്തിലായത്. നെല്ലിപ്പള്ളില്‍ വിജയന്‍, അദ്ദേഹത്തിന്റെ പേരക്കുട്ടിയായ നവജാതശിശുവുമാണ് കൊല്ലപ്പെട്ടത്. വിജയന്റെ മകള്‍ക്ക് കൈയ്ക്ക് വിറയലുണ്ട്. യുവതിക്ക് പ്രത്യേക കഴിവുണ്ടെന്നും മറ്റുള്ളവരുമായി ഇടപഴകിയാല്‍ ശക്തി ക്ഷയിച്ചുപോകുമെന്നും പ്രതി നിതീഷ് കുടുംബത്തെ വിശ്വസിപ്പിച്ചു. തൊട്ടടുത്ത ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഇയാള്‍. അതിനാല്‍ത്തന്നെ കുടുംബം ഇയാളെ പെട്ടെന്ന് വിശ്വസിക്കുകയും ബന്ധുക്കളെ അകറ്റുകയും ചെയ്തു.

നിതീഷില്‍ നിന്ന് പെണ്‍കുട്ടി ഗര്‍ഭിണി ആയതും കുഞ്ഞു ജനിച്ചതുമൊന്നും നാട്ടുകാര്‍ പോലും അറിഞ്ഞില്ല. പിറന്ന് നാലാം ദിനം കുഞ്ഞിനെ കൊലപ്പെടുത്തി. തുടര്‍ന്ന് വന്‍ തുകയ്ക്ക് വീടും സ്ഥലവും വിറ്റ് കുടുംബം നാടുവിട്ടു. പല സ്ഥലങ്ങളിലെ വാടക വീടുകളില്‍ താമസിച്ചു. ഇതിനിടയില്‍ നിതീഷ് വിജയനെ കൊലപ്പെടുത്തി. വിജയന്റെ മകന്‍ വിഷ്ണുവിനെ ഭയപ്പെടുത്തി കൂടെ നിര്‍ത്തിയാണ് പ്രതി കൃത്വം നടത്തിയത്. തുടര്‍ന്ന് മൃതദേഹം മുറിയില്‍ കുഴിച്ചുമൂടി. മൂന്നായി മടക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി കുഴിയില്‍ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം.

FAQs

എന്താണ് അന്ധവിശ്വാസം?

യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അവയെച്ചൊല്ലിയുള്ള ആചാരങ്ങളും അമാനുഷികമായ കഴിവു കൊണ്ടുമാത്രം വിശദീകരിക്കാവുന്നതും ആധുനികശാസ്ത്രത്തിനു തീർത്തും വിരുദ്ധവുമായ വിശ്വാസത്തെയോ ആചാരത്തെയോ ആണ് അന്ധവിശ്വാസം കൊണ്ട് അർത്ഥമാക്കുന്നത്. ആചാരവിശ്വാസങ്ങൾ ഒറ്റ വ്യക്തിയുടെയോ, സംഘത്തിന്റെയോ, മുഴുവൻ സമൂഹത്തിന്റെയോ ആകാം. ഇവയിൽ ഏറിയകൂറും മതത്തോടും സംസ്കാരത്തോടും ബന്ധപ്പെട്ടിരിക്കുന്നു. ഒരു വിഭാഗം അന്ധവിശ്വാസമായിക്കരുതുന്ന വിശ്വാസവും ആചാരവും മറ്റൊരു വിഭാഗം അങ്ങനെ കാണണമെന്നില്ല.

എന്താണ് നരബലി?

മതചടങ്ങിന്റെ ഭാഗമായി ഒന്നോ അതിലധികമോ മനുഷ്യരെ കൊലപ്പെടുത്തുന്ന പ്രവൃത്തിയാണ് നരബലി. ദേവതാപ്രീതി, ഭൂമിയുടെ ഫലപുഷ്ടി വർധിപ്പിക്കുക, അമാനുഷിക ശക്തികൾ സ്വായത്തമാക്കുക, സ്വർഗലാഭം, രോഗമുക്തി തുടങ്ങി വ്യത്യസ്ത നേട്ടങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു നരബലി നടത്തിയിരുന്നത്. ചരിത്രത്തിലുടനീളം ഒട്ടുമിക്ക സംസ്കാരങ്ങളിലും നരബലി നടപ്പുണ്ടായിരുന്നു എന്നു കാണാവുന്നതാണ്. ഇന്നും ഭാരതത്തിന്ററ വടക്കൻ സംസ്ഥാനത്തിൽ നരബലി ചെയ്തുവരുന്നു

Quotes

“അന്ധവിശ്വാസം ദുർബലമനസ്സുകളുടെ മതമാണ്- എഡ്മണ്ട് ബർക്ക്

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.