ഒരു സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളെ പലമാര്‍ഗങ്ങളിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനുള്ള കൃത്യമായ താക്കീതായിരുന്നു 2023 മെയ് 11 ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും വര്‍ഷങ്ങളായി തുടരുന്ന അധികാര തര്‍ക്കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി. സംസ്ഥാന സര്‍ക്കാരുകളെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്ന ആയുധങ്ങളായി മാറുകയാണ് ഗവര്‍ണര്‍മാര്‍. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ സ്വതന്ത്രാധികാരങ്ങള്‍ക്ക് നേരെ ഗവര്‍ണമാരെ ഉപയോഗിച്ച് നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കും പ്രവൃത്തികള്‍ക്കെതിരെയുള്ള ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു അധികാര തര്‍ക്കത്തില്‍ ഡല്‍ഹി സര്‍ക്കാരിനനുകൂലമായ സുപ്രീംകോടതിയുടെ വിധി. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
‘ജനാധിപത്യ സംവിധാനത്തില്‍, ഭരണപരമായ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. സംസ്ഥാന ഭരണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മാണം നടത്താന്‍ കഴിയുന്ന കാര്യങ്ങളില്‍ ഒരു സംസ്ഥാനത്ത് കേന്ദ്രത്തിന്റെ അധികാരം പരിമിതപ്പെടുത്തിയിരിക്കുന്നു. അല്ലെങ്കില്‍, ഫെഡറല്‍ ഭരണ സംവിധാനവും പ്രാതിനിധ്യ ജനാധിപത്യ തത്വവും പൂര്‍ണമായും ഇല്ലാതാകും‘ എന്നായിരുന്നു കേസില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം.
എന്നാല്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവിനെ ജനാധിപത്യ മര്യാദകളൊന്നുമില്ലാതെ മറികടക്കാന്‍ കേന്ദ്രത്തിന് വെറും ഒരാഴ്ച സമയം മാത്രം മതിയായിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോള്‍ ഡല്‍ഹി സര്‍ക്കാരിന് കോടതി ഉത്തരവിലൂടെ ലഭിച്ച അധികാരങ്ങള്‍ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. കൃത്യമായ ആസൂത്രണത്തിന് ശേഷമായിരുന്നു കേന്ദ്രത്തിന്റെ വിവാദ ഓര്‍ഡിനന്‍സ് പുറത്ത് വന്നത്. എന്തെന്നാല്‍ വേനല്‍ക്കാല അവധിക്കായി സുപ്രീംകോടതി പിരിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ഓര്‍ഡിനന്‍സ് ഇറക്കിയത്. അതിനാല്‍ ഓര്‍ഡിനന്‍സിലെ കോടതി ഇടപെടലിന് ഇനി കാലതാമസമെടുക്കുകയും ഇവയ്ക്ക് പരമാവധി സമയം കിട്ടുകയും ചെയ്യും. കയ്യാളിയിരുന്ന അധികാരം വിട്ടുനല്‍കില്ലെന്ന കേന്ദ്രത്തിന്റെ ഏകാധിപത്യത്തിന്റെ ഉത്തമഉദാഹരണമാണ് ഫെഡറല്‍ സംവിധാനത്തെ മറികടുന്നുകൊണ്ടുള്ള ഈ ഓര്‍ഡിനന്‍സ്. സുപ്രീംകോടതിയെ അപമാനിക്കുന്നതാണ് ഓര്‍ഡിനന്‍സെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.
ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനും ശുപാര്‍ശ ചെയ്യുന്നതിന് അധികാരമുള്ള നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി രൂപീകരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സായിരുന്നു കേന്ദ്രം പുറത്തിറക്കിയത്. അതോറിറ്റിയുടെ ചെയര്‍മാന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ മറ്റ് അംഗങ്ങളുമാണ്. അതോറിറ്റി തീരുമാനിക്കേണ്ട എല്ലാ കാര്യങ്ങളും ഹാജരായ അംഗങ്ങളുടെയും വോട്ടു ചെയ്യുന്നവരുടെയും ഭൂരിപക്ഷ വോട്ടുകള്‍ കണക്കാക്കി തീരുമാനിക്കും. അതായത് തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ മറികടക്കാന്‍ കേന്ദ്രം നിയോഗിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്ന് സാരം. കൂടാതെ സമിതിയിലെ അംഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ ലഫ്. ഗവര്‍ണറായിരിക്കും അന്തിമ തീരുമാനമെടുക്കുക എന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം സര്‍ക്കാരിനാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരായാണ്
മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഡല്‍ഹി അധികാരത്തര്‍ക്കത്തിന്റെ പശ്ചാത്തലം
അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ഭരണത്തില്‍ വന്നപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള അധികാര തര്‍ക്കം. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നു. അടിസ്ഥാന ഭരണകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ലഫ്. ഗവര്‍ണര്‍ തടസം നില്‍ക്കുന്നു മുതലായ കാര്യങ്ങളാണ് അധികാര തര്‍ക്കത്തിന് വഴിതെളിച്ചത്. ഭരണസംവിധാനത്തിലും സര്‍ക്കാരിന്റെ അധികാരത്തലുമുള്ള കടന്നുകയറ്റം കോടതിയിലേക്ക് പോയി. ഇതോടെ ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന് 2016-ല്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചു. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യം തള്ളിയായിരുന്നു കോടതിയുടെ വിധി.
ഇതിനെതിരെ ആംആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹിയുടെ യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് 2019 ല്‍ സുപ്രീംകോടതി വ്യക്തമാക്കി.ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിന് ശേഷവും ഉദ്യോഗസ്ഥ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടര്‍ന്ന് കൊണ്ടിരുന്നു. പിന്നീട് 2019 ഫെബ്രുവരി 14-ന് ഈ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധികള്‍ പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്ന് വിഷയം പിന്നീട് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നു. പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ച് മൂന്നംഗ ബെഞ്ച് വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന് പിന്നീട് വിടുകയായിരുന്നു. കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചാണ് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരം നല്‍കണമെന്ന് നിര്‍ദേശിച്ചത്.
ഇപ്പോള്‍ ഓര്‍ഡിനന്‍സ് രാജ്യസഭയില്‍ പരാജയപ്പെടുത്തുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടുകയാണ് അരവിന്ദ് കെജ്രിവാള്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പിന്തുണയോട് കൂടി ബില്ല് അവതരിപ്പിക്കാനാണ് എഎപി പദ്ധതിയിട്ടി രിക്കുന്നത്. ഒാര്‍ഡിനന്‍സില്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും ഓര്‍ഡിനന്‍സിന് എതിര്‍പ്പുയര്‍ത്തി രംഗത്ത് വന്നിരുന്നു. പരാജയപ്പെട്ടതിന്റെ തെളിവാണ് ഓര്‍ഡിനന്‍സെന്ന് അഭിഷേക് സിങ്‌വി പറഞ്ഞു. ഫെഡറലിസം നശിച്ചെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
എന്നാല്‍ ഓര്‍ഡിനന്‍സില്‍ എഎപിയെ പിന്തുണക്കില്ലെന്ന് പറയുകയാണ് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്വ. തങ്ങള്‍ ആരെയും പിന്തുണയ്ക്കില്ലെന്നും ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നാണ് ബജ്വ പ്രതികരിച്ചത്. വിഷയത്തില്‍ കെജ്രിവാളിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും രംഗത്തെത്തിയിരുന്നു. എഎപി ഭരണത്തിനെതിരായ അഴിമതിയാരോപണങ്ങളില്‍ അന്വേഷണം സ്തംഭിപ്പിക്കുന്നതിന് വേണ്ടി ഭരണപമായ സേവനങ്ങളില്‍ വര്‍ദ്ധിപ്പിച്ച അധികാരങ്ങള്‍ തേടുകയാണെന്നായിരുന്നു അജയ് മാക്കന്റെ വിമര്‍ശനം. ഇത് ഒരാളുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസിന്റെ നിലപാട് തേടുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായുള്ള ബില്ലിനെതിരെ പാര്‍ലമെന്റില്‍ വോട്ടുചെയ്യുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു. ഏകാധിപത്യ നീക്കത്തെ പ്രതിരോധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് ഫാസിസ്റ്റ് വാഴ്ചയാണെന്നായിരുന്നു കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്്ക്ക് ശേഷം യെച്ചൂരി പ്രതികരിച്ചത്. ഓര്‍ഡിനന്‍സിനെതിരെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവും പിന്തുണ നല്‍കി. ബിജെപി ഇതര സര്‍ക്കാരുകളെ പ്രവര്‍ത്തിക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിജു ജതാദള്‍, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത്പവാര്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരും ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി സര്‍ക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇത് ഡല്‍ഹിയുടെ മാത്രമല്ല ജനാധിപത്യത്തിന്റെ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തും. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനും ജനാധിപത്യ ഭരണത്തിന്റെ മാനദണ്ഡങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമാണ് മോദിയുടെ ബിജെപി സര്‍ക്കാര്‍ നടത്തുന്നത്.