യുഎസിലെ യൂട്ടാ സംസ്ഥാനത്തെ സ്‌കൂളുകളിലെ പുസ്തകങ്ങളുടെ നിരോധനം തുടര്‍ക്കഥയാവുകയാണ്. 2022 ല്‍ യുട്ടാ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ പാസാക്കിയ നിയമത്തെ തുടര്‍ന്ന് നിരവധി പുസ്തകങ്ങള്‍ക്കാണ് സ്‌കൂളുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ജില്ലയിലെ സ്‌കൂളുകളിലെ ലൈബ്രറികളില്‍ നിന്നും കിംഗ് ജെയിംസ്
ബൈബിള്‍ നിരോധിച്ചിരിക്കുകയാണ്. അശ്ലീലതയും അക്രമവും ഉള്ള ഉള്ളടക്കങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബൈബിളിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ നിന്നാണ് ബൈബിള്‍ നിരോധിച്ചിരിക്കുന്നത്. ബൈബിളില്‍ കുട്ടികള്‍ക്ക് അനുചിതമായ ഉള്ളടക്കം ഉണ്ടെന്ന രക്ഷിതാക്കളുടെ പരാതിയിന്മേലാണ് നടപടി. ലൈംഗിക ആഭിമുഖ്യം, വംശീയ സ്വത്വം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നിന്നും നീക്കം ചെയ്തു തുടങ്ങി. എല്‍ജിബിടി കമ്മ്യൂണിറ്റി, വംശീയ അടിച്ചമര്‍ത്തലുകള്‍ മുതലായവ പാഠ്യപദ്ധതികളില്‍ നിന്നും തുടച്ചു മാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്.
എല്‍ജിബിടി അവകാശങ്ങള്‍, വംശീയ സ്വത്വം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് നിരോധിക്കാനുള്ള യുഎസിലെ യാഥാസ്ഥികരുടെ ശ്രമത്തിനിടെയാണ് ബൈബിള്‍ നിരോധിച്ചിരിക്കുന്നത്. ടെക്സാസ്, ഫ്ളോറിഡ, മിസൈരി, സൗത്ത് കരോലിന തുടങ്ങിയ സ്ഥലങ്ങളിലും കുറ്റകരമെന്ന് കരുതുന്ന ചില പുസ്തകങ്ങള്‍ക്ക് നിലവില്‍ നിരോധനമുണ്ട്. വംശീയമായി അധിക്ഷേപിക്കുന്ന ഉള്ളടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലിബറല്‍ സംസ്ഥാനങ്ങളിലെ ചില സ്‌കൂളുകളിലും ലൈബ്രറികളിലും പുസ്തകങ്ങള്‍ നിരോധിച്ചിട്ടുണ്ട്.
ബൈബിളിന്റെ ഏഴോ എട്ടോ പതിപ്പുകള്‍ ഇതിനോടകം ഒഴിവാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഏത് ഖണ്ഡികയിലാണ് അശ്ലീല ഉള്ളടക്കം അടങ്ങിയതെന്നതിന് കുറിച്ചുള്ള വിശദീകരണമൊന്നും കമ്മിറ്റി ഇതുവരെയും നല്‍കിയിട്ടില്ല. 2022 ല്‍ നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കിയ യൂട്ട സ്റ്റേറ്റ് സെനറ്റര്‍ ആദ്യം സ്‌കൂളുകളില്‍ നിന്ന് ബൈബിള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തെ ‘പരിഹാസം’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ബൈബിള്‍ കുട്ടികള്‍ക്ക് ‘വെല്ലുവിളി നിറഞ്ഞ വായന’യായിരിക്കുമെന്ന് ഈ ആഴ്ച പറയുകയു ചെയ്തു. എന്നാല്‍ ബൈബിളിന്റെ ഉള്ളടക്കം 2022 ലെ നിയമം ലംഘിക്കുന്നില്ലെന്നും അശ്ലീലമോ അക്രമപരമായ ഉള്ളടക്കങ്ങളോ ചെറുപ്പക്കാര്‍ക്ക് അനുയോജ്യമല്ലെന്നും ജില്ലാഭരണകൂടം പറഞ്ഞു. ഹൈസ്‌കൂളുകളില്‍ പുസ്തകം ഉണ്ടാകുമെന്നും അറിയിച്ചു.
എന്തുകൊണ്ടാണ് സ്‌കൂളുകളില്‍ ബൈബിള്‍ നിരോധിച്ചത്
യുട്ടാ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ 2022 ല്‍ അശ്ലീല ഉള്ളടക്കങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ നിന്നും നിരോധിച്ച് കൊണ്ട് നിയമം പാസാക്കിയിരുന്നു. ലൈംഗിക, വംശീയ സ്വത്വവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ഉള്ള പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത് രക്ഷിതാക്കള്‍ എതിര്‍ത്തിനെ തുടര്‍ന്നാണ് ഈ നിയമം വന്നത്. പഠന വിഷയങ്ങളില്‍ അതീവ വൈകാരികതയുള്ള ഉള്ളടക്കങ്ങള്‍ ഉണ്ടെങ്കില്‍, അതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതില്‍ രക്ഷകര്‍ത്താക്കളുടെ അഭിപ്രായം കൂടി കണക്കിലെടുക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്.
അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, ഭരണനിര്‍വഹണ ചുമതല വഹിക്കുന്നവര്‍ എന്നിവരുടെ പ്രതിനിധികള്‍ അടങ്ങിയ കമ്മിറ്റിയാണ് പുസ്തകത്തിലെ ഉള്ളടക്കങ്ങള്‍ വിലയിരുത്തുന്നത്. ആരുടെ പക്ഷത്ത് നിന്ന് പരാതി ലഭിച്ചാലും ഉള്ളടക്കം പുനപരിശോധിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. നോബല്‍ സമ്മാന ജേതാവ് ടോണി മോറിസന്റെ ബ്ലൂയെസ്റ്റ് ഐ, മൈയ കൊബാബിന്റെ ജെന്‍ഡര്‍ ക്വീര്‍, ഷെര്‍മാന്‍ അലക്‌സിയുടെ ദി അബ്‌സല്യൂട്‌ലി ട്രൂ ഡയറി ഓഫ് എ പാര്‍ട്ട് ടൈം ഇന്ത്യന്‍ എന്നീ കൃതികളും നിരോധിച്ചിട്ടുണ്ട്.

സ്ത്രീപീഡനത്തെ കുറിച്ചും, വംശീയ അടിച്ചമര്‍ത്തലിന്റെയും കഥപറയുന്ന നോവലാണ് ബ്ലൂയെസ്റ്റ് ഐ. സ്വത്വത്തെ കുറിച്ച് പരാമര്‍ശിക്കുന്ന പുസ്തകമാണ് ജെന്‍ഡര്‍ ക്വീര്‍. എല്‍ജിബിടി അവകാശങ്ങളെയും വംശീയ അടിച്ചമര്‍ത്തലുകളെയും പരാമര്‍ശിക്കുന്ന പുസ്തകങ്ങളാണ് ലൈംഗികതയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ജില്ലയിലെ സ്‌കൂളുകളില്‍ നിരന്തരമായി പുസ്തകങ്ങളുടെ നിരോധനങ്ങളിലും വെല്ലുവിളികളിലും നിരാശരായ ഒരു രക്ഷിതാവാണ് ബൈബിള്‍ നിരോധിക്കണമെന്ന പരാതിയുമായി രംഗത്ത് വന്നത്.
അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തെക്കുറിച്ചെല്ലാം ബൈബിളില്‍ ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി ഉന്നയിച്ചിരിക്കുന്ന രക്ഷിതാവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്തതിനാലും ഉള്ളടക്കം സംബന്ധിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയതിനാലും പ്രൈമറി സ്‌കൂളുകളിലെ ലൈബ്രറികളില്‍ നിന്ന് ബൈബിളുകള്‍ നീക്കം ചെയ്തു എന്ന് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം വിലക്കിനെതിരെ മറ്റൊരു രക്ഷിതാവ് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
ബൈബിള്‍ നീക്കം ചെയ്യുന്ന യുഎസിലെ ആദ്യ സംസ്ഥാനമല്ല യൂട്ട. കഴിഞ്ഞ വര്‍ഷം ടെക്സാസിലെ ചില ജില്ലകളിലും ബൈബിളിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം കന്‍സസിലെ വിദ്യാര്‍ത്ഥികള്‍ തന്നെ തങ്ങളുടെ ലൈബ്രറികളില്‍ നിന്ന് ബൈബിളുകള്‍ നീക്കം ചെയ്യണമെന്ന് അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നു. യൂട്ടയിലെ സ്‌കൂളുകളില്‍ നിന്നും ബൈബിളുകള്‍ നീക്കിയ തീരുമാനം ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഭാവിയില്‍ ലൈബ്രറികളില്‍ പോലും ബൈബിള്‍ സൂക്ഷിക്കാനാകാത്ത ഒരു സാഹചര്യം ഇതുവഴി ഉണ്ടായേക്കാമെന്നാണ് ആശങ്ക.