Wed. Jan 22nd, 2025

2018 മുതല്‍ ഇലക്‌ടറല്‍ ബോണ്ട്‌ പദ്ധതിയിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ 30 ഘട്ടങ്ങളിലായി സമാഹരിച്ചത് 16518 കോടി. സമാഹരിച്ച 94 ശതമാനം ബോണ്ടുകളുടെയും മുഖവില ഒരു കോടി രൂപയാണെന്നാണ്‌ രേഖകള്‍ സൂചിപ്പിക്കുന്നത് . സംഭാവന നല്‍കിയവര്‍ കോർപ്പറേറ്റുകളോ കൂടുതല്‍ ആസ്തിയുള്ള വ്യക്തികളോ ആവാന്‍ സാധ്യതയുണ്ടെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.

രാഷ്ട്രീയ സംഭാവനകളിലൂടെ കമ്പനികള്‍ക്ക് എളുപ്പത്തില്‍ വ്യക്തികളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഇലക്‌ടറല്‍ ബോണ്ടുകള്‍ റദ്ദാക്കി കൊണ്ടുള്ള വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ഇലക്‌ടറല്‍ ബോണ്ട്‌ പദ്ധതി പ്രകാരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ് നടത്തിപ്പ് ചുമതല. പദ്ധതി പ്രകാരം വാങ്ങുന്നവരുടെയും നല്‍കുന്നവരുടെയും വിവരങ്ങള്‍ അജ്ഞാതമായി സൂക്ഷിക്കും.

“പല കമ്പനികളും നേരിട്ടും ലിസ്റ്റ് ചെയ്യപ്പെടാത്ത അസോസിയേറ്റ് സ്ഥാപനങ്ങൾ വഴിയും ട്രസ്റ്റുകൾ വഴിയും ധനസഹായം നൽകിയിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും അവരുടെ ബാലൻസ് ഷീറ്റുകളിൽ പ്രത്യേക എൻട്രികളായി ഫണ്ടിംഗ് വെളിപ്പെടുത്തിയിട്ടില്ല”, എന്ന് ഒരു കോർപ്പറേറ്റ് വൃത്തത്തെ ഉദ്ധരിച്ചുകൊണ്ട്  ദി ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇലക്ടറൽ ബോണ്ടുകൾ പ്രോമിസറി നോട്ടുകളോ ബെയറർ ബോണ്ടുകൾ പോലെയുള്ളവയോ ആണ്. ഇഷ്യൂ ചെയ്ത ദിവസം മുതൽ 15 ദിവസത്തേക്ക് മാത്രമാണ് ഇലക്ടറൽ ബോണ്ടിന്‍റെ കാലാവധി.

1000, 10,000, 1 ലക്ഷം, 10 ലക്ഷം, 1 കോടി എന്നീ തുകകളുടെ മൂല്യത്തിനാണ് ബോണ്ടുകള്‍ എസ്ബിഐ പുറത്തിറക്കിയത്.

2018 ൽ 1056.73 കോടി രൂപ, 2019 ൽ 5071.99 കോടി രൂപ, 2020 ൽ 363.96 കോടി രൂപ, 2021ൽ 1502.29 കോടി രൂപ, 2021ൽ 3703 കോടി രൂപ, 2022 ൽ 3703 കോടി രൂപ, 4282 കോടി രൂപ, 4282 കോടി രൂപ എന്നിങ്ങനെ സംഭാവന ലഭിച്ചതായാണ് എസ്ബിഐ വ്യക്തമാക്കുന്നത്.

വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട സംഭാവനകളുടെ വിശദാംശങ്ങൾക്കൊപ്പം, വർഷങ്ങളായി വിറ്റതും എൻക്യാഷ് ചെയ്തതുമായ മൊത്തം ഇബികളുടെ എണ്ണവും ഇബികൾ എൻക്യാഷ് ചെയ്യാൻ യോഗ്യരായ പാർട്ടികളുടെ എണ്ണവും മാത്രമാണ് എസ്ബിഐ നൽകുന്നത്.

സെപ്റ്റംബർ 30 വരെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സംഭാവനകളുടേയും ലഭിച്ച പാര്‍ട്ടികളുടേയും വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ മാര്‍ച്ച് 13നകം കമ്മിഷന്‍ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.

ജനുവരിയിൽ രാജ്യത്ത് എവിടെയും തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഇലക്ടറൽ ബോണ്ടുകൾ വഴി 570.05 കോടി രൂപയാണ് സമാഹരിച്ചത്. 2024 ജനുവരി രണ്ട് മുതല്‍ 11 വരെയുള്ള വിൽപ്പന കാലയളവിലാണ് ഈ തുക സമാഹരിച്ചത്.

അടുത്തിടെ സമാപിച്ച സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി, നവംബർ ആറ്‌ മുതല്‍  20 വരെ നടന്ന ഇലക്ടറൽ ബോണ്ടുകളുടെ 29-ാം ഘട്ട വിൽപ്പനയിൽ രാഷ്ട്രീയ പാർട്ടികൾ 1,006 കോടി രൂപയും സമാഹരിച്ചിട്ടുണ്ട്.