Sun. Nov 17th, 2024

അതുവരെ പരിചയം ഇല്ലാത്ത ആളുകള്‍ തന്റെ റൂമിലേയ്ക്ക് കയറിവന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായി ഉപദ്രവിച്ചതായും മുറിയില്‍ പൂട്ടിയിട്ടതായും റോഷന്‍ പറയുന്നു

 

നായരമ്പലം കരുണ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ റോഷന് ജര്‍മനിയിലെ ബെര്‍ലിനില്‍ വെച്ചു നടന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ഡല്‍ഹിയിലെ ഒളിമ്പിക്‌സ് ക്യാമ്പില്‍ വരെ എത്തിയ റോഷന് ബെര്‍ലിനിലേയ്ക്ക് പോകാന്‍ കഴിഞ്ഞില്ല.

ഡല്‍ഹിയിലെ ഒളിമ്പിക്സ് ക്യാമ്പില്‍ എത്തിയ റോഷന് സമാനതകളില്ലാത്ത ക്രൂരതയാണ് നേരിടേണ്ടി വന്നത്. ബുദ്ധിവൈകല്യമുള്ള ആളുകളോട് കാണിക്കേണ്ട പരിഗണണപോലും റോഷന് ലഭിച്ചില്ലെന്ന് മാത്രമല്ല ജര്‍മനിയിലേയ്ക്ക് പോകേണ്ട തലേദിവസം റോഷന്റെ പാസ്പ്പോര്‍ട്ട്, വിസ എന്നിവ നശിപ്പിക്കപ്പെടുകയാണ് ഉണ്ടായത്.

അതുവരെ പരിചയം ഇല്ലാത്ത ആളുകള്‍ തന്റെ റൂമിലേയ്ക്ക് കയറിവന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായി ഉപദ്രവിച്ചതായും മുറിയില്‍ പൂട്ടിയിട്ടതായും റോഷന്‍ പറയുന്നു. സംഭവത്തിനു ശേഷം കേന്ദ്ര മന്ത്രി വി മുരളീധരന്‍, സ്ഥലം എംഎല്‍എ ഹൈബി ഈഡന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നാണ് കരുണ സ്പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിമല്‍ ഗ്രേസ് പറയുന്നത്.

സ്പെഷ്യല്‍ ഒളിമ്പിക്സ് ഫുട്ബോള്‍ ടീമിലേയ്ക്ക് റോഷന്‍ തെരഞ്ഞെടുക്കപ്പെടുന്നത് ഒരു വര്‍ഷക്കാലം നീണ്ടുനിന്ന സെലക്ഷന്‍ പ്രോസസിലൂടെയാണ്. സമൂഹത്തിലെ വിവിധ കോണില്‍ നിന്നും മാറ്റിനിര്‍ത്തല്‍ അനുഭവിച്ച റോഷന് ഒരു പിടിവള്ളിയായിരുന്നു സ്പെഷ്യല്‍ ഒളിമ്പിക്സ്.

റോഷനും കരുണ സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിമല്‍ ഗ്രേസും ഡല്‍ഹിയിലെ ഒളിമ്പിക്സ് ക്യാമ്പിലേയ്ക്ക് പോകാന്‍ വിമാനത്താവളത്തില്‍ നില്‍ക്കുന്നു

മെസ്സിയുടെ ആരാധകനായ, ഫുട്ബോള്‍ കോച്ചാവണമെന്ന് ആഗ്രഹിക്കുന്ന റോഷന്‍, ജര്‍മനിയില്‍ പോയി തിരിച്ചുവരുമ്പോള്‍ വിമാനത്താവളത്തില്‍ ആദരവ് ഏറ്റുവാങ്ങുന്നതും തന്നെ മാറ്റിനിര്‍ത്തിയവര്‍ ചേര്‍ത്ത്പിടിക്കുന്നതും സ്വപ്നം കണ്ടിരുന്നു. ക്യാമ്പിലെ പരിശീലനത്തിനിടെ റോഷന് പരിക്ക് പറ്റുകയും ആ പരിക്കിനെ തുടർന്ന്  ഗുരുതരമാക്കുന്ന ക്രൂരതകള്‍ അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്.

പരിക്കുമായി തിരിച്ച് നാട്ടിലെത്തിയ റോഷന്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമായാണ് തിരിച്ചുപോയത്. കാരണം റോഷന് ഒളിമ്പിക്സില്‍ പങ്കെടുക്കല്‍ ഒരു ജീവിതസമരം കൂടിയായിരുന്നു. ടീമിലെ ഏറ്റവും മികച്ച അഞ്ചു കളിക്കാരില്‍ ഒരാളാണ് റോഷന്‍ എന്ന് കോച്ച് തന്നെ പറയുന്നുണ്ട്. എന്നാല്‍ ഒളിമ്പിക്സ് ക്യാമ്പില്‍ റോഷനെ കാത്തിരുന്നത് മനുഷ്യത്വരഹിതമായ അനുഭവമായിരുന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.