Sun. Apr 14th, 2024

എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് ആ പോസ്റ്റിന് താഴെ വന്ന കമന്റുകളായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും പലർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അപ്പോഴാണ് എനിക്ക് മനസ്സിലായത്.

2023 മെയ് 23നാണ് മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തായ പി വി ഷാജി കുമാറിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. വാടക വീട് അന്വേഷണത്തിനിടയിൽ തനിക്ക് നേരിട്ട ദുരനുഭമാണ് ഷാജി കുമാർ ആ പോസ്റ്റിൽ പങ്കുവെയ്ക്കുന്നത്. വാടക വീട് നോക്കാനായി എറണാകുളം, കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയിലെത്തിയ കഥാകൃത്തിനോട് ബ്രോക്കർ പേരെന്തെന്ന് ചോദിക്കുന്നു. ഷാജി എന്ന് മറുപടി പറഞ്ഞപ്പോള്‍ അടുത്ത ചോദ്യം മുസ്ലിം ആണോ എന്നായിരുന്നു.

മുസ്ലിം ആണെങ്കിൽ ഇൻഫോ പാർക്കിൽ കമ്പ്യൂട്ടർ എഞ്ചിനീയറായ വീടുടമയ്ക്ക് വീട് നൽകാൻ താൽപര്യമില്ലായെന്ന് ബ്രോക്കർ പറഞ്ഞു. തനിക്ക് ഇവിടെ വീട് വേണ്ടായെന്ന് പറഞ്ഞ് ഷാജി കുമാർ ഇറങ്ങിപ്പോരുന്നു. തന്നെ സംബന്ധിച്ചടുത്തോളം ഞെട്ടിക്കുന്ന ഒരു അനുഭവമായിരുന്നുവെന്നും മതേതരത്വത്തിന്റെ നിലപാട് നിലം എന്നൊക്കെ വിശ്വസിച്ച് ജീവിക്കുന്ന കേരളത്തിലാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നുള്ളത് സങ്കടകരമായ കാര്യമാണെന്നും ഷാജി കുമാർ വോക്ക് മലയാളത്തോട് പറയുന്നു. 

‘എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് ആ പോസ്റ്റിന് താഴെ വന്ന കമന്റുകളായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും പലർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാനാണ് ഒരു മതേതരവാദി എന്ന നിലയ്ക്ക് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്’ ഷാജി കുമാർ പറയുന്നു.

ഈ സംഭവത്തിനു പിന്നിലെ സത്യാവസ്ഥ അറിയാനായി വാടകവീട് തിരച്ചിലിന്റെ പേരിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തിയ അന്വേഷണത്തിൽ അത്ര സുഖകരമല്ലാത്ത വിവരങ്ങളാണ് അറിയാൻ സാധിച്ചത്. അന്വേഷണത്തിന്‍റെ മുന്നോടിയെന്നോണം കേരളത്തിലെ വിവിധ ജില്ലകളുടെ ഡെമോഗ്രാഫിയെ മനസിലാക്കുക എന്നതായിരുന്നു ആദ്യ പടി. ജാതി, മതം, ലിംഗം, ജീവിത നിലവാരം എന്നിങ്ങനെ മനുഷ്യര്‍ക്കിടയിലുള്ള വേര്‍തിരിവുകളെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണങ്ങള്‍. 

തെക്കനെയും മൂര്‍ഖനെയും കണ്ടാല്‍ ആദ്യം തെക്കനെ തല്ലണമെന്ന  ചൊല്ലുള്ളതുകൊണ്ട് തെക്കു നിന്നു തന്നെ അന്വേഷണം ആരംഭിച്ചു. കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്തെ ബ്രോക്കര്‍മാരെയും വാടകവീട് ഉടമസ്ഥരെയും ആവശ്യക്കാരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രധാനമായും ഉയര്‍ന്നു വന്നത് സാമൂഹിക നിലവാരത്തെ കുറിച്ചുള്ള ചോദ്യം ചെയ്യലുകളായിരുന്നു.

എന്നു കരുതി മറ്റു പ്രശ്നങ്ങള്‍ അവിടെയില്ല എന്നല്ല. പക്ഷെ അവ എണ്ണത്തില്‍ കുറവാണെന്ന് മാത്രം. പക്ഷെ ജോലിയെ പ്രത്യേകിച്ച് ഉയര്‍ന്ന സാമൂഹിക നിലവാരമുള്ള ജോലികള്‍ ഉള്ള ആവശ്യക്കാരെയാണ് പ്രധാനമായും കച്ചവടക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഉയർന്ന സാമൂഹ്യ നിലവാരമാണെങ്കിൽ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് താമസിക്കാൻ വീട് നൽകുന്നതിൽ പ്രശ്നമില്ല എന്ന കാഴ്ചപ്പാടാണ് ഭൂരിഭാഗം ഇടങ്ങളിലുമുള്ളത്. 

കൊല്ലം ജില്ലയിലെ വാടക വീട് അന്വേഷണത്തില്‍ പ്രധാനമായും തെളിഞ്ഞത് മുസ്ലിം മത വിഭാഗങ്ങളിലുള്ളവര്‍ക്ക് വീട് കിട്ടുന്നതിലുള്ള ബുദ്ധിമുട്ടാണ്. മുസ്ലിം വിഭാഗങ്ങള്‍ക്ക് വീട് നല്‍കാന്‍ തയ്യാറല്ലായെന്ന് വീട് ഉടമകളും ബ്രോക്കര്‍മാരും ഒരേ സ്വരത്തിലാണ് പറയുന്നത്. 

കേരളത്തിന്‍റെ പോഷ് കോളനിയായ തിരുവല്ല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയുടെ അവസ്ഥയും കൊല്ലത്ത് നിന്നും വലിയ വ്യത്യാസമില്ലാത്തതാണ്. പത്തനംതിട്ടയിലെ വിവിധ മേഖലയെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മുസ്ലിം മത വിഭാഗങ്ങള്‍ക്ക് വീട് നല്‍കില്ല എന്ന് ജാതിപരമായ പ്രശ്നങ്ങളുടെ കാരണങ്ങള്‍ പറഞ്ഞ് ഒഴിയുന്നവരും സുരക്ഷ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്ക് വീട് നല്‍കാന്‍ തയ്യാറാകാത്തവരുമാണുള്ളത്. പലരും മുസ്ലിങ്ങള്‍ക്കും പാസ്റ്റർമാർക്കും വീട് നൽകാൻ മടിക്കുന്നുവെന്ന് ഒരു ഏജന്റ് പറയുന്നു. വാടകയ്കക്ക് താമസിക്കാനെത്തുന്ന മുസ്ലിം കുടുംബങ്ങള്‍ വീട് സൂക്ഷിക്കാറില്ല എന്ന കാരണമാണ് ചൂണ്ടിക്കാണിക്കുന്നത്. 

ആലപ്പുഴയിൽ കാര്യങ്ങള്‍ക്ക് കുറച്ച് കൂടി ഗൗരവം കൂടുതലാണ്. മുസ്ലിം മതവിഭാഗക്കാർക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും വീട് നൽകാൻ താൽപര്യമില്ലെന്ന് പലരും തുറന്നുപറയുന്നു. 

കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ജില്ലയാണ് കോട്ടയമെങ്കിലും ഗൗരവതരമായ മതപക്ഷപാതം കോട്ടയത്തുണ്ടെന്നാണ് അവിടത്തെ അന്വേഷണങ്ങളില്‍ തെളിഞ്ഞത്. തെക്കന്‍ ജില്ലകളില്‍ വീട് കച്ചവടക്കാര്‍ക്കുള്ള മതവിരോധം പ്രധാനമായും പ്രകടമാകുന്നത് ഗ്രാമ പ്രദേശങ്ങളിലാണെങ്കില്‍ കോട്ടയത്ത് അത് നഗരത്തിലേക്ക് കൂടി വ്യാപിക്കുന്നു. 

ഇടുക്കിയിലും പ്രശ്നങ്ങളുണ്ടെങ്കിലും നേരിയ തോതിൽ മാത്രമാണുള്ളത്. കേരളത്തില്‍ ഏറ്റവുമധികം പുറം നാട്ടുകാര്‍ പാര്‍ക്കുന്ന എറണാകുളത്തും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ഡെമോഗ്രാഫി അനുസരിച്ചുള്ള അന്വേഷണങ്ങളില്‍ മുസ്ലിം മതവിഭാഗത്തിനും അവിവാഹിതരായ സ്ത്രീകള്‍ക്കും വീട് നല്‍കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്.

തൃശൂരിലേക്ക് വന്നാല്‍ ചാലക്കുടി, പെരുംപിലാവ്, നെല്ലങ്കര എന്നീ പ്രദേശങ്ങളിലാണ് പ്രധാന പ്രശ്നങ്ങളുള്ളത്. കോട്ടയം, എറണാകുളം ജില്ലകളില്‍ നഗരപ്രദേശങ്ങളിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ തൃശൂരിലെത്തുമ്പോള്‍ തെക്കന്‍ ജില്ലകള്‍ പോലെ ഗ്രാമപ്രദേശങ്ങളിലേക്ക് മാറുന്നുണ്ട്. പാലക്കാടിനേയും ഈ ഗണത്തില്‍പ്പെടുത്താം. ഞങ്ങളുടെ അന്വേഷണത്തില്‍ കുളപ്പുള്ളിയില്‍ മാത്രമാണ് ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി തെളിഞ്ഞത്.

ഉത്തരേന്ത്യക്കാര്‍ കേരളത്തില്‍ ഏറ്റവും പ്രശ്നങ്ങളുള്ള പ്രദേശമായി കാണുന്ന മലപ്പുറത്ത് നേര്‍വിപരീതമായ അനുഭവമാണുണ്ടായത്. ഡെമോഗ്രഫി അനുസരിച്ച് മുസ്ലിം ജനവിഭാഗം കൂടുതലുള്ള ജില്ലയില്‍ മറ്റു മതവിഭാഗങ്ങള്‍ക്ക് വീട് ലാഭിക്കാനുള്ള ബുദ്ധിമുട്ടുണ്ടോ എന്നായിരുന്നു ഞങ്ങളുടെ പ്രധാന അന്വേഷണം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് വീട് കിട്ടാനുള്ള ബുദ്ധിമുട്ട് ഉണ്ടെന്നതൊഴിച്ചാല്‍ ജാതീയമായ വേര്‍തിരിവുകള്‍ മലപ്പുറത്ത് ഒട്ടും പ്രകടമല്ല. 

കോഴിക്കോട് രാമനാട്ടുകരയിലെ ചിലയിടങ്ങളില്‍ പ്രശ്നങ്ങളുണ്ടെങ്കിലും അത്ര പ്രകടമായുള്ളതല്ല. പെരുമാറ്റത്തിലും സഹകരണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ അവ കാലങ്ങള്‍ക്കിപ്പുറവും അങ്ങനെ തന്നെ നിലനിര്‍ത്തുന്നു എന്നത് ഏറെ സന്തോഷം തരുന്ന കാര്യം തന്നെയാണ്. ഞങ്ങളുടെ അന്വേഷണത്തില്‍ വയനാടും കാസര്‍കോടും ഇതുപോലെ ആനന്ദം പകരുന്ന വിവരങ്ങള്‍ തന്നെയാണ് തരുന്നത്.

ജാതി, മതം, ലിംഗം, ജീവിത നിലവാരം എന്നിങ്ങനെ തുടങ്ങി മനുഷ്യരുണ്ടാക്കുന്ന ഏതുതരം വേര്‍തിരിവുകളും ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അത് ഇവിടെ നടന്നാലും അങ്ങ് ഉത്തരേന്ത്യയില്‍ നടന്നാലും ഒരു സാധാരണ മനുഷ്യന്‍റെ മൗലികമായ അവകാശങ്ങളെ വെല്ലുവിളിക്കുന്നതാണ്.

ഗ്രാമങ്ങളുടെ നിഷ്കളങ്കതയില്‍ നിന്നും നഗരത്തിന്‍റെ ബഹളങ്ങളുടെ ഇടയില്‍ നിന്നും ഈ വിവേചനങ്ങളെ എടുത്തു കളയേണ്ടതുണ്ട്. ഓരോ ജില്ലയിലെയും പ്രശ്നങ്ങള്‍ ജില്ലയുടെ പൊതുചിത്രമല്ല എന്ന് ഒരിക്കല്‍കൂടി പറയുന്നു. എങ്കിലും പ്രശ്നങ്ങള്‍ തിരുത്തേണ്ടത് തന്നെയാണ്. വേര്‍തിരിവുകളും വര്‍ഗ്ഗീയതകളും വളരാത്ത ഒരു മണ്ണ് നമുക്കെല്ലാവര്‍ക്കും ഭാവി ജീവിതത്തിന് ആവശ്യമാണ്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.