Sun. May 5th, 2024

ബിബിസിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍‘; ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഡോക്യുമെന്ററി. മോദിയെ കുറ്റാരോപിതനാക്കുന്ന ഈ ഡോക്യുമെന്ററി നിരവധി ചോദ്യങ്ങള്‍ നിരത്തുകയും വലിയ വിവാദങ്ങളിലേക്ക് വഴി തുറക്കുകയും ചെയ്തിരുന്നു. ഇതോടെ ഉറക്കം നഷ്ടപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടാണ് ബിബിസി നിരത്തിയ തെളിവുകളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്.

തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന അല്ലെങ്കില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സത്യങ്ങൾ വിളിച്ചു പറയുന്നവരെ അധികാരത്തിന്റെ പിന്‍ബലത്തില്‍ നേരിടാമെന്ന ധാര്‍ഷ്ഠ്യ മനോഭാവമാണ് മോദി സര്‍ക്കാര്‍ പിന്തുടര്‍ന്ന് പോരുന്നത്. അതിന്റെ മറ്റൊരു ഉദാഹരണമാണ് ഇന്ത്യ…ഹു ലിറ്റ് ദി ഫ്യൂസ്

ബിബിസി ഡോക്യുമെന്ററിക്ക് പിന്നാലെ അല്‍ജസീറയുടെ ഇന്ത്യ../ഹു ലിറ്റ് ദി ഫ്യൂസ് എന്ന ഡോക്യുമെന്ററിക്കും ഇപ്പോള്‍ ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അലഹബാദ് ഹൈക്കോടതിയുടേതാണ് നടപടി.‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന് വിലക്കേര്‍പ്പെടുത്താന്‍ കാരണം ഗുജറാത്ത് കലാപമായിരുന്നുവെങ്കില്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ മോദിക്ക് കീഴില്‍ അരക്ഷിതരെന്ന് പറഞ്ഞതാണ് ഇന്ത്യ..ഹു ലിറ്റ് ദി ഫ്യൂസിന്റെ പ്രശ്‌നം.

അല്‍ജസീറയ ചാനല്‍ Screen-grab, Copyrights: Aljazeera

ഇന്ത്യ..ഹു ലിറ്റ് ദി ഫ്യൂസ്’ രാജ്യത്തെ 172 ദശലക്ഷം മുസ്ലിങ്ങളും നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ അരക്ഷിതരായാണ് ജീവിക്കുന്നതെന്ന് പ്രചരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സുധീര്‍ കുമാര്‍ എന്ന ആക്ടിവിസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. രാജ്യത്തെ മുസ്ലിങ്ങളുടെ താല്പര്യത്തിന് വിരുദ്ധമായാണ് അല്‍ജസീറയുടെ ഡോക്യുമെന്ററി സംസാരിക്കുന്നതെന്നും, ഡോക്യമെന്ററിക്ക് പ്രദര്‍ശനാനുമതി നല്‍കിയാല്‍ അത് സാമൂഹിക ഐക്യത്തെ ബാധിക്കുമെന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

ഡോക്യുമെന്ററി സംപ്രേഷണം ചെയ്താല്‍ ഉണ്ടാകാനിടയുള്ള ദൂഷ്യഫലങ്ങള്‍ കണക്കിലെടുത്ത് ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ പ്രദര്‍ശനം മാറ്റിവെയ്ക്കുന്നുവെന്നാണ് കോടതി വ്യക്തമാക്കിയത്. ഇത്തരം നടപടികളിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള പൗരന്റെ അവകാശം ഇല്ലാതാക്കപ്പെടുകയാണ് ചെയ്യുന്നത്. ആവശ്യമായ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതുവരെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാനുള്ള ഓരോ ഇടങ്ങളും സര്‍ക്കാര്‍ ബോധപൂര്‍വ്വം വെട്ടിക്കുറയ്ക്കുകയാണെന്ന ആശങ്കയും ഇതോടെ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനാണ് സര്‍ട്ടിഫിക്കേഷന്‍ ആവശ്യമുള്ളതെന്നും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും സുപ്രീം കോടതി അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തില്‍, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നുണ്ടെന്നും അത് പലതവണ സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ Screen-grab, Copyrights: Streaming digitally

ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായാണ് ഇപ്പോഴത്തെ വിലക്ക് എന്നതാണ് മറ്റൊരു പ്രത്യേകത. സംപ്രേഷണം ചെയ്ത് വിവാദങ്ങള്‍ ഉടലെടുത്ത് തുടങ്ങിയപ്പോഴാണ് ബിബിസിയുടെ ഡോക്യുമെന്ററിയുടെ സംപ്രേഷണം ഇന്ത്യയില്‍ വിലക്കിയത്. എന്നാലിവിടെ മുന്‍കരുതലെന്നോണം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് അല്‍ജസീറയുടെ ഡോക്യുമെന്ററിക്ക് നേരെയുള്ള നടപടി. ‘

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുകയോ അയല്‍രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തെ തടസ്സപ്പെടുത്തുകയോ ചെയ്താല്‍ മാത്രമേ സംസ്ഥാനത്തിന് ഒരു സംപ്രേഷണം നിയന്ത്രിക്കാന്‍ കഴിയൂ. ഒരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് കഴിഞ്ഞാല്‍ മാത്രമേ സംസ്ഥാനത്തിന് അത് നിരോധിക്കാന്‍ കഴിയൂ. പ്രദര്‍ശിപ്പിച്ചതിന് ശേഷം കലാപമുണ്ടായാല്‍, അത് നിരോധിക്കാം, പക്ഷേ ഇത്തരത്തില്‍ തികച്ചും മുന്‍വിധിയോടു കൂടി പ്രവര്‍ത്തിക്കരുതെന്ന് കോളിന്‍ ഗോണ്‍സാല്‍വസ് വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ വിധി എന്നുവേണം പറയാന്‍.

2021 ലെ കര്‍ഷക പ്രതിഷേധത്തെ സര്‍ക്കാര്‍ നേരിടുന്നതിനെ വിമര്‍ശിക്കുന്ന അക്കൗണ്ടുകള്‍ തടഞ്ഞില്ലെങ്കില്‍ ട്വിറ്റര്‍ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി മുന്‍ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും ചില പത്രപ്രവര്‍ത്തകരുടെയും അക്കൗണ്ടുകള്‍ തടയണമെന്നും അവരുടെ വിവരങ്ങള്‍ നല്‍കണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. വിമര്‍ശിക്കുന്നവരെയും സര്‍ക്കാരിന്റെ തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാട്ടുന്നവരെയും അന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ചും ഭീഷണിയുടെ സ്വരത്തിലും അടിച്ചമര്‍ത്തുന്ന ശ്രമങ്ങളാണ് ജനാധിപത്യ രാഷ്ടമായ ഇന്ത്യയില്‍ മോദിയുടെ ഭരണത്തിന് കീഴില്‍ നടക്കുന്നത്.

നരേന്ദ്ര മോദിയുടെയും ബിജെപി സര്‍ക്കാരിന്റെയും പ്രതിച്ഛായക്ക് കോട്ടം വരാതിരിക്കാനാണ് 2023 ജനുവരിയില്‍ റിലീസ് ചെയ്ത ബിബിസിയുടെ ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും വിലക്കേര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ മറുഭാഗത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്ന ദി കേരള സ്‌റ്റോറി പോലുള്ള ചിത്രങ്ങള്‍ കൊട്ടിയാഘോഷിക്കുകയാണ്. മാത്രമല്ല, അധികാരം കയ്യാളുന്നവരും ബിജെപി നേതാക്കന്മാരും സിനിമയക്ക് വ്യാപകമായ പ്രചാരണം നല്‍കുകയും ചെയ്തിരുന്നു. സംഘപരിവാറിന് വേണ്ടി പൊള്ളത്തരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സുദീപ്‌തോ സെന്‍ ഉണ്ടാക്കിയ ചിത്രമായിരുന്നു ദ കേരള സ്റ്റോറി.

ദ കേരള സ്റ്റോറി Screen-grab, Copyrights: koimoi

കേരളത്തില്‍ നിന്ന് 32000 പെണ്‍കുട്ടികള്‍ ഐസ്‌ഐസ്സിലേക്ക് പോയെന്ന് പ്രചരിപ്പിച്ച് ട്രെയിലര്‍ റിലീസ് ചെയ്ത ചിത്രം നാനഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ചിത്രത്തിലെ വസ്തുതാവിരുദ്ധത ചൂണ്ടിക്കാട്ടി നിരോധനം ഏര്‍പ്പെടുത്തമെന്ന് ആവശ്യപ്പെട്ട് കേരളത്തിലും തെക്കേ ഇന്ത്യയിലും വ്യാപക പ്രതിഷേധമാണ് നടന്നത്. ഇതേ തുടര്‍ന്ന് 32000 എന്ന കള്ളക്കണക്ക് വെറും മൂന്നിലേക്ക് ചുരുങ്ങി വീണ്ടും പ്രചാരണം നടത്തി. മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമര്‍ശങ്ങളും പ്രോത്സാഹിപ്പിക്കുന്ന ദ കേരള സ്‌റ്റോറി എന്ന ചിത്രം, യഥാര്‍ത്ഥ കേരളത്തിന്റെ കഥ പറയുന്നതാണെന്നായിരുന്നു സംഘപരിവാറിന്റെയും ബിജെപി നേതാക്കന്മാരുടെയും അവകാശവാദങ്ങള്‍.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ തുറന്നു കാട്ടുന്നവയ്ക്ക് നിരോധനവും പൊള്ളത്തരങ്ങള്‍ വിളിച്ചുപറയുന്ന സംഘപരിവാറിന്റെ ചിത്രങ്ങള്‍ക്ക് പ്രാചാരണവും നല്‍കുന്ന പ്രവണതയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ദ കേരള സ്റ്റോറി സിനിമയെ പുകഴ്ത്തി കേരളത്തെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചതും ഇതിന് ഉദാഹരണമാണ്. കേരളത്തിലെ തീവ്രവാദ ഗൂഢാലോചന ഈ സിനിമയിലൂടെ വെളിപ്പെടുത്തുന്നുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം.

സിനിമകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും പുറമെ പ്രതിഷേധങ്ങളെ തുടര്‍ന്ന് നാടകങ്ങളും നിര്‍ത്തിവെച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ അടുത്താണ് കേരളത്തില്‍ ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കക്കുകളി നാടകം നിര്‍ത്തിവെയ്ക്കുന്നത്. കന്യാസ്ത്രീ മഠത്തിലെത്തിപ്പെടുന്ന പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കഥ പറയുന്നതായിരുന്നു കക്കുകളി നാടകം.

നാടകം കന്യാസ്ത്രീ മഠങ്ങളെ മനഃപൂര്‍വം അപമാനിക്കാനുള്ളതാണെന്ന് ചൂണ്ടിക്കാട്ടി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. നാടകം കളിക്കുന്നിടത്തെല്ലാം വൈദികരും കന്യാസ്ത്രീകളും പ്രതിഷേധവുമായി എത്തി. തൊട്ടപ്പന്‍ എന്ന കഥാസമാഹാരത്തിലെ കഥയായിരുന്ന ‘കക്കുകളി’യുടെ സ്വതന്ത്രാവിഷ്‌കാരമായിരുന്നു നാടകം.നാടകം ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കില്‍ അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താൽക്കാലികമായി നാടകം നിര്‍ത്തിവെച്ചിരിക്കുന്നത്.

കക്കുകളി നാടകം Screen-grab, Copyrights: The Hindu

സര്‍ക്കാരിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് നടത്തുന്നത്. വസ്തുതകള്‍ക്ക് താക്കീതും വസ്തുതാവിരുദ്ധതയ്ക്ക് പ്രോത്സാഹനവും നല്‍കുന്ന സമീപനമാണ് സര്‍ക്കാരുകള്‍ സ്വീകരിച്ചു പോരുന്നത്. വിവാദങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യ ദി മോദി ക്വസ്റ്റിയനും ദ കേരള സ്‌റ്റോറിയുമൊക്കെ ചര്‍ച്ചാ വിഷയമായത്. അതിന് മുന്‍പും അധികാരികളുടെയും മറ്റും പ്രത്യേക താല്പര്യങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഡോക്യുമെന്ററികളും സിനിമകളുമുണ്ട്.

സത്യജിത് റേയുടെ സിക്കിം

1971 ല്‍ പുറത്തിറങ്ങിയ സത്യജിത് റേയുടെ സിക്കിം എന്ന ഡോക്യുമെന്ററി ചിത്രം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. സിക്കിമിന്റെ സ്വതന്ത്ര രാഷ്ട്രമെന്ന പരമാധികാരത്തെ അനുകൂലിച്ചു കൊണ്ടുള്ള ഡോക്യുമെന്ററി ആയിരുന്നു. സിക്കിമിന് മേലുള്ള ഇന്ത്യയുടെയും ചൈനയുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഒരുപോലെ എതിരായിരുന്നു ഈ ചിത്രം. സിക്കിമിന്റെ ഔദ്യോഗിക മതം ബുദ്ധമതമായിരുന്നപ്പോള്‍ സമീപത്തെ ടിബറ്റില്‍ നിന്നുള്ള ധാരാളം ഹിന്ദുക്കള്‍ കുടിയേറി സിക്കിമിനെ തങ്ങളുടേതാക്കിയെന്ന് ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. സിക്കിം ഇന്ത്യയുടെ ഭാഗമായതിന് പിന്നാലെ 1975 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തി. പിന്നീട് 2010 സെപ്റ്റംബറിലാണ് ചിത്രത്തിന്റെ നിരോധനം വിദേശകാര്യ മന്ത്രാലയം നീക്കിയത്.

ഖാക് ഔര്‍ ഖൂന്‍

1947 ലെ ഇന്ത്യ- പാകിസ്ഥാന്‍ വിഭജനമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നാസിം ഹിജാസിയുടെ നോവലില്‍ നിന്നുള്ള ചരിത്ര സിനിമയാണ് ഖാക് ഔര്‍ ഖൂന്‍. വിഭജന സമയത്ത് കുടിയേറ്റക്കാര്‍ നേരിടേണ്ടി വന്ന ക്രൂരതകളും ബലാത്സംഗവും കൂട്ടക്കൊലയും ഒക്കെ വിവരിക്കുന്നതാണ് ചിത്രം. മുസ്ലീം കുടിയേറ്റക്കാരോട് കാണിക്കുന്ന ക്രൂരതയാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. ഇതേ തുടര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്.

ബൻഡിറ്റ് ക്വീന്‍

ഫൂലന്‍ ദേവിയുടെ കഥ പറഞ്ഞ സിനിമയാണ് ബൻഡിറ്റ് ക്വീന്‍. ഉയര്‍ന്ന ജാതിക്കാരുടെ ലൈംഗിക പീഡനത്തിന് വിധേയമായ പൂര്‍വകാലം കൊള്ളക്കാരിയാക്കി മാറ്റിയ ഫൂലന്റെ കഥ പറയുന്ന സിനിമയാണ്. സീമ ബിശ്വാസ് ആയിരുന്നു ഫൂലന്‍ ദേവിയായി വേഷമിട്ടത്. ഫൂലന്‍ ദേവി ചിത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തുകയാണ് ഉണ്ടായത്.

ബൻഡിറ്റ് ക്വീൻ Screen-grab, Copyrights: youtube

കുറ്റപത്രികൈ

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവും ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. 1991 ല്‍ പുറത്തിറങ്ങിയ ചിത്രം പല വെട്ടിച്ചുരുക്കലുകളും സെന്‍സറുകളും കഴിഞ്ഞ് 2006 ലാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈളത്തെ (എല്‍ടിടിഇ)യെ പിന്തുണയ്ക്കുന്നുവെന്നാണ് പറയുന്നത്. ശക്തമായ രാഷ്ട്രീയ ആശയങ്ങള്‍ ഉള്ളതിനാലാണ് ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നിഷേധിക്കപ്പെട്ടത്. ആര്‍ കെ സെല്‍വമണിയാണ് ചിത്രം സംവിധാനം ചെയ്തത്.

ബ്ലാക്ക് ഫ്രൈഡേ

ഏറെ നിരൂപക പ്രശംസ നേടിയ അനുരാഗ് കശ്യപിന്റെ ബ്ലാക്ക് ഫ്രൈഡേ നിരോധനം നേരിടേണ്ടി വന്ന ചിത്രമാണ്. 1993 മുംബൈ സ്‌ഫോടനത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ് ബ്ലാക്ക് ഫ്രൈഡേ. മാധ്യമപ്രവര്‍ത്തകന്‍ ഹുസൈന്‍ സെയ്ദിയുടെ മുംബൈ സ്‌ഫോടനത്തെ കുറിച്ച് എഴുതിയ ബ്ലാക്ക് ഫ്രൈഡെ- ദ ട്രൂ സ്റ്റോറി ഓഫ് ബോംബെ ബോംബ് ബ്ലാസ്റ്റ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് ചിത്രം.

മൂന്ന് വര്‍ഷത്തോളം ഗവേഷണം നടത്തിയതിന് ശേഷമാണ് ചിത്രം യാഥാര്‍ത്ഥ്യമായത്. ഏറെ സെന്‍സിറ്റീവ് ആയ വിഷയം ഒട്ടും മായം ചേര്‍ക്കാതെയായിരുന്നു ആവിഷ്‌കരിച്ചത്. യഥാര്‍ത്ഥ സ്‌ഫോടനക്കേസ് വിചാരണ ഘട്ടത്തിലായിരുന്നതിനാല്‍ ചിത്രത്തിനു പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടു. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്.

ബ്ലാക്ക് ഫ്രെെഡെ Screen-grab, Copyrights: hotstarext

ഫിറാക്

ഗുജറാത്ത് കലാപത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഫിറാക്. 2009 ല്‍ നന്ദിത ദാസാണ് ചിത്രം സംവിധാനം ചെയ്തത്. ഗുജറാത്ത് കലാപത്തില്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായിക ഹിന്ദു-മുസ്ലീം സമുദായത്തില്‍ നിന്നും ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ആദ്യം സെന്‍സര്‍ ബോര്‍ഡ് ചിത്രം ബാന്‍ ചെയ്തിരുന്നു. പിന്നീട് അനുമതി ലഭിച്ചെങ്കിലും സിനിമ പറഞ്ഞത് സാമുദായിക വിഷയമായതിനാല്‍ ഗുജറാത്തില്‍ ബാന്‍ ചെയ്തിരുന്നു. നസ്രുദ്ദീന്‍ ഷാ, ദീപ്തി നേവല്‍, സഞ്ജയ് സുരി, നവാസുദ്ദീന്‍ സിദ്ദിഖി, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

പര്‍സാനിയ

ഗുജറാത്ത് കാലാപത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ചിത്രമാണ് പര്‍സാനിയ. 2002 ലെ ഗുജറാത്ത് കലാപത്തില്‍ അസഹര്‍ എന്ന പാവ്‌സി ബാലനെ കാണാതെയാകുന്ന യഥാര്‍ത്ഥ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് പറഞ്ഞതിനാല്‍ സംസ്ഥാനത്ത് രാഷ്ട്രീയ വിദ്വേഷങ്ങള്‍ക്ക് വഴിയൊരുക്കുകയും ഗുജറാത്തിലെ പ്രദര്‍ശനത്തിന് തടസ്സം നേരിടുകയും ചെയ്തു.

വാട്ടര്‍

ഇന്ത്യയിലെ വിധവകളുടെ ഇരുണ്ട ജീവിതത്തെ അടിസ്ഥാനമാക്കി ദീപ മേത്ത സംവിധാനം ചെയ്ത ചിത്രമാണ് വാട്ടര്‍. അനുരാഗ് കശ്യപിന്റേതാണ് തിരക്കഥ. ഒരുപാട് വിമര്‍ശനങ്ങളും വിവാദങ്ങളുമാണ് ചിത്രം നേരിട്ടത്. എട്ട് വയസ്സുള്ള ബാലികയായ വിധവയുടെ കഥയാണ് പറയുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തെ മുറിപ്പെടുത്തുന്നുവെന്നാരോപിച്ച് ഹിന്ദുത്വവാദികള്‍ അന്ന് ചിത്രീകരണം നടന്നിരുന്ന സെറ്റുകള്‍ കത്തിക്കുകയും ചെയ്തിരുന്നു. വാരാണാസിയില്‍ ചിത്രീകരണം നടത്തിയിരുന്ന ദീപക്കെതിരെ വധഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് ശ്രീലങ്കയിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍)

ഡല്‍ഹി കൂട്ടബലാത്സംഗത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിയാണ് ഇന്ത്യാസ് ഡോട്ടര്‍. ഇന്ത്യയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് നേരിട്ടിരുന്നു. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളിലൊരാളുമായി നടത്തിയ അഭിമുഖം ഡോക്യുമെന്ററിയിലുള്ളതിനാലാണ് ഇന്ത്യയിലെ സംപ്രേഷണത്തിന് കേന്ദ്ര വാര്‍ത്താ വിക്ഷേപണം മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്.

പ്രതികളുടെ ക്രൂര മനോഭാവമാണ് അഭിമുഖത്തിലൂടെ പുറത്തു കാണിച്ചതെന്ന് സംവിധായക പറഞ്ഞു. ഡോക്യുമെന്ററിയില്‍ സെന്‍സേഷണലായി ഒന്നുമില്ലെന്നും ബലാത്സംഗത്തിനെതിരെയും ലിംഗനീതിക്കായുള്ള പ്രചാരണവുമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നുമായിരുന്നു സംവിധായ വിവദാങ്ങളില്‍ പ്രതികരിച്ചത്.

ഇന്ത്യാസ് ഡോട്ടർ Screen-grab, Copyrights: imdb

ആന്തം ഫോര്‍ കാശ്മീര്‍

കാശ്മീര്‍ ഫയല്‍സിനെതിരെ റിലീസ് ചെയ്ത ഷോര്‍ട്ട് ഫിക്ഷനാണ് ആന്തം ഫോര്‍ കാശ്മീര്‍. കാശ്മീരിന്റെ വര്‍ത്തമാന അവസ്ഥകള്‍ വെളിപ്പെടുത്തുന്ന ചിത്രമായിരുന്നു ആന്‍തം ഫോര്‍ കാശ്മീര്‍. കേന്ദ്ര സര്‍ക്കാരാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. കാശ്മീരിലെ തെരുവുകളിലൂടെയും വീടുകളിലൂടെയുമുള്ള സത്യസന്ധമായ ക്യാമറാസഞ്ചാരത്തിലൂടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാശ്മീരിലെ സ്ത്രീകളും കുട്ടികളുമടക്കം നേരിടുന്ന മനുഷ്യാവകാശലംഘനങ്ങളും ഏറ്റുമുട്ടലുകളെക്കുറിച്ച് അവര്‍ക്ക് പറയാനുള്ളതാണ് ചിത്രത്തിലുള്ളത്. ബിബിസി ഡോക്യുമെന്ററി ബാന്‍ ചെയ്ത 69 എ പ്രകാരമാണ് ആന്‍തം ഫോര്‍ കാശ്മീരും കേന്ദ്ര സര്‍ക്കാര്‍ ബാന്‍ ചെയ്തത്.

കൃത്യമായ തെളിവുകള്‍ നിരത്തപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും നേരെയുള്ള കൈകടത്തലാണ് ഇത്തരം പ്രവൃത്തികളിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരുടെ വാമൂടിക്കെട്ടുന്ന അവസ്ഥ. സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കുന്നവരും തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരുമൊക്കെ ഇന്ന് അറസ്റ്റ് ചെയ്യപ്പെടുകയോ ഇത്തരത്തില്‍ നിരോധിക്കപ്പെടുകയോ ആണ് ചെയ്യുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം