Wed. Apr 24th, 2024

ന്നര മാസം പിന്നിട്ടിട്ടും മണിപ്പൂരിലെ കലാപത്തീ അണയുന്നില്ല. മണിപ്പൂര്‍ നിന്ന് കത്തുന്നതിനെ തുടര്‍ന്ന് രാജ്യം ആശങ്കയിലാണ്. രാജ്യത്തെ പൗരന്മാര്‍ പരസ്പരം ആയുധമെടുത്ത് പോരാടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. നൂറിലധികം പേരുടെ ജീവന്‍ നഷ്ടമായ മണിപ്പൂരില്‍ ശാശ്വത പരിഹാരം കാണാന്‍ പോലും ഇതുവരെ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. യഥാര്‍ത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് പറയുന്നത്. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇംഫാല്‍ വെസ്റ്റില്‍ മന്‍ കി ബാത്ത് പ്രക്ഷേപണത്തിനിടെ പ്രതിഷേധവുമായെത്തിയവര്‍ റേഡിയോ ട്രാന്‍സ്മിറ്ററുള്‍പ്പെടെ തകര്‍ത്തതാണ് മണിപ്പൂരില്‍ നിന്നും വരുന്ന കലാപത്തിന്റെ ഏറ്റവും ഒടുവിലെ വാര്‍ത്ത. ‘മന്‍ കി ബാത്ത് അല്ല, മണിപ്പൂര്‍ കി ബാത്ത്’ ആണ് സംസാരിക്കേണ്ടതെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാര്‍ ഇവിടേക്ക് എത്തിയത്.  മന്ത്രി രാജ്കുമാര്‍ രഞ്ജന്റെ ഇംഫാലിലെ വസതി ആയിരത്തിലേറെ വരുന്ന ജനക്കൂട്ടം കഴിഞ്ഞ ദിവസം അഗ്നിക്കിരയാക്കിയിരുന്നു. വസതിക്ക് കാവല്‍ നിന്നിരുന്ന സുരക്ഷ ഉദ്യോഗസ്ഥരെ പെട്രോള്‍ ബോംബെറിഞ്ഞ് ഓടിച്ചതിന് ശേഷമായിരുന്നു ആള്‍ക്കുട്ടത്തിന്റെ ആക്രമണം.

മണിപ്പൂരിലെ സംഘർഷ മേഖല Screen-grab, Copyrights: livemint

ഇംഫാലില്‍ കര്‍ഫ്യൂ നിലനില്‍ക്കെയാണ് മന്ത്രിയുടെ വസതി ആയിരത്തിലധികം വരുന്ന അക്രമകാരികള്‍ അഗ്നിയ്ക്കിരയാക്കിയത്. രണ്ടാം തവണയാണ് മന്ത്രിയുടെ വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. കലാപകാരികളുടെ ആക്രമണത്തില്‍ മന്ത്രി നെംച കിപ്ഗന്റെ ഇംഫാലിലെ ഔദ്യോഗിക വസതി ഭാഗികമായി കത്തി നശിച്ചിരുന്നു. ഇങ്ങനെ മണിപ്പൂര്‍ കലാപകലുഷിതമായിക്കൊണ്ടിരിക്കുമ്പോഴും വിഷയത്തില്‍ പ്രധാനമന്ത്രി ഇപ്പോഴും മൗനത്തിലാണ്.

ഒരു സംസ്ഥാനത്തെ ജനത പരസ്പരം ഏറ്റുമുട്ടുമ്പോഴും, അവിടം രക്തരൂക്ഷിതമായി മാറിക്കൊണ്ടിരിക്കുമ്പോഴും രാജ്യത്തെ പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്ന മൗനമാണ് ആശ്ചര്യപ്പെടുത്തുന്നത്. പ്രധാനമന്ത്രി യുഎസ് സന്ദര്‍ശനത്തിനായി പോകുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ കലാപ സാഹചര്യം അദ്ദേഹവുമായി ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ബിരേന്‍ സിങ് ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണ്. മണിപ്പൂരിലെ മെയ്‌തേയി വിഭാഗക്കാരായ ബിജെപി എംഎല്‍എമാരും 10 പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രിയെ കാണാനുള്ള അനുമതിക്കായി കാത്തു നില്‍ക്കുകയാണ്. നേതാക്കള്‍ ഡല്‍ഹിയിലെത്തി 10 ദിവസമായിട്ടും അവരെ കാണാന്‍ കൂട്ടാക്കാത്ത പ്രധാനമന്ത്രിയുടെ തീരുമാനമാണ് സംശയങ്ങള്‍ക്കിടയാക്കുന്നത്.

നരേന്ദ്ര മോദി Screen-grab, Copyrights: The wire

മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെതിരെ മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബിയും വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ‘സംസ്ഥാനത്തൊട്ടാകെ കരച്ചിലും നിലവിളിയുമാണ്. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണ്. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലേ? ആണെങ്കില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രതികരണങ്ങള്‍ക്ക് തയ്യാറാകാത്തതെന്നാണ്’ ഒക്രം ഇബോബി ചോദിക്കുന്നത്. സമാധാനം തേടിയാണ് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നതെന്ന് പറയുകയാണ് അദ്ദേഹം. എന്നാല്‍ സംസ്ഥാനത്തെ സാഹചര്യം ഇത്രത്തോളം മോശമായി തുടരുന്നതിനിടെയാണ് വിഷയത്തില്‍ ഒരു വാക്ക് പോലും സംസാരിക്കാതെ മോദി വിദേശ പര്യടനത്തിന് പോകാനൊരുങ്ങുന്നത്.

സമാധാന ചര്‍ച്ചകളുമായി ദിവസങ്ങളോളം അമിത് ഷാ മണിപ്പൂരില്‍ ക്യാമ്പ് ചെയ്തിട്ടും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല എന്നാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അമിതാ ഷായുടെ സന്ദര്‍ശന വേളയിലും മണിപ്പൂര്‍ കത്തുകയായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട് ഏകദേശം 25 ദിവസം പിന്നിട്ടതിന് ശേഷമായിരുന്നു സന്ദര്‍ശനം. എന്നാല്‍ കുക്കികളും മെയ്‌തേയികളുമായി നടത്തിയ സംഭാഷണങ്ങള്‍ വിഫലമായിരിക്കുകയാണെന്നാണ് നിലവിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചർച്ച Screen-grab, Copyrights: Indian express

ഇതുവരെ 4000 ത്തിലേറെ എഫ്‌ഐആറുകളാണ് മണിപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരവധി ആരാധനാലയങ്ങളും കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. മൊബൈലല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞു. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഇംഫാലില്‍ വെച്ച് ബിജെപി എംഎല്‍എ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി. കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും നേതാക്കന്മാരുടെയും വസതികള്‍ തീയിട്ട് നശിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 20,000 ത്തിലേറെപ്പേര്‍ ഇപ്പോഴും ക്യാമ്പുകളിലാണ്. സംസ്ഥാനത്ത് നിന്നും 8000 ത്തോളം പേര്‍ മിസോറാമില്‍ അഭയം തേടുകയും ചെയ്തു.

കലാപകാരികള്‍ മണിപ്പൂര്‍ റൈഫിള്‍സിന്റെയും ഐആര്‍ബിയുടെയും ആയുധപ്പുരകളില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിച്ചു. അക്രമാസക്തരായ ജനക്കൂട്ടം സേനയുടെ 4000 ത്തിലധികം ആയുധങ്ങള്‍ കൊള്ളയടിക്കുകയും അക്രമങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്‌തെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഹൈവേകള്‍ തുറക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല.

സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ പോലീസിനും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും പുറമെ സൈന്യത്തില്‍ നിന്നും അസം റൈഫിള്‍സില്‍ നിന്നുമുള്ള 10,000ത്തോളം പേരെയും പലയിടത്തായി വിന്യസിച്ചിട്ടുണ്ട്. എന്നിട്ടും സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ ഭരണം നിലനില്‍ക്കുന്നുണ്ടെന്ന തോന്നല്‍ പോലുമില്ലാതെയാണ് ഗോത്രവിഭാഗങ്ങള്‍ ആയുധങ്ങളുമായി ഏറ്റുമുട്ടുന്നത്.

കുക്കി പ്രദേശങ്ങളെ മണിപ്പൂരില്‍ നിന്നും വിഭജിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പ്രദര്‍ശനവും ഇപ്പോള്‍ നടക്കുന്നുണ്ട്. ഇംഫാലിലെ നുചെക്കോണ്‍ പ്രദേശത്ത് അക്രമങ്ങള്‍ തടയാന്‍ സുരക്ഷാ സേന എത്തിയപ്പോള്‍ സ്ത്രീകളടങ്ങുന്ന സംഘം സേനയുമായി ഏറ്റുമുട്ടിയ കാഴ്ചയും സംഘര്‍ഷത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് അടയാളപ്പെടുത്തുന്നതാണ്.

സമാധാനം പുനഃസ്ഥാപിക്കേണ്ട മുഖ്യമന്ത്രിയും സര്‍ക്കാരും മെയ്‌തേയികളെ സഹായിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നു വരുന്നുണ്ട്. തീവ്രവാദികളായിരുന്ന 40 ഓളം കുക്കി വംശജരെ വധിച്ചുവെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് മേലുള്ള വിശ്വാസം ജനങ്ങള്‍ക്കിടയില്‍ നഷ്ടമായെന്ന് വേണം പറയാന്‍. ജൂണ്‍ 15 ന് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും തദ്ദേശവാസികളായ അക്രമകാരികളുമായുണ്ടായ ഏറ്റുമുട്ടല്‍ ഇംഫാലിനെ യുദ്ധക്കളമായി മാറ്റുകയാണുണ്ടായത്. ഒടുവില്‍ അക്രമകാരികളെ തുരത്താന്‍ ടിയര്‍ ഗ്യാസ് പ്രയോഗിക്കേണ്ടി വന്നു. പിന്നീട് 17 നുണ്ടായ സംഭവങ്ങളും സമാനമായിരുന്നു.

മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ മനുഷ്യച്ചങ്ങല Screen-grab, Copyrights: The Hindu

സംസ്ഥാനത്തുണ്ടായ അക്രമങ്ങളെ അപലപിച്ച് പല ജില്ലകളിലായി നൂറുകണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി വിളക്കുകള്‍ കത്തിച്ച് മനുഷ്യച്ചങ്ങല തീര്‍ത്തു. ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, തൗബാല്‍, കാക്ചിംഗ് ജില്ലകളിലെ തെരുവോരങ്ങളിലായിരുന്നു മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്. ‘അക്രമം നിയന്ത്രിക്കുന്നതിലും സുരക്ഷ ഒരുക്കുന്നതിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍’ നിരാശരാണെന്നും അവര്‍ പറഞ്ഞു.

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം രംഗത്തെത്തിയിരുന്നു. കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും അടിയന്തരമായി ഇടപെടണമെന്ന് ആര്‍എസ്എസ്സും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇനിയും നിശബ്ദരായി ഇരിക്കാനാകില്ലെന്നും കലാപം നിയന്ത്രിച്ചില്ലെങ്കില്‍ ബിജെപിയ്ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്നും പറഞ്ഞിരിക്കുകയാണ് മണിപ്പൂര്‍ മുന്‍ ഉപമുഖ്യമന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍സിപി) വൈസ് പ്രസിഡന്റുമായ ജോയ് കുമാര്‍ സിംഗ്.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം തുറന്നടിച്ചു. ബിജെപിയുടെ ‘ഇരട്ട എന്‍ജിന്‍’ സര്‍ക്കാരുകളുടെ ദുരന്താവസ്ഥയാണ് മണിപ്പുരില്‍ പ്രകടമാകുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു. മണിപ്പുരിനെ ഇന്ത്യയുടെ ഭാഗമായി കേന്ദ്രം കാണുന്നില്ലെന്നും സംസ്ഥാനം കത്തിയെരിയുമ്പോള്‍ ഡ്രൈവിങ് സീറ്റില്‍ മോദി ഉറങ്ങുകയാണെന്നുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനം.
മണിപ്പൂര്‍ ഇപ്പോള്‍ ഒരു സംസ്ഥാനമല്ല, സിറിയയെപ്പോലെയാണ് എന്നാണ് ലഫ്റ്റനന്റ് ജനറല്‍ എല്‍ നിഷികാന്ത സിംഗ് പറഞ്ഞത്. സിറിയ, ലിബിയ, നൈജീരിയ തുടങ്ങിയിടങ്ങളില്‍ കണ്ടുവരുന്ന അരാജകത്വമാണ് ഇപ്പോള്‍ മണിപ്പൂരില്‍ നടക്കുന്നതെന്ന നിരാശയാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

സംഘര്‍ഷത്തിന്റെ കാരണം

മണിപ്പൂര്‍ ഹൈക്കോടതിയുടെ വിധിയാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണം. മണിപ്പൂരില്‍ 53 ശതമാനം വരുന്ന മെയ്‌തേയി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്യണമെന്നായിരുന്നു ഹൈക്കോടതി വിധി. ഹൈക്കോടതി വിധിയും അത് നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കവുമാണ് കലാപത്തിന് വഴിയൊരുക്കിയത്.

മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റം താഴ്വരകളിലെ സമാധാനം തകര്‍ത്തെന്നും ജീവിതവും സംസ്‌കാരവും നിലനിര്‍ത്താന്‍ ഗോത്രവിഭാഗങ്ങള്‍ക്കുള്ളതുപോലെ പ്രത്യേക പരിരക്ഷ വേണമെന്നുമായിരുന്നു മെയ്‌തേയികളുടെ ആവശ്യം. തൊഴിലിനും വിദ്യാഭ്യാസ സംവരണത്തിനും നികുതി ഇളവിനും പുറമെ ഭൂമിയും സംസ്‌കാരവും സ്വത്വവും സംരക്ഷിക്കുന്നതിനായി പ്രത്യേക പരിരക്ഷ വേണമെന്ന് മെയ്‌തേയി ഷെഡ്യൂള്‍ഡ് ട്രൈബ് ഡിമാന്‍ഡ് കമ്മിറ്റി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കോടതി വിധിക്കെതിരെ മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. ഇതിനെതിരെ നടന്ന ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ച് അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

നിലവിലെ കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇനി ഇത് രജിസ്ട്രാര്‍ ജനറല്‍ അംഗീകരിച്ചാല്‍ ഫയല്‍ പട്ടിക ജാതി കമ്മീഷനിലെത്തും. കമ്മീഷന്‍ അംഗീകരിക്കുകയാണെങ്കില്‍ അത് പട്ടിക വര്‍ഗ്ഗ മന്ത്രാലയത്തിലേക്ക് പോകും. അവിടെ നിന്നും അനുമതി ലഭിച്ച് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച് പാര്‍ലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്യുമ്പോഴാണ് മെയ്‌തേയികള്‍ക്ക് ഗോത്രവിഭാഗ പദവി ഔദ്യോഗികമായി ലഭിക്കുന്നത്. ഔദ്യോഗികമായി ഈ പദവി മെയ്‌തേയികള്‍ക്ക് നടപ്പാക്കാതിരിക്കാന്‍ നടത്തിയ പ്രതിഷേധമാണ് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തിന് വഴിയൊരുക്കിയത്.

മണിപ്പൂർ സംഘർഷം Screen-grab, Copyrights: Hindustan Times

ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗം തുല്യരായിട്ടുള്ള മണിപ്പൂരില്‍ മെയ്തേയികള്‍ ഹിന്ദുവിഭാഗവും  കുക്കിവംശജര്‍ ക്രിസ്ത്യാനികളുമാണ്. മണിപ്പൂരില്‍ താഴ്വരകളില്‍ താമസിക്കുന്നവരാണ് മെയ്തേയി വിഭാഗം. ജനസംഖ്യയില്‍ 53 ശതമാനം വരുന്ന ഇവര്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസുകളിലും രാഷ്ട്രീയത്തിലുമെല്ലാം സ്വാധീനമുള്ളത്. ഇപ്പോള്‍ ഒബിസി വിഭാഗത്തിലുള്ള മെയ്‌തേയികളാണ് മണിപ്പൂര്‍ നിയമസഭയിലും ഭൂരിപക്ഷം. മണിപ്പൂരിലെ മലനിരകളില്‍ താമസിക്കുന്നവരാണ് നാഗാ വംശജരും കുക്കി വംശജരും. ഇവര്‍ ജനസംഖ്യയുടെ 40 ശതമാനത്തോളമാണുള്ളത്.

മേയ്തേയിക്കാര്‍ക്ക് പട്ടിവവര്‍ഗ പദവി നല്‍കുന്നതോടെ പര്‍വത മേഖലകളില്‍ കഴിയുന്ന ഗോത്രവിഭാഗങ്ങള്‍ക്ക് തങ്ങളുടെ സംവരണാനൂകൂല്യം നഷ്ടപ്പെടുമെന്ന് വന്നതോടെയാണ് നാഗ, കുക്കിവംശജര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടൊപ്പം തന്നെ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ മലനിരകളില്‍ നടത്തിയ സര്‍ക്കാരിന്റെ നടപടിയും പ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചു. നാഗാ, കുക്കി, വിഭാഗങ്ങള്‍ക്ക് പുറമെ മറ്റ് ആദിവാസി വിഭാഗങ്ങളും താമസിച്ചിരുന്ന മേഖല നിക്ഷിപ്ത വനമേഖലയായി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കലും സംഘര്‍ഷത്തിന് കാരണമായി. ഈ നടപടികളെ തുടര്‍ന്ന് മലനിരകളില്‍ നിന്നും ഗോത്രവിഭാഗക്കാര്‍ താഴ്വരകളിലേക്കിറങ്ങി പ്രതിഷേധം ആരംഭിച്ചു. ദിവസങ്ങള്‍ കൊണ്ട് അക്രമം വ്യാപകമായി.

കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടും സംസ്ഥാന സംവിധാനങ്ങള്‍ക്ക് എന്തുകൊണ്ടാണ് മണിപ്പൂരില്‍ ഇനിയും സമാധാനം നിലനിര്‍ത്താന്‍ സാധിക്കാത്തത് എന്ന ചോദ്യം ബാക്കിയാവുകയാണ്. മുന്‍പ് അസമിലും പഞ്ചാബിലും നാഗാലന്‍ഡിലും മിസോറാമിലുമെല്ലാം രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍ ഒന്നര മാസത്തിലേറെയായി ഒരു സംസ്ഥാനം യാതൊരുവിധ നിയന്ത്രണവുമില്ലാതെ കലാപഭൂമിയായി മാറുന്നത് ഇതാദ്യമായാണ്. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന വിഷയമായി വളര്‍ന്നിട്ടും ഇക്കാര്യത്തിലെ പ്രധാനമന്ത്രിയുടെ മൗനമാണ് അത്ഭുതപ്പെടുത്തുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം