Tue. Sep 17th, 2024

വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. 726 ക്യാമറകളാണ് സംസ്ഥാനത്തുടനീളമായി സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 692 ക്യാമറകളാണ് ഇന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങുന്നത്.ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടികൂടാനായി 675 ക്യാമറകളും സിഗ്നല്‍ ലംഘിച്ച് പോകുന്ന വാഹനങ്ങളെ തിരിച്ചറിയാല്‍ 17 ക്യാമറകളുമാണുള്ളത്. ഇതോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ എന്നീ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി മാറുകയാണ് കേരളം.

ഏപ്രില്‍ 19 മുതല്‍ നിരീക്ഷണം ആരംഭിച്ച എഐ ക്യാമറകളില്‍ ആദ്യഘട്ടത്തില്‍ ദിവസേന നാലരലക്ഷത്തോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. പിന്നീട് അത് രണ്ടരലക്ഷത്തോളമായി കുറയുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എഐ ക്യാമറയിലൂടെ ആദ്യഘട്ടത്തില്‍ പ്രതിദിനം ഒന്നേമുക്കാല്‍ ലക്ഷം വരെ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് മോട്ടോര്‍വാഹന വകുപ്പുള്ളത്.

പിഴ ഈ നിയമലംഘനങ്ങള്‍ക്ക്

അമിതവേഗതയില്‍ വാഹനം ഓടിച്ചാല്‍ 1500 രൂപ പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് രണ്ട് നിയമലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തുന്നത്. വാഹനം ഓടിക്കുന്നയാളും പിന്നിലിരിക്കുന്ന ആളും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിച്ചിരിക്കണം. ഇല്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കും.

നാല് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. രണ്ടാമതായി ഓവര്‍ലോഡിങ് പാടില്ല. അതായത് ഡ്രൈവറുള്‍പ്പടെ രണ്ട് പേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുവാദം. ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേര്‍ യാത്ര ചെയ്താല്‍ 1000 രൂപ ഈടാക്കും. എന്നാല്‍ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കില്ല.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലും ആണ് കാര്‍ യാത്രക്കാര്‍ എഐയില്‍ കുടുങ്ങുന്നത്. ഡ്രൈവറും മുന്‍സീറ്റിലിരിക്കുന്നയാളും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണം. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ 500 രൂപ പിഴ ഈടാക്കും. കുട്ടികളായാലും ഗര്‍ഭിണികളായാലും പ്രായമുള്ളവരായാലും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ 2000 രൂപ പിഴ ഈടാക്കും.

ട്രാഫിക് സിഗ്നലില്‍ റെഡ് സിഗ്നല്‍ മുറിച്ചുകടന്നാല്‍ ക്യാമറ കണ്ടെത്തും. ഈ നിയമ ലംഘനത്തിന് കോടതി ആയിരിക്കും പിഴ ചമുത്തുന്നത്. അതുപോലെ നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ 250 രൂപ ഈടാക്കും. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളും അമിതവേഗത കണ്ടെത്താന്‍ നാല് ക്യാമറകളുമാണ് ഉള്ളത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ ആറ് മണിക്കൂറിനുള്ളില്‍ വാഹന ഉടമയ്ക്ക് മൊബൈലിലേക്ക് എസ്എംഎസ് ലഭിക്കും. ഇതിന് പുറമെ വീട്ടിലേക്ക് നോട്ടീസും അയക്കും. പിഴത്തുക അടച്ചില്ലെങ്കില്‍ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റം ചെയ്യുമ്പോഴും പിഴ അടക്കേണ്ടി വരും.

അതേസമയം ഒരു തവണ ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയും തവണ പിഴയടക്കേണ്ടി വരും. പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് ലഭിച്ചാല്‍ ഓണ്‍ലൈന്‍ വഴിയും ആര്‍ടി ഓഫീസുകളില്‍ നേരിട്ടെത്തിയും പിഴ അടയ്ക്കാവുന്നതാണ്. എഐ ക്യാമറകള്‍ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം പിഴയുമായി ബന്ധപ്പെട്ട് പരാതി ഉള്ളവര്‍ക്ക് അതാത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് നേരിട്ട് അപ്പീല്‍ നല്‍കാം. ഇതു വഴി നിരപരാധികളായവര്‍ക്കെതിരെ പിഴ ചുമത്തുന്നുവെന്ന ആക്ഷേപത്തില്‍ നിന്നും മുക്തി നേടാനാകുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

എഐ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ റോഡപകടങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നേര്‍പകുതിയായി കുറയ്ക്കാനാകുമെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. കേരളത്തിലുണ്ടാകുന്ന റോഡപകടങ്ങളുടെ പ്രധാന കാരണം അമിത വേഗതയാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2016 മുതല്‍ 2022 ആഗസ്റ്റ് വരെ സംസ്ഥാനത്തുണ്ടായ റോഡപകടങ്ങളില്‍ മരിച്ചത് 26,407 പേരാണ്.

ഇക്കാലയളവില്‍ വിവിധയിടങ്ങളിലായി 2,49,231 റോഡപകടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഒരു വര്‍ഷം കേരളത്തില്‍ നാലായിരത്തിലധികം അപകട മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിത വേഗത, അശ്രദ്ധ, നിര്‍ദേശങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിങ് തുടങ്ങിയവയാണ് അപകടങ്ങളുടെ എണ്ണം കൂട്ടുന്നത്. അതുകൊണ്ട് തന്നെ എഐ ക്യാമറയിലൂടെ അമിതവേഗതയ്ക്ക് പൂട്ടിടുന്നതോടെ 50 ശതമാനത്തോളം അപകടങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം