Sun. Apr 28th, 2024

തൊഴിലില്ല, വാട്ടര്‍ മെട്രോ വില്ലനായി, ജീവിതം വഴിമുട്ടി ബോട്ട് ജീവനക്കാര്‍, തിരിഞ്ഞ് നോക്കാതെ സര്‍ക്കാര്‍ 

ഫ് സീസണ്‍ കാലമായാൽ ബോട്ട് തൊഴിലാളികള്‍ക്കും ബോട്ട് ഉടമകള്‍ക്കും ദുരിതകാലമാണ്. ഏകദേശം നൂറ് ബോട്ടുകളുള്ള മറൈന്‍ ഡ്രൈവില്‍ 20 മുതല്‍ 30 ബോട്ടുകള്‍ മാത്രമാണ് ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സര്‍വ്വീസ് നടത്തുന്നത്. ആഴ്ചയില്‍ രണ്ടോ, മൂന്നോ ദിവസം മാത്രമാണ് ഇപ്പോള്‍ ജോലിയുണ്ടാവുകയെന്നും അല്ലാത്ത ദിവസങ്ങളില്‍ ഉപജീവനത്തിനായി മറ്റ് ജോലികള്‍ കണ്ടെത്തേണ്ടതായി വരുന്നുവെന്നും തൊഴിലാളികള്‍ പറയുന്നു. 

ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ലക്ഷങ്ങളാണ് ചെലവ് വരുന്നത്. ഇതിനുപുറമെ തൊഴിലാളികളുടെ കൂലി, യാഡിന്റെ വാടക, ഇൻഷ്വറൻസ് മറ്റ് ചെലവുകൾ തുടങ്ങിയവ കൂടിയാകുമ്പോഴാണ് ഓഫ്‌ സീസൺ കാലത്ത് ബോട്ടുകൾ ഓടാതെയാകുന്നത്.

സ്രാങ്ക്, ഡ്രൈവർ, രണ്ട് ലാസ്‌കർമാർ എന്നിങ്ങനെ നാല് പേരാണ് ഇത്തരം ബോട്ടുകളിൽ ജോലി ചെയ്യുന്നത്. വെറും തുച്ഛമായ ശമ്പളത്തിനാണ് ഇവർ പണിയെടുക്കുന്നത്. ഓഫ്‌ സീസൺ ആകുമ്പോൾ അത് പോലും നൽകാൻ ബോട്ട് ഉടമകൾക്ക് കഴിയാതെ വരുന്നു.

താനൂർ ബോട്ടപകടം ബോട്ട് ജീവനക്കാരുടെ ജീവിതത്തെ വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. തുടർച്ചയായി ഉണ്ടായ ബോട്ടപകടങ്ങളും അതിന്റെ ഫലമായി നടന്ന നിരന്തര പരിശോധനകളും മറൈൻ ഡ്രൈവിലെ ബോട്ട് ജീവനക്കാർക്ക് സമ്മാനിച്ചത് പട്ടിണിയും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതമായിരുന്നു.

അപകടത്തിന് ശേഷം ബോട്ട് സവാരിക്കായി എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. ‘ലൈസൻസ് കട്ട് ചെയ്യുമെന്ന പേടിയുള്ളതിനാൽ പരിധിയിൽ കൂടുതൽ പേരെ ബോട്ടിൽ കയറ്റാറില്ല. എന്നാൽ അപകടങ്ങള്‍ ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ ഭീതിയെ തുടർന്ന് പലരും ടൂറിസ്റ്റ് ബോട്ടുകളിൽ കയറാൻ മടി കാണിക്കുന്നുവെന്ന്’  ബോട്ട് ജീവനക്കാർ പറയുന്നു.

ബോട്ടിൽ യാത്ര ചെയ്യാനെത്തുന്ന യാത്രക്കാരുടെ ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടാകുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാർക്ക് നൽകുന്ന ലൈഫ് ജാക്കറ്റുകള്‍ കൃത്യമായി ധരിക്കാതെ അശ്രദ്ധമായി വലിച്ചെറിയുകയും ചവിട്ടി നശിപ്പിക്കുകയും ചെയ്യുന്നു. ബോട്ടിന്റെ മേൽത്തട്ടിൽ യാത്ര ചെയ്യുന്നവർ ഫോട്ടോയെടുക്കാനെന്ന പേരിൽ എഴുന്നേറ്റ് നടക്കുന്നതും ബോട്ട് ഉലയാൻ കാരണമാകുന്നുണ്ട്.

നിലവിലെ അവസ്ഥയ്ക്ക് ഇരട്ട പ്രഹരമെന്നോണമായിരുന്നു വാട്ടർ മെട്രോയുടെ കടന്നുവരവ്. മണിക്കൂറിൽ 150 രൂപ എന്ന നിരക്കിലാണ് മറൈൻ ഡ്രൈവിൽ ബോട്ടുകള്‍ സർവ്വീസ് നടത്തുന്നത്. എന്നാൽ 20 രൂപയ്ക്ക് കുറഞ്ഞ സമയത്തിൽ കായൽ യാത്ര സാധ്യമാകുന്നതിനാൽ കൂടുതൽ പേരും വാട്ടർ മെട്രോയെയാണ് ആശ്രയിക്കുന്നത്. ജനങ്ങള്‍ക്കിടയിൽ വാട്ടർ മെട്രോക്ക് ലഭിച്ച സ്വീകാര്യത തങ്ങളുടെ ഉപജീവനമാർഗത്തിന് വിലങ്ങുതടിയായെന്ന് ബോട്ട് തൊഴിലാളി സന്തോഷ് പറയുന്നു. 

ബോട്ടുകളുടെ സർവ്വേ നടപടികള്‍ നടക്കാത്തതാണ് ബോട്ട് ജീവനക്കാരെ വലയ്ക്കുന്ന മറ്റൊരു പ്രശ്നം. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ചീഫ് സർവേയർ സസ്പെൻഷനിലായതോടെയാണ് സർവ്വേ നടപടികള്‍ മുടങ്ങിയത്. അറ്റകുറ്റപ്പണികള്‍ പൂർത്തിയായിട്ടും ബോട്ടുകള്‍ നീറ്റിലിറക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ചീഫ് സർവേയർ എത്തി പരിശോധന നടത്തിയ ശേഷം സർവേ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ ബോട്ട് സർവ്വീസിനിറക്കാൻ കഴിയുകയുള്ളൂ. ഇതിനെടുക്കുന്ന കാലതാമസം തങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ഇവർ പറയുന്നു. 

ബോട്ട് നിർമാണവും അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മാറിക്കൊണ്ടിരിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി ബോട്ട് ഉടമകളിലേക്ക് എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. ബോട്ട് വ്യവസായം മുന്നോട്ട് കൊണ്ട് പോകുന്നതിൽ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലായെന്ന് ബോട്ട് ഉടമകള്‍ പറയുന്നു. വിവിധ പദ്ധതികള്‍ക്കായി ഇത്രയും തുക മുടക്കുന്ന സർക്കാർ, ടൂറിസം വകുപ്പിന് വികസനം ഉണ്ടാക്കാൻ കഴിയുന്ന പലർക്കും ജീവിതമാർഗമായ ബോട്ട് വ്യവസായത്തെ ഉയർത്തിക്കൊണ്ടുവരാൻ എന്തുകൊണ്ടാണ് ശ്രമിക്കാത്തതെന്ന് ഇവർ ചോദിക്കുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.