Mon. Dec 23rd, 2024

കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകരന്റെ കോലം കത്തിച്ച് സിഐടിയു പ്രവര്‍ത്തകര്‍. കെഎസ്ആര്‍ടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണം. ഗതാഗത മന്ത്രിയും എംഡിയും നിലപാട് തിരുത്തണമെന്നും സിഐടിയു പറഞ്ഞു. ഗഡുക്കളായി ശമ്പളം നല്‍കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എല്ലാ ഡിപ്പോകളിലും സിഐടിയു പ്രതിഷേധിച്ചു.

ശമ്പള വിതരണം ഗഡുക്കളായെന്ന് കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തുവന്നിരുന്നു. അത്യാവശ്യക്കാര്‍ക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കാം. ബാക്കി ശമ്പളം സര്‍ക്കാര്‍ ധനസഹായത്തിന് ശേഷം നല്‍കും. ശമ്പള വിതരണത്തിനുള്ള മൊത്തം തുകയില്‍ പകുതി കെഎസ്ആര്‍ടിസി സമാഹരിക്കുന്നുണ്ട്. ഇത് വച്ചാണ് ആദ്യ ഗഡു കൊടുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും എംഡിയുടെ ഉത്തരവില്‍ പറയുന്നു. ഗഡുക്കളായി ശമ്പളം വാങ്ങാന്‍ താല്‍പര്യമില്ലാത്തവര്‍ ഈ മാസം 25ന് മുമ്പ് സമ്മത പത്രം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം കെഎസ്ആര്‍ടിസിയില്‍ വരുമാനത്തിന് അനുസരിച്ച് ശമ്പളമെന്ന എംഡിയുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ വിളിച്ച തൊഴിലാളി യൂണിയനുകളുടെ യോഗം പരാജയപ്പെട്ടിരുന്നു. ടാര്‍ഗറ്റ് ഏര്‍പ്പെടുത്താനുള്ള ബിജു പ്രഭാകറിന്റെ നിര്‍ദ്ദേശം സിഐടിയു ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകള്‍ തള്ളി. മറ്റ് സര്‍വീസ് മേഖലകളെ പോലെ കെഎസ്ആര്‍ടിസിയേയും പരിഗണിക്കണമെന്നാണ് ആവശ്യം. ടാര്‍ഗറ്റ് നിലപാടില്‍ ഉറച്ചുനിന്ന എംഡി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് മറുപടി നല്‍കി. എന്നാല്‍ ആലോചിക്കാന്‍ ഒന്നുമില്ലെന്നായിരുന്നു തൊഴിലാളി യൂണിയനുകളുടെ നിലപാട്.

സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പളം നല്‍കാനാകില്ലെന്നും ഗാര്‍ഗറ്റ് ഏര്‍പ്പെടുത്താതെ മറ്റ് വഴിയില്ലെന്നുമായിരുന്നു മാനേജ്‌മെന്റ് നിലപാട്. സിംഗിള്‍ ഡ്യൂട്ടി ലാഭകരമായ റൂട്ടുകളിലേക്ക് പരിമിതപ്പെടുത്തണമെന്നും സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയ ഡിപ്പോകളിലെ വരവ് ചെലവ് കണക്കുകള്‍ പരസ്യപ്പെടുത്തണമെന്നും സിഐടിയു ആവശ്യപ്പെട്ടു. ശമ്പളം കൃത്യമായി നല്‍കുക, ടാര്‍ഗറ്റ് നിര്‍ദ്ദേശം പിന്‍വലിക്കുക തുടങ്ങിയ വിഷയങ്ങളില്‍ തിരുവനന്തപുരം കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ ഈ മാസം 28ന്‌സിഐടിയു സമരം പ്രഖ്യാപിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.