Sun. Apr 28th, 2024

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. റെയില്‍വേ സ്റ്റേഷന്‍, കുളപ്പുള്ളിക്ക് സമീപമുള്ള പെട്രോള്‍ പമ്പ് എന്നിവിടങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഷാറൂഖ് സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവര്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ നാലുമണിക്ക് ഷൊര്‍ണൂരില്‍ ട്രെയിന് ഇറങ്ങിയ ഷാറൂഖ് വൈകുന്നേരം 7 മണി വരെ സമയം ചെലവഴിച്ചതിനെ പറ്റിയാണ് പ്രധാനമായും അന്വേഷിക്കുന്നത്. റെയില്‍വേ സ്റ്റേഷന് 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് നേരത്തെ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഇടങ്ങളില്‍ ഇയാളെ എത്തിച്ച് തെളിവെടുപ്പിന് സാധ്യതയുണ്ട്. ഇതിനുശേഷമാകും എലത്തൂരിലെ തെളിവെടുപ്പ് നടക്കുക. പ്രതിയെ ഇന്നലെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതി തീയിട്ട കോച്ചിലെത്തിച്ചാണ് തെളിവെടുത്തത്. ഷാറൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം ഇയാള്‍ ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇയാളില്‍ നിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം