Thu. May 9th, 2024

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നിര്‍മ്മിത ഐ ഡ്രോപ്പുകളില്‍ വിണ്ടും ആശങ്ക അറിയിച്ച് അമേരിക്ക. ഇന്ത്യന്‍ നിര്‍മ്മിത ഐ ഡ്രോപ്പുകള്‍ രാജ്യത്ത് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിച്ചതെന്ന് അമേരിക്കന്‍ മെഡിക്കല്‍ സംഘം അറിയിച്ചു. ചെന്നൈ ആസ്ഥാനമായ ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത്‌കെയറിന്റെ എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേര്‍സ് തുള്ളിമരുന്നിനെതിരെയാണ് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്. നേരത്തെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഐ ഡ്രോപ്പുകള്‍ കമ്പനി തിരിച്ച് വിളിച്ചിരുന്നു. തുള്ളിമരുന്ന് വഴി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നെന്ന് വ്യക്തമായതോടെയാണ് ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ യൂണിറ്റ് ഐ ഡ്രോപ്പുകള്‍ പിന്‍വലിച്ചത്. രക്തത്തിലും ശ്വാസകോശത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്യൂഡോമോണസ് എരുഗിനോസ എന്ന അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നന്നേയ്ക്കുമായി കാഴ്ച നഷ്ടപ്പെടുക, മരണത്തിലേക്ക് വരെ നയിക്കുന്ന രക്തത്തിലെ അണുബാധ എന്നിവയ്ക്ക് ഐ ഡ്രോപ് കാരണമാകുന്നെന്നായിരുന്നു കണ്ടെത്തല്‍. മരുന്ന് ഉപയോഗിച്ച മൂന്നുപേര്‍ മരിച്ചെന്നും എട്ടുപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം