2030 ഓടെ അർബുദമുൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് തയ്യാറാക്കുമെന്ന് യുഎസ് ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മോഡേണ. കോവിഡ് വാക്സിൻ വിജയകരമായി വികസിപ്പിച്ച് നിരവധി രാജ്യങ്ങളിൽ വിതരണം നടത്തിയ കമ്പനിയാണ് മോഡേണ. പരീക്ഷണങ്ങളിൽ ഗണ്യമായ പുരോഗതിയുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. പോൾ ബർട്ടൺ പറഞ്ഞു. അഞ്ചുവർഷത്തിനകം അർബുദമടക്കം നിരവധി രോഗങ്ങൾക്ക് വാക്സിൻ കണ്ടുപിടിക്കാൻ കഴിയുമെന്നും ദശലക്ഷക്കണക്കിനാളുകളെ മാരക രോഗങ്ങളിൽനിന്ന് രക്ഷിക്കാൻ ഇതുവഴി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ തരത്തിലുള്ള ട്യൂമറുകൾക്കും അർബുദത്തിനും പ്രത്യേകം വാക്സിൻ നിർമിക്കാൻ കഴിയും. ആരോഗ്യമുള്ള കോശങ്ങൾക്ക് കേടുപറ്റാതെ അർബുദ സെല്ലുകളെ നശിപ്പിക്കാൻ കഴിയുന്ന പ്രതിരോധ സംവിധാനം കുത്തിവെപ്പിലൂടെ ശരീരത്തിൽ സന്നിവേശിപ്പിക്കാൻ കഴിയുമെന്നും നിലവിൽ മരുന്നില്ലാത്ത ഗുരുതര രോഗങ്ങൾക്ക് പ്രതിരോധ കവചമൊരുക്കാൻ സാധിക്കുമെന്നും ഡോ. പോൾ ബർട്ടൺ പറഞ്ഞു.