അസമിലെ ജോര്‍ഹട്ടിലുണ്ടായ തീ പിടിത്തത്തില്‍ നൂറ്റിയന്‍പതോളം കടകള്‍ കത്തി നശിച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതാണ് റിപ്പോര്‍ട്ട്. രാത്രി കടകളടച്ച് കച്ചവടക്കാര്‍ വീടുകളിലേക്ക് മടങ്ങിയതിനാല്‍ ആളപായം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
25 ഫയര്‍ എഞ്ചിനുകളെത്തിയാണ് ചൗക്ക് ബസാറിലെ തീ അണച്ചതെന്നും സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണത്തിലാണെന്നും പൊലീസ് അറിയിച്ചു. മാര്‍ക്കറ്റിലെ മെയിന്‍ ഗേറ്റിലുള്ള തുണിക്കടയില്‍ പിടിച്ച തീ മറ്റുകടകളിലേക്ക് വ്യാപിക്കുകയായിരുന്നു. തുണിക്കടകളും പച്ചക്കറിക്കടകളിലുമാണ് സാരമായ നാശനഷ്ടമുണ്ടായത്. മാര്‍ക്കറ്റിലേക്കുള്ള റോഡുകള്‍ക്ക് വീതി കുറവായതിനാല്‍ ഫയര്‍ എഞ്ചിനുകള്‍ക്ക് ഉള്ളിലേക്ക് കടക്കുന്നതില്‍ തടസമുണ്ടായി. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജോര്‍ഹട്ടില്‍ തീ പിടിത്തമുണ്ടാകുന്നത്.