2018 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ മാത്രം ഇന്ത്യയിലെ ഏറ്റവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, ഐഐഎം, എന്‍ഐടി എന്നിവിടങ്ങളില്‍ നിന്നായി 61 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്.
കേരളം കൈവരിച്ച സാമൂഹിക പുരോഗതിയില്‍ കേരളത്തിലെ കലാലയങ്ങള്‍ക്ക് പ്രധാനമായ സ്ഥാനമുണ്ട്. അവിടെ കേരളത്തിലെ യുവതകള്‍ നടത്തിയ സമര പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും ഫലമാണ് ഇന്നത്തെ തുറന്ന ക്യാമ്പസുകള്‍. ഒരു വ്യക്തിയ്ക്ക് സാമൂഹികമായി ഒരര്‍ത്ഥം നല്‍കുന്നത് ഈ കലാലയങ്ങള്‍ കൂടിയാണ്. അതിനാല്‍ തന്നെ ഇവിടം സ്വാതന്ത്ര്യമുള്ളതാകേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണ്. എന്നാല്‍ ഇന്ത്യയിലെ കലാലയങ്ങള്‍ എത്രത്തോളം വിദ്യാര്‍ത്ഥികളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് വില കല്പിക്കുന്നുണ്ട് എന്ന് ചിന്തിക്കേണ്ടതുണ്ട്.
കോളേജ് അധികൃതരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള അനിയന്ത്രിതമായ കൈകടത്തലുകളും സദാചാര നടപടികളും കഴുത്തു ഞെരിച്ച് ഇല്ലാതാക്കിയത് അനവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലുണ്ടായ ശ്രദ്ധ സതീഷ് എന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് കോളേജുകളിലെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന പ്രവൃത്തി ഈ കാലത്തും തുടരുന്നത് വളരെ പ്രതിഷേധാത്മകമാണ്.
ഇന്ത്യന്‍ സമൂഹം ഇപ്പോഴും ഒട്ടേറെ സ്ഥാവരമായ വിശ്വാസങ്ങളില്‍ തങ്ങിക്കിടക്കുന്ന സമൂഹമാണ്. ഏറെക്കുറെ പുരാണങ്ങളെയും മതങ്ങളെയും ആശ്രയിച്ചു തന്നെയാണ് ഇന്നും കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. വേദകാലത്തെ വിദ്യാഭ്യാസ സമ്പ്രദായം വലിയ മാറ്റമില്ലാതെ ഇന്നും തുടരുന്നതിനാല്‍ അധ്യാപക – വിദ്യാര്‍ത്ഥി ബന്ധത്തിന് ഇപ്പോഴും രാജാവ് – പ്രജ എന്ന സ്വഭാവമുണ്ട്. രാജാവിന്‍റെ തന്നിഷ്ട പ്രകാരമുള്ള തീരുമാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ അനുസരിക്കുന്ന പ്രജകളെ മാത്രമാണ്, നല്ല പ്രജകളായി രാജാവ് അംഗീകരിച്ചിരുന്നത്.
പക്ഷേ ഇത് രാജഭരണമല്ല ജനാധിപത്യമാണ്, ഈ ജനാധിപത്യത്തില്‍ അധ്യാപക – വിദ്യാര്‍ത്ഥി ബന്ധമെന്നത് സമാസമം നില്‍ക്കേണ്ട രണ്ടു സാമൂഹിക ഘടകങ്ങളാണ്. ഒന്നുമറിയാത്ത വിദ്യാര്‍ത്ഥിയുടെ തലച്ചോറിലേക്ക് അറിവ് നിറച്ചു കൊടുക്കുന്ന അധ്യാപകന്‍ എന്ന പഴഞ്ചന്‍ രീതിയില്‍ നിന്നും കണ്‍സ്ട്രക്റ്റീവ് രീതിയിലേക്ക് വിദ്യാഭ്യാസം തന്നെ മാറിയിട്ട് കാലങ്ങള്‍ ഒരുപാടായി. എന്നിട്ടും പല ആളുകളും പഠിക്കേണ്ട പാഠങ്ങളൊന്നും പഠിക്കുന്നില്ല.
ഇന്ന് മൊബൈല്‍ ഫോണ്‍ എന്നത് കേവലം ഉപകരണം മാത്രമല്ല വിവരാന്വേഷണത്തിനും അറിവ് നേടുന്നതിനും വിദ്യാര്‍ത്ഥികളെ സഹായിക്കുന്നൊരു ഉപാധി കൂടിയാണ്. കോവിഡിന്‍റെ അപ്രതീക്ഷിതമായ കടന്നു വരവ് ഒട്ടേറെ മാറ്റങ്ങളാണ് ലോകത്താകമാനമുള്ള മനുഷ്യരുടെ ജീവിതത്തില്‍ സൃഷ്ടിച്ചത്. ഈ മാറ്റം വിദ്യാഭ്യാസ മേഖലയിലും സ്വാഭാവികമായി വന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വ്യാപകമായതോടെ സ്മാര്‍ട്ട്ഫോണില്ലാതെ പഠനം തുടരാന്‍ സാധിക്കില്ല എന്ന സാഹചര്യത്തിലായി.
അതേത്തുടര്‍ന്ന് പ്രായവ്യത്യാസമില്ലാതെ ഫോണ്‍ ഉപയോഗം വ്യാപകമായി മാറി. ജിയോ പോലെയുള്ള നെറ്റ് വര്‍ക്ക് പ്രൊവൈഡറുകള്‍ വന്നതോടെ ഇന്‍റര്‍നെറ്റ് ഉപയോഗവും കൂടാന്‍ തുടങ്ങി. കൂടാതെ റീല്‍സുകള്‍, ടിക് ടോക് തുടങ്ങിയ സജ്ജീകരണങ്ങള്‍ കൂടുതല്‍ നേരം ഫോണുമായി ചിലവഴിക്കാനുള്ള അവസ്ഥയുമുണ്ടാക്കി. ഇങ്ങനെയുള്ള നിരന്തര ഉപയോഗം വിദ്യാര്‍ത്ഥികളുടെയും മുതിര്‍ന്നവരുടെയും മനോഭാവങ്ങളിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ സത്യാവസ്ഥ ഒരിക്കലും മറച്ചു വെയ്ക്കാന്‍ കഴിയുന്നതല്ല. ഇന്ന് വ്യക്തിസ്വകാര്യതയുടെ വലിയൊരു ശതമാനവും അവരുടെ ഫോണിനെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ അതിന്മേലുള്ള നിയന്ത്രണം അയാളുടെ സ്വകാര്യതയെ വിലക്കുന്നതിനു തുല്യമാണ്.
ഓരോ കോളേജിന്‍റെയും പ്രവര്‍ത്തനരീതി അതിന്‍റെ മാനേജ്മെന്‍റിന്‍റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. സര്‍ക്കാര്‍ കോളേജുകളുടെ കാര്യമെടുത്താല്‍ വിദ്യാര്‍ത്ഥികളോടുള്ള ഇത്തരം സമീപനങ്ങള്‍ താരതമ്യേന കുറവാണെന്ന് പറയാം. കാരണം അവര്‍ക്ക് പിന്തുടരാന്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളല്ലാതെ മറ്റൊരു പ്രത്യയ ശാസ്ത്രമില്ല എന്നത് തന്നെയാണ്. പക്ഷേ കുറവ് എന്നത് ഇല്ല എന്നതിനു തുല്യമല്ല, തന്നിഷ്ടങ്ങള്‍ അടിച്ചേല്പിക്കുന്ന രാജഭരണകാലത്ത് നിന്നും വണ്ടി കിട്ടാത്ത അധ്യാപകവൃന്ദങ്ങള്‍ ഇപ്പോഴും ധാരാളം സര്‍ക്കാര്‍ സര്‍വീസുകളിലുണ്ട്.
എന്നാല്‍ എയ്ഡഡ് കോളേജുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളുടെ ഒപ്പം അവര്‍ക്ക് മാനേജ്മെന്‍റ് പ്രത്യയശാസ്ത്രങ്ങളെ കൂടി പരിഗണിക്കണം. കേരളത്തിലെ മാനേജ്മെന്റുകളില്‍ ഭൂരിഭാഗവും ഏതെങ്കിലും മതസംഘടനയുടെ ഭാഗമായതിനാല്‍ മതവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ കലാലയങ്ങളുടെ നടത്തിപ്പിലേക്ക് സ്വാഭാവികമായും കൈകടത്താവുന്നതാണ്. പ്രണയം, മൊബൈല്‍ ഫോണ്‍, പുരോഗമന രാഷ്ട്രീയം എന്നിങ്ങനെയുള്ള സംഗതികള്‍ ഇന്ത്യന്‍ സംസ്കാരത്തിന് എതിരായതിനാല്‍ കലാലയങ്ങളില്‍ ഈ സംഗതികളുടെ നിരോധനവും നടക്കുന്നു.
പ്രായത്തില്‍ മുതിര്‍ന്ന കുട്ടികളെ വാല്യു എഡ്യുക്കേഷന്‍ എന്ന പേരില്‍ നിര്‍ബന്ധിതമായി മതപഠനത്തിനു വിധേയരാക്കുന്ന കോളേജുകള്‍ ഇന്നും കേരളത്തിലുണ്ട്. വൈദികര്‍ പ്രധാന സ്ഥാനമലങ്കരിക്കുന്ന കോളേജുകളില്‍ ഒട്ടുമിക്കതിലും വലിയ നിലയിലുള്ള സദാചാരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരുന്നത്. ഇതിന്‍റെ തുടര്‍ച്ച ഇവരുടെ ഹോസ്റ്റലുകളിലേക്കും പ്രവഹിക്കുന്നു. സ്ത്രീകള്‍/പെണ്‍കുട്ടികള്‍ അബലകളാണ് എന്ന വൈകല്യ ചിന്ത ഇപ്പോഴും താഴെയിറക്കി വയ്ക്കാത്ത ഈ മതനേതാക്കള്‍ ഇത്തരം ഹോസ്റ്റലുകളില്‍ നടത്തുന്ന മൗലികാവകാശ ലംഘനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ്.
കേരളത്തിലെ കോളേജുകളില്‍ 2014 ലാണ് സ്വയംഭരണമെന്ന ഇരുതലവാള്‍ വന്നു വീഴുന്നത്. അതോടെ കോളേജുകളെല്ലാം സ്വയം ഭരണത്തിനുള്ള മത്സരങ്ങളിലായി. ഒരു തരത്തില്‍ സ്വയംഭരണമെന്നത് സ്വകാര്യവത്കരണത്തിനു തുല്യമാണ്. അവിടെ വ്യക്തിഹിതങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു, ഈ വ്യക്തിഹിതം തന്നെയാണ് സ്വേച്ഛാധിപത്യത്തിലേക്കുള്ള വഴിവെട്ടുന്നത്. അതുവരെ സ്വകാര്യ- സ്വാശ്രയ കലാലയങ്ങള്‍ക്ക് മാത്രം കൈയ്യിലുണ്ടായിരുന്ന സ്വേച്ഛാധിപത്യ ഭരണ രീതി സ്വയംഭരണത്തിലൂടെ ഗവണ്‍മെന്‍റ് – എയ്ഡഡ് കോളേജുകള്‍ക്കും ലഭിക്കുന്നു എന്നത് വലിയ വെല്ലുവിളി തന്നെയാണ്.
ഇതിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ഉയരുന്നതിനു പിന്നിലെ കാര്യവും വിദ്യാര്‍ത്ഥികളുടെ മേലുള്ള അധികൃതരുടെ കടന്നു കയറ്റങ്ങളെയും വിദ്യാര്‍ത്ഥി സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആശങ്കകളാണ്. യുജിസി തന്നെ ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥി സൗഹൃദമുള്ളതായിരിക്കണമെന്ന് പറയുമ്പോഴും ഇവിടെ ശ്രദ്ധ സതീഷുമാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു, വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ പട്ടികയും നീണ്ടുകൊണ്ടിരിക്കുന്നു. നിയന്ത്രണമില്ലാത്ത അധികാരങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.
2018 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ മാത്രം ഇന്ത്യയിലെ ഏറ്റവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, ഐഐഎം, എന്‍ഐടി എന്നിവിടങ്ങളില്‍ നിന്നായി 61 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അവസ്ഥ ഇതാണെങ്കില്‍ താഴോട്ടുള്ള പടികളില്‍ ഈ അവസ്ഥയുടെ ദയനീയത എത്രയെന്ന് ഊഹിക്കാവുന്നതെയുള്ളൂ. ഇന്ത്യയില്‍ 15 മുതല്‍ 24 വയസ്സുവരെയുള്ള പ്രായപരിധിയിലാണ് ഏറ്റവുമധികം ആത്മഹത്യകള്‍ സംഭവിക്കുന്നത്. ഈ വസ്തുതയെ മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ ഇന്ത്യയില്‍ ഒരു വര്‍ഷം സംഭവിക്കുന്ന ആത്മഹത്യകളില്‍ 35 ശതമാനവും വിദ്യാര്‍ത്ഥികളാണെന്ന ബോധ്യമുണ്ടാകും.
തുര്‍ക്കി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ കലാലയങ്ങളിലും ഇതിനു സമാനമായി വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം അടക്കമുള്ള വിദ്യാര്‍ത്ഥി സ്വാതന്ത്ര്യങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗം വിദ്യാര്‍ത്ഥികളുടെ ശാരീരിക – മാനസിക ആരോഗ്യത്തിനു വെല്ലുവിളിയാകുന്നുണ്ട് എന്ന ഗവേഷണ തെളിവും ഈ രാജ്യങ്ങള്‍ നിരത്തുന്നുണ്ട്. അയര്‍ലാന്‍റില്‍ നടത്തിയ സര്‍വ്വേയില്‍ ഗ്രേസ്റ്റോണ്‍സ് മേഖലയിലെ ഭൂരിഭാഗം രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ ഫോണ്‍ ഉപയോഗത്തില്‍ നിന്നും വിലക്കാന്‍ താല്പര്യപ്പെടുന്നവരാണ്.
ഇതിനെയെല്ലാം ഒരു വസ്തുതയായി അംഗീകരിച്ചാലും ഒരു കാര്യത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നിയന്ത്രണവും നിരോധനവും പോലെയുള്ള നടപടികളിലേക്ക് പോകുന്നത് അതില്‍ ഇരയാക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ വ്യക്തി സ്വാതന്ത്ര്യത്തെയും വിലങ്ങുവയ്ക്കുന്നതിനു തുല്യമാണ്. കൂടാതെ ഇവിടങ്ങളിലെ വിദ്യാഭ്യാസ സാഹചര്യം ഇന്ത്യയിലേതില്‍ നിന്നും ഏറെ ഭിന്നമാണ്.
പ്രഥമ ദൃഷ്ടിയാല്‍ തന്നെ ഇന്ത്യയിലെയും കേരളത്തിലെയും കലാലയങ്ങളില്‍ നടക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ക്ക് പിന്നില്‍ ആരോഗ്യപരമായ കാരണങ്ങളല്ലെന്ന് വ്യക്തമാണ്. വിദ്യാര്‍ത്ഥികളെ അരാഷ്ട്രീയവത്കരിക്കുക, വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാക്കുക, സ്വകാര്യതയില്‍ കടന്നുകയറുക, സദാചാരങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം തന്നെ ഇവിടത്തെ പൊതു മനോഭാവത്തില്‍ നിന്നുമുണ്ടാകുന്നതാണ്.
പ്രായപൂര്‍ത്തിയായ ആണിനേയും പെണ്ണിനേയും ട്രാന്‍സ് ജന്‍റര്‍ വ്യക്തിത്വങ്ങളെയും കുറിച്ചുള്ള അബദ്ധധാരണകളില്‍ നിന്നാണ് ഈ വിധമുള്ള തീരുമാനങ്ങളെല്ലാം ഉടലെടുക്കുന്നത്. ഇതിന് അധികൃതരെ സഹായിക്കുന്നത് ശതമാനം വരുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കൂടിയാണ്. ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഇത്തര വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ ചെറുതല്ലാത്ത അളവിലുള്ള ഈ പങ്ക് രക്ഷിതാക്കള്‍ക്കുമുണ്ട്. കുട്ടികളുടെ നല്ലതിനെന്ന തെറ്റിദ്ധാരണയില്‍ അവര്‍ക്ക് സംഭവിക്കുന്ന നിരവധി മൗലികാവകാശങ്ങളുടെ ലംഘനങ്ങള്‍ക്കും നേരെയാണ് രക്ഷിതാക്കള്‍ കണ്ണടയ്ക്കുന്നത്.
മാറിയ കാലത്ത് മാറ്റമില്ലാതെ തുടരുന്ന അധ്യാപകരും രക്ഷിതാക്കളും ഇനിയെങ്കിലും കാര്യങ്ങളെ മനസിലാക്കേണ്ടതുണ്ട്. യുവതയുടെ ലോകം വ്യത്യസ്ഥമാണ് അവരുടെ കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. ഫോണുകള്‍ കേവലം സോഷ്യല്‍ മീഡിയ ഉപയോഗത്തിനു മാത്രമുള്ളതല്ല, ഇന്ന് അതൊരു അറിവ് വളര്‍ത്താനുള്ള ഉപാധി കൂടിയാണ്. അതുപോലെ ശാരീരിക ആരോഗ്യം പോലെ മാനസികാരോഗ്യത്തിനും തുല്യമായ പ്രാധാന്യം നല്‍കണം.
വ്യക്തി സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും വിദ്യാര്‍ത്ഥികളുടെ മറ്റ് അവകാശങ്ങളെയും കുറിച്ച് കൃത്യമായ സാമൂഹ്യ ബോധ്യമുള്ള യുവതയേയാണ് നാടിന് ആവശ്യം. മൊബൈല്‍ ഫോണ്‍ പോലെയുള്ള സാങ്കേതിക വിദ്യകളില്‍ നിന്നുള്ള നിയന്ത്രണങ്ങളല്ല ഇവര്‍ക്ക് ആവശ്യം, ശരിയായ ഉപയോഗ രീതികളെക്കുറിച്ചുള്ള പരിശീലനങ്ങളാണ്. പക്ഷേ പരിശീലനം നല്‍കാന്‍ അധ്യാപക- രക്ഷാകർത്തൃ സമൂഹം അതിലെ മര്യാദകളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. പക്ഷേ ഇവര്‍ രണ്ടു യുഗം പിന്നിലാണ് ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നത്.
അധ്യാപകരും വിദ്യാര്‍ത്ഥികളും വ്യത്യസ്ഥ ദിശയിലേക്ക് വളര്‍ന്നു നില്‍ക്കുന്ന വിദ്യാഭ്യാസത്തിന്‍റെ രണ്ടു കൈകളാണ്. അതിനാല്‍ ഒരു കൈ ചെയ്യുന്നത് മറ്റേ കൈ ഒരിക്കലും അറിയുന്നില്ല. ഈ പരസ്പരമുള്ള അറിവില്ലായ്മ ഇവര്‍ക്കിടയില്‍ സൃഷ്ടിക്കുന്ന അന്തരം വളരെ വലുതാണ്. ഈ അകലത്തില്‍ നിന്നാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അളക്കുന്നതും മൂല്യനിര്‍ണ്ണയം നടത്തുന്നതും. പത്തൊന്‍പതാം നൂറ്റാണ്ടില്‍ വളര്‍ന്ന അച്ഛന്‍ ഇരുപതാം നൂറ്റാണ്ടില്‍ വളരുന്ന മകനെ ചട്ടം പഠിപ്പിക്കുന്ന അതേ മാതൃക തന്നെയാണിവിടെയും പ്രയോഗിക്കപ്പെടുന്നത്. ഈ പൊരുത്തക്കേടുകള്‍ തന്നെയാണ് ഒരു തരത്തില്‍ ഇവര്‍ക്കിടയിലെ പല പ്രശ്നങ്ങള്‍ക്കും കാരണം. പുതിയ കാലത്തിനു പുതിയ സമീപനം ആവശ്യമാണ്.