Wed. Dec 18th, 2024
Sanjay Raut

ഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മിീഷന്റെ തീരുമാനത്തില്‍ കോടികളുടെ ഇടപാട് നടന്നതായി ആരോപണം. 2000 കോടി രൂപയുടെ കൈമാറ്റം നടന്നതായാണ് ഉദ്ധവ് വിഭാഗത്തിന്റെ വക്താവ് സഞ്ജയ് റാവത്തറുടെ ആരോപണം. ഇടപാടുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് പ്രാഥമിക വിവരം ലഭിച്ചുവെന്ന് സഞ്ജയ് റാവത്തര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

എനിക്ക് ഉറപ്പാണ് പാര്‍ട്ടിയുടെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും ലഭിക്കാന്‍ ഇതുവരെ 2000 കോടി രൂപ കൈമാറി. ഇത് പ്രാഥമിക കണക്കും 100 ശതമാനം ശരിയുമാണ്. അധികം വൈകാതെ തന്നെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും. ഇത്തരമൊരു സംഭവം രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് റാവത്ത് ട്വീറ്റ് ചെയ്തത്. ഓരോ എംഎല്‍എമാര്‍ക്കും 50 കോടി വീതവും എംപിമാര്‍ക്ക് ഒരു കോടി രൂപയുമാണ് നല്‍കിയിട്ടുള്ളത്. കൗണ്‍സിലര്‍മാരെ 50 ലക്ഷം മുതല്‍ 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നല്‍കിയാണ് ഒപ്പം നിര്‍ത്തിയതെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ശക്തമായി പ്രതികരിച്ചിരുന്നു. മോദി ആവശ്യപ്പെട്ടാല്‍ ചാണകംവരെ തിന്നാന്‍ മടിക്കാത്തവരാണ് കമ്മിഷനില്‍ അംഗങ്ങളായിരിക്കുന്നവരെന്ന് ഉദ്ധവ് പറഞ്ഞിരുന്നു. വിരമിച്ചുകഴിഞ്ഞാല്‍ ഇവര്‍ക്ക് ചിലപ്പോള്‍ നല്ല പദവികള്‍ ലഭിക്കുമായിരിക്കും. എന്നാല്‍ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ മഹാരാഷ്ട്രക്കാര്‍ക്ക് കഴിയുമെന്നും ഉദ്ധവ് പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം