Wed. Nov 6th, 2024

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നല്‍കി വെരിഫൈഡ് ബ്ലൂ ടിക്ക് സ്വന്തമാക്കാം. മാതൃകമ്പനിയായ മെറ്റയാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ഐഡി കാര്‍ഡ് കൈവശമുള്ളവര്‍ക്ക് വെരിഫിക്കേഷന് അപേക്ഷിക്കാമെന്ന് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഈ ആഴ്ച ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം കൊണ്ടുവരുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വെബ് ഉപയോക്താക്കള്‍ക്ക് പ്രതിമാസം 11.99 ഡോളറും (992.36 ഇന്ത്യന്‍ രൂപ) ഐഒഎസില്‍ 14.99 ഡോളറും(1,240.65 ഇന്ത്യന്‍ രൂപ) ആയിരിക്കും. വ്യാജ ഐഡികളില്‍ നിന്ന് ആള്‍മാറാട്ടം അടക്കമുള്ള ഭീക്ഷണികള്‍ ഇതോടെ ഇല്ലാതാക്കാമെന്നും സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു. മെറ്റ സേവനങ്ങളുടെ ആധികാരികതയും സുരക്ഷയും വര്‍ധിപ്പിക്കുന്നതാണ് പുതിയ ഫീച്ചര്‍. പ്രമുഖ ബിസിനസുകാരനായ ഇലോണ്‍ മസ്‌ക് അടുത്തിടെ ട്വിറ്ററിന്റെ സിഇഒ ആയി സ്ഥാനമേറ്റെടുത്തയോടെ സമാനമായ നീക്കം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മെറ്റയുടെ നീക്കം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം