Sat. May 11th, 2024

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തി ടീം ഇന്ത്യ. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യത്തില്‍ 26.4 നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയെത്തി. ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (20 പന്തില്‍ 31), ചേതേശ്വര്‍ പൂജാര (74 പന്തില്‍ 31) എന്നിവര്‍ തിളങ്ങി. ജയത്തോടെ പരമ്പരയില്‍ 2-0ന് ഇന്ത്യ മുന്നിലെത്തി.

 

രണ്ടാം ഇന്നിങ്‌സില്‍ വിരാട് കോലി 31 പന്തില്‍ 20 റണ്‍സും ശ്രേയസ് അയ്യര്‍ 10 പന്തില്‍ 12 റണ്‍സുമാണ് എടുത്തത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത് 22 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ്ങിലൂടെ വിരാട് കോലി രാജ്യാന്തര കരിയറില്‍ 25,000 റണ്‍സ് പിന്നിട്ടു പുതിയ റെക്കോര്‍ഡിട്ടു. അതിവേഗം 25,000 രാജ്യാന്തര റണ്‍സ് സ്വന്തമാക്കുന്ന താരമാണ് കോലി. 549 മത്സരങ്ങളില്‍നിന്നാണ് കോലി നേട്ടത്തിലെത്തിയത്. 577 മത്സരങ്ങളില്‍നിന്ന് 25,000 റണ്‍സെന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണു കോലി തകര്‍ത്തത്.

പത്ത് വിക്കറ്റു വീഴ്ത്തിയ രവീന്ദ്ര ജഡേയാണു കളിയിലെ താരം. രവീന്ദ്ര ജഡേജയുടെ ഏഴു വിക്കറ്റ് പ്രകടനത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 113 ന് പുറത്തായിരുന്നു. 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ സന്ദര്‍ശകര്‍ 113 റണ്‍സിന് ഇന്ത്യയ്ക്കു മുന്നില്‍ തകര്‍ന്നു. രണ്ടാം ഇന്നിങ്‌സില്‍ ജഡേജ ഏഴും അശ്വിന്‍ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. ഇതു രണ്ടാം തവണയാണ് ജഡേജ അശ്വിന്‍ സഖ്യം ടെസ്റ്റില്‍ എതിരാളികളുടെ പത്തു വിക്കറ്റും വീഴ്ത്തുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.