Sat. Jan 18th, 2025

സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച ശേഷം കാണാതായ കര്‍ഷകന്‍ കുടുംബവുമായി ബന്ധപ്പെട്ടു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനാണ്  വ്യാഴാഴ്ച രാവിലെ 10ന് വാട്‌സാപ്പിലൂടെ ഭാര്യയ്ക്ക് സന്ദേശം അയച്ചത്. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. ഇതിനു പിന്നാലെ, ബിജുവിനെ ഫോണില്‍ കിട്ടാതായെന്ന് സഹോദരന്‍ ബെന്നി പറഞ്ഞു. എന്തിനാണ് നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നതിന്റെ കാരണം വ്യക്തമല്ല.

 

ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ ബിജു കുര്യന്‍ ബോധപൂര്‍വം മുങ്ങിയതെന്നു കൃഷിമന്ത്രി പി.പ്രസാദ്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ബിജുവിന്റെ കുടുംബാംഗങ്ങള്‍ എന്നെ വിളിച്ച് ക്ഷമ ചോദിച്ചു. സഹോദരനുമായി ഫോണിൽ സംസാരിച്ചു. സംഘം തിരിച്ചെത്തിയശേഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കും. നല്ല ഉദ്ദേശ്യത്തോടെയാണ് കർഷക സംഘത്തെ ഇസ്ര‌യേലിലേക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്കു ശേഷമാണ് കർഷകരെ തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.

 

‘‘ഞായറാഴ്ച രാവിലെയെങ്കിലും ബിജു സംഘത്തോടൊപ്പം ചേരുമെന്നു പ്രതീക്ഷിച്ചിരുന്നു. 2 പെൺകുട്ടികളുടെ അച്ഛനാണു ബിജു. വളരെ ആസൂത്രിതമായാണു മുങ്ങിയത്. എന്തെങ്കിലും അപകടം ഉണ്ടായതായി അറിവില്ല. ഇസ്രയേലിലും എംബസിയിലും പരാതി നൽകി’’– മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഇതിനിടെ, കര്‍ഷക സംഘത്തിനൊപ്പം ഇസ്രയേലില്‍ പോയി കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ടു. സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.