Tue. Nov 5th, 2024

വാഹനത്തിന് മൂന്ന് കോടി രൂപ വില വരുമെന്ന് അവകാശപ്പെടുന്ന സോഷ്യൽ മീഡിയ പ്രതിഷേധക്കാര്‍ കര്‍ഷകരുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും ചോദ്യം ചെയ്യുന്നുണ്ട്

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് കർഷകരാണ് തങ്ങളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 13 ന് ഡൽഹിയിലേക്ക് ‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ചത്. സംയുക്ത കിസാൻ മോർച്ച – നോൺ പൊളിറ്റിക്കൽ വിഭാഗത്തിന്റെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിൽ നടക്കുന്ന സമരത്തെ തകര്‍ക്കാന്‍ ബിജെപി പല ശ്രമങ്ങളും നടത്തുന്നുണ്ട്.

ഇപ്പോഴിതാ സമരക്കാര്‍ ഡല്‍ഹിയിലേക്ക് എത്തിയത് മെഴ്‌സിഡസ് ബെൻസിലാണെന്ന രീതിയിലുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. സമരത്തിനിടയില്‍ മെഴ്‌സിഡസ് ബെൻസ് വാഹനത്തിന്റെ മുകളിലും ചുറ്റിലും ഇരിക്കുന്ന പ്രതിഷേധകാരുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

വാഹനത്തിന് മൂന്ന് കോടി രൂപ വില വരുമെന്ന് അവകാശപ്പെടുന്ന സോഷ്യൽ മീഡിയ പ്രതിഷേധക്കാര്‍ കര്‍ഷകരുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും ചോദ്യം ചെയ്യുന്നുണ്ട്. ബിജെപി പ്രവര്‍ത്തകരാണ് വാഹനത്തിന്റെ ചിത്രം സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ വാഹനം ഫോഴ്‌സ് മോട്ടോഴ്‌സിൻ്റെ എസ്‌യുവി ഗൂർഖയാണ്. മെഴ്‌സിഡസ് ജി വാഗനെപ്പോലെ തോന്നിപ്പിക്കുന്നതിനായി ഫോഴ്‌സ് ഗൂർഖയെ നവീകരിച്ചതായി 2017 ൽ സിഎന്‍എന്‍ ന്യൂസ് 18 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിഎന്‍എന്‍ റിപ്പോർട്ട് പ്രകാരം മോഡിഫൈ ചെയ്യുന്നതിന് അന്ന് 8.5 ലക്ഷം രൂപയായിരുന്നു ചെലവ്. ആള്‍ട്ട് ന്യൂസാണ് ചിത്രത്തിന്റെ വസ്തുതയെ സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രീതി ഗാന്ധിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്‌ Screen-grab, Copyrights: Alt News

പാവപ്പെട്ട കർഷകർ മൂന്ന് കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസിൽ ഇരിക്കുകയാണെന്ന് പരിഹസിച്ചുകൊണ്ടാണ് ബിജെപി പ്രവർത്തക പ്രീതി ഗാന്ധി സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മറ്റ് നിരവധി ബിജെപി പ്രവർത്തകര്‍ വാഹനത്തിന്റെ വില 2.5 കോടി മുതല്‍ നാല് കോടി രൂപ വരെയാണെന്ന് അവകാശവാദം ഉന്നയിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിട്ടുണ്ട്.

നിലവില്‍ പ്രചരിക്കുന്ന ഫോട്ടോ 2020 ലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കര്‍ഷകരുടെ പ്രതിഷേധം കത്തിനില്‍ക്കുന്ന ഡിസംബറിലായിരുന്നു ഇതേ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

1.5 കോടി രൂപ വരുന്ന കാര്‍ മെഴ്‌സിഡസ് ബെന്‍സ് ജി-ക്ലാസ് ആണെന്നായിരുന്നു അന്ന് അവകാശപ്പെട്ടിരുന്നത്. സിംഗു അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന കര്‍ഷകരുടെ സാമ്പത്തിക സ്ഥിതിയെ വരെ ബിജെപി അക്കൗണ്ടുകള്‍ ചോദ്യം ചെയ്തിരുന്നു.

പ്രധാനമന്ത്രി ഫോളോ ചെയ്യുന്ന @nishant_india എന്ന ട്വിറ്റർ അക്കൗണ്ടും രാജാ റാംമോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ ചെയർമാൻ കാഞ്ചൻ ഗുപ്ത, കോളമിസ്റ്റ് കാർത്തികേയ തന്ന തുടങ്ങി നിരവധി പേർ ഈ ചിത്രം പോസ്റ്റ് ചെയ്തതായി ആൾട്ട് ന്യൂസ് വ്യക്തമാക്കുന്നു.

വൈറലായ ഈ ചിത്രം 2020 ഡിസംബർ 19 നാണ് വാഹനത്തിന്റെ ഉടമയായ മൻപ്രീത് സിംഗ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മൻപ്രീത് സിംഗ് എന്ന വ്യക്തിയുടെ അക്കൗണ്ടിൽ സമാന ജീപ്പിൻ്റെ ഒന്നിലധികം ചിത്രങ്ങൾ കണ്ടെത്തിയതായും ആൾട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹന ഗതാഗത വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് Screen-grab, Copyrights: Alt News

വാഹന ഗതാഗത വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ 2020 ഫെബ്രുവരി 13 നാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫോഴ്സ് മോട്ടര്‍സിന്റെ ഗൂര്‍ഖ എഫ് എം 2.6/4×2 എന്ന വാഹനമാണ് ഗതാഗത വകുപ്പിന്റെ വെബ്സൈറ്റില്‍ കാണാന്‍ കഴിയുക. ഫോഴ്സ് ഗൂര്‍ഖ വെബ്‌സൈറ്റ് പ്രകാരം ഈ വാഹനത്തിന്റെ രണ്ടു മോഡലുകളുടെ വില 9.75 ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ്.

അനന്ത്‌പുര്‍ സ്വദേശിയായ മൻപ്രീത് സിംഗ് സംരംഭകനാണ്. അദ്ദേഹത്തിന്റെ വീട്ടുകാരെല്ലാവരും കര്‍ഷകരാണ്. “ഡിസംബർ അഞ്ചിനാണ് കർഷകരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് സമരത്തില്‍ പങ്കെടുക്കുന്നത്. വൈറലായ ചിത്രത്തിലെ കാർ എൻ്റേതാണ്. മെഴ്‌സിഡസ് ബെൻസ് ജി വാഗണിൻ്റെ പകർപ്പാണ് എന്‍റെ വണ്ടിയും. എനിക്ക് മറച്ചുവെക്കാൻ ഒന്നുമില്ല. ഞാൻ സ്ഥിരമായി നികുതി അടക്കുന്ന ആളാണ്‌. കർഷകരുടെ പ്രതിഷേധത്തെ അപകീർത്തിപ്പെടുത്താൻ എൻ്റെ കാറിൻ്റെ ഫോട്ടോ ഉപയോഗിക്കുന്നത് വളരെ നിരാശയുണ്ടാക്കുന്നു. വൈറലായ ചിത്രത്തെ തുടർന്ന് ഓൺലൈൻ ആക്രമണങ്ങൾ ഉണ്ടെങ്കിലും കർഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിൽ നിന്നും ഞാൻ പിന്മാറില്ല.” മൻപ്രീത് സിംഗ് ആൾട്ട് ന്യൂസിനോട് പറഞ്ഞു.

FAQs

എന്താണ് കർഷക സമരം?

എല്ലാ ഉൽപന്നങ്ങൾക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന സമരമാണിത്. സംയുക്ത കിസാൻ മോർച്ച-നോൺ പൊളിറ്റിക്കൽ വിഭാഗത്തിന്റെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചത്.

എന്താണ് സംയുക്ത കിസാൻ മോർച്ച – നോൺ പൊളിറ്റിക്കൽ?

നൂറിലധികം കർഷക സംഘടനകളെ ഒരുമിച്ച് കൊണ്ടുവന്നാണ് സംയുക്ത കിസാൻ മോർച്ച എന്ന പ്രസ്ഥാനമുണ്ടായത്. പിന്നീട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സംയുക്ത കിസാൻ മോർച്ചയിൽ നിന്ന് ഒരു വിഭാഗം ഇറങ്ങിപ്പോയി. അതില്‍ നിന്നാണ് സംയുക്ത കിസാൻ മോർച്ച – നോൺ പൊളിറ്റിക്കൽ ഉണ്ടാകുന്നത്.

Quotes

കാൽ വഴുതി വീണാൽ രക്ഷപ്പെടാം. എന്നാൽ നാവിനു പറ്റുന്ന വീഴ്ചയിൽ നിന്നും രക്ഷപ്പെടാനാവില്ല – ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ