Tue. Nov 5th, 2024

ടെഹ്‌റാന്‍: ഇറാനില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തടയുന്നതിനായി ക്ലാസ് മുറികളില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വിഷവാതക പ്രയോഗം നടന്നതായി ഇറാനിയന്‍ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂനെസ് പാനാഹി. ക്വാം നഗരത്തിലെ സ്‌കൂളുകളില്‍ ചില വ്യക്തികളാണ് പെണ്‍കുട്ടികള്‍ക്കു നേരെ ഇത്തരത്തിലുള്ള ആക്രമണം നടത്തിയതെന്ന് അരോഗ്യമന്ത്രി പറഞ്ഞു. നിരവധി പെണ്‍കുട്ടികള്‍ക്ക് ശ്വാസകോശ വിഷബാധ സ്ഥിരീകരിച്ചെന്നും പനാഹി പറഞ്ഞു. വിഷം നല്‍കിയത് ആസൂത്രിതമാണെന്നും പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തടയാനുള്ള ചിലരുടെ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് വിഷബാധയേറ്റതിനാല്‍ ക്വാമിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതോടെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നതായി സര്‍ക്കാര്‍ വക്താവ് അലി ബഹദൂരി ജെഹ് റോമി പറഞ്ഞു. വിഷബാധയ്ക്ക് കാരണം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂഡീഷ്യല്‍ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം